Sunday, 1 July 2007

അദ്ധ്യായം 121-133

മൂന്നാം ഭാഗം: ആനന്ദപ്രകരണം

121. സ്മരണ 

ഓർക്കുമ്പോള്ളവില്ലാത്ത ഹർഷോന്മാദം ലഭിക്കയാൽ 
മദ്യലഹരിയെക്കാളുമുത്തമം പ്രേമബന്ധമാം 

കാമുകൻ പോയ്മറഞ്ഞാലും വിരഹത്തിൻറെ നോവുകൾ 
ചിന്തയാൽ ലഘുവായീടും പ്രേമമാനന്ദദായകം 

തുന്മാൻ പ്രകൃതി തോന്നിക്കും തുന്മാതെയൊഴിവായിടും 
കാമുകനെന്നെയോർക്കാനായോർത്തുമോർക്കാതെ പോകയോ?

പ്രേമനായകനെൻ നെഞ്ചിലെപ്പോഴും കുടിവാഴ്വതേ;
അതുപോലവർ നെഞ്ചിൽ ഞാനുണ്ടോയെന്നറിയില്ലിയേ!

കാമുകൻറെ മനസ്സിൽ ഞാനേറാതെ കാവൽ നിൽപ്പവർ 
എന്നുള്ളിൽ പതിവായ് വന്നു കേറാൻ ലജ്ജിക്കയില്ലയോ?

പ്രാണനാഥനുമൊന്നിച്ചു വാണനാളുകളോർത്തു ഞാൻ 
ജീവനോടെയിരിക്കുന്നു; വേറെയില്ലൊരു ഹേതുവും 

നിരന്തരം നിനച്ചുള്ളം നീറുന്നു വിരഹത്തിനാൽ 
നിനയാതെ മറന്നെന്നു വന്നീടിൽ ഗതിയെന്തഹോ?

എത്രമാത്രം സ്മരിച്ചാലും കാതലർ കോപിയായിടാ 
അവർ ചെയ്യുമുഭക്കങ്ങളത്രയും മാന്യമല്ലയോ?

ഒന്നാണിരുവരെന്നെന്നും കഥച്ചോർ സ്നേഹശൂന്യറായ് 
മനം മാറിയതോർക്കുമ്പോൾ ജീവിതം തേഞ്ഞുപോകയായ് 

ഇണചേർന്നൊടുവിൽ വിട്ടു പിരിഞ്ഞനാഥനെകണ്ണാൽ 
കണ്ടുതൃപ്തിയടഞ്ഞീടാൻ തിങ്കളേ! മങ്ങിടായ് നീ  

122.  സ്വപ്നം 

താപശാന്തി വരുത്താനായ് കാമുകൻ തൻറെ ദൂതുമായ് 
വന്നണഞ്ഞൊരു സ്വപ്നത്തെയെങ്ങനെ സൽക്കരിച്ചു ഞാൻ?

യാചിച്ചു കണ്ണുചിമ്മാനായ് സാധിച്ചാൽ സ്വപ്നവേളയിൽ നാഥനോടുരിയാടും ഞാനെൻറെ ജീവിതയാതന 

നേരിട്ടു വന്നുരുൾ ചെയ്യാതിരിക്കും പ്രാണനാഥനെ 
കനവിൽ കാൺകയാൽ താനേ ജീവനോടെയിരിപ്പൂ ഞാൻ 

നേരിൽ കാണാതിരിപ്പോരേ സ്വപ്നം കണ്ടുപിടിച്ചുടൻ 
ഹാജരാക്കുവതാൽ പ്രേമസാഫല്യമടയുന്നു ഞാൻ 

ഹർഷപൂരിതമാർന്നു ഞാനാന്യോന്യം കണ്ടനാൾകളിൽ 
സ്വപ്നദർശനമായാലും തുല്യമോദകമായിടും 

ജാഗ്രതെന്നറിയപ്പെട്ട സ്ഥിതിയില്ലാതിരിക്കുകിൽ 
കനവിൽ നേരിടും നാഥൻ വിട്ടുപോകാതിരിക്കുമേ 

നേരിൽ വന്നിമ്പമേകാത്ത ദുഷ്ടമാനസരായവർ 
സ്വപ്നത്തിൽ വന്നുദ്രോഹിക്കാനുള്ള കാരണമെന്തഹോ?

നിദ്രകൊള്ളുന്ന നേരത്തെൻ തോളിലെത്തി രസിപ്പവർ 
കൺതുറന്നാലുടൻ നെഞ്ചിലോടിക്കേറുന്നു നിത്യവും 

സ്വപ്നത്തിൽ കാമുകൻ വന്നു ശീലമില്ലാത്ത നാരിമാർ 
എൻനാഥൻ പ്രേമമില്ലാത്തോനെന്ന് നൊന്ത് പറഞ്ഞിടും 

കാമുകൻ വിട്ടുപോയെന്നായ് ചൊല്ലുന്നൂരിൽ ജനങ്ങളും;
കനവിൽ വന്നുപോകുന്നതാരാലുമറിയപ്പെടാ    

123. സമയം 

കാമികൾ സംഗമിക്കുന്ന മധുസായാഹ്നമല്ല നീ 
വിരഹത്താൽ തപിപ്പോരെ ഹനിക്കുന്ന മുഹൂർത്തമാം 

മയങ്ങും സായാഹ്നമേ നീ തപിക്കും പോലെ കാഴ്ചയിൽ 
ഞങ്ങളെപ്പോലെ നിൻറെയും കാമുകൻ ക്രൂരനാകുമോ?

പനി വീഴും സായം കാലം ദുഃഖമേൽപിച്ചിടുന്നുമേ 
ദുഃഖഭാരം ദിനംതോറുമേറിയേറി വരുന്നതാം 

കാമുകൻ ചാരെയില്ലാതെയേകയായിത്തപിക്കവേ 
സായംകാലമടുക്കുന്നു കൊലയാളി വരുന്നപോൽ 

പ്രഭാതത്തിന്ന് ഞാൻ ചെയ് നന്മയെന്തെന്ന് ചൊല്ലുക 
സന്ധ്യാവേളക്കപകാരമായതെന്തെന്നുരക്കുക 

ദുഃഖമെന്നിലുയർത്തീടും സായം കാലമിതേ വിധം 
കാമുകൻ വേർപെടും മുന്നേ ഞാന നിരൂപിച്ചതില്ലിയേ 

പ്രേമനോവാം പ്രസൂനം പ്രഭാതത്തിൽ മൊട്ടിനുള്ളിലാം 
മദ്ധ്യാഹ്നത്തിൽ വികസിച്ചു സായാഹ്നേ പൂർണ്ണപുഷ്പമാം 

സന്ധ്യാവിളംബരം ചെയ്യുമജപാലൻറെ പൂങ്കുഴൽ 
പതിക്കുമഗ്നിനാളംപോൽ വധിക്കും പടപോലെയും 

മാനസത്തെ മദിപ്പിക്കും സന്ധ്യ വ്യാപകമാകവേ 
ദുഃഖത്താൽ ഞാൻ മയങ്ങും പോലൂരാരെല്ലാം മയങ്ങിടും 

മരിക്കാതോർത്തുഴലുന്നൂ  പൊരുൾ തേട്ടന്നനാഥനെ 
സായംകാലമടുക്കുമ്പോളരികിൽ കാണലാം മൃതി 

124. അവയവങ്ങൾ 

ദൂരസ്ഥൻ നാഥനെ ചിന്തിച്ചെപ്പോഴും കരയുന്നതാൽ 
ഒളിമങ്ങിയ കൺരണ്ടും മലർ മുന്നിൽ ലജ്ജിക്കയാം 

അശ്രുവാർത്തു നിറം മാറിയൊളിയില്ലാത്ത കണ്ണുകൾ 
കാമുകൻ നന്മ ചെയ്തില്ലെന്നന്യരെയറിവിക്കയാം 

കാമുകൻ ചേർന്നിരിക്കുമ്പോൾ തുടിച്ചിരുന്ന തോളുകൾ 
വിരഹം വ്യക്തമാക്കിക്കൊണ്ടേറെയങ്ങുമെലിഞ്ഞുപോയ് 

നാഥൻ തന്നുടെ വേർപാടാലഴ കിഴന്ത തോളുകൾ 
മാംസളത്വമൊഴിഞ്ഞപ്പോൾ വക്രഭാവമിയന്നതായ് 

ഓടും വളകളും തോളും സൗന്ദര്യം പ്രഭയറ്റതും 
നാഥൻറെ ക്രൂരഭാവങ്ങൾ വ്യക്തമാക്കുന്നു ലോകരിൽ 

മെലിഞ്ഞ തോൾകളും കയ്മലോടും വളകളും കണ്ടു 
ജനം നാഥനെ നിന്ദിക്കെ വേദനിക്കുന്നിതെന്മനം 

സ്കന്ധദേശം മെലിഞ്ഞേറെ ഞെരുങ്ങീടുന്ന ചെയ്തികൾ 
ദുഷ്ടകാമുകനോടോ താൻ ദയകാട്ടുക നെഞ്ചമേ 

ഹസ്തങ്ങൾ തഴുകും നേരമൽപ്പമൊന്നയവാകുകിൽ 
വളയാൾ മങ്കയിൻ നെറ്റി വർണ്ണഭേദം ഭവിച്ചിടും 

പരിരംഭണമദ്ധ്യത്തിൽ കുളിർകാറ്റു കടക്കുകിൽ 
പെരുമാരിയെഴും കൺകൾ നിറം മാറിയളിഞ്ഞിടും 

ഒളിയും നെറ്റിയിൽമേവും വൈവർണ്ണം ദൃശ്യമാകയാൽ 
കാമുകീകൺകളിൻ വർണ്ണഭേദം ദുഃഖമിയന്നിടും

125. ഹൃദയം 

വിരഹദുഃഖത്താലെന്നിലേർപ്പെട്ടിട്ടുള്ള കേടുകൾ 
മാറാനൗഷധമെന്താണെന്നെന്നോടോതുക നെഞ്ചമേ 

നമ്മളിൽ പ്രേമമില്ലാത്ത നാഥനേയോർത്തു നിത്യവും 
നെഞ്ചേ! ദുഃഖിച്ചിരിക്കുന്നതറിവില്ലായ്മയല്ലയോ?

നെഞ്ചേനീയവരെച്ചിന്തിച്ചാവൽ കൊള്ളുന്നതെന്തിനായ്?
നമുക്ക് ദുഃഖം നൽകുന്നോർക്കതു പോൽ ചിന്തയില്ലയേ!

നെഞ്ചേയവരിടം പോകിൽ കൺകളെക്കൊണ്ടു പോകനീ 
അവയെന്നെ ഭുജിക്കുന്നു കാണ്മാനാശ പെരുക്കയാൽ 

മനമേ! നാം പ്രിയപ്പെട്ടോർ നമ്മെച്ചിന്തിച്ചിടായ്കിലും 
അവർ വെറുത്തെന്നൂഹിച്ചു കൈവിടാൻ കഴിവില്ലയേ 

മുഷിപ്പുതീർന്നു ചേരാനായ് നാഥൻ നമ്മോടടുക്കവേ 
എന്തെ, നെഞ്ചമിണങ്ങീലാ? കള്ളക്കോപമൊഴിക്ക നീ 

മനമേ! പ്രേമമോ, നാണഭാവമോ കൈവെടിഞ്ഞുകൊൾ 
രണ്ടുശീലമൊരേ കാലം താങ്ങാനായ് ശക്തിയില്ലെനിൽ 

വിരഹദുഃഖത്തിൽ വന്നു സ്നേഹം കാണിച്ചിടാത്തവർ 
താഴ്മയോടവർ പിമ്പേ പോയ്കെഞ്ചും നെഞ്ചേ വിമുഗ്ദ്ധനീ 

നിന്നുള്ളിൽ കാമുകൻ, നെഞ്ചേ! നിരന്തരമിരിക്കവേ 
അവരെക്കാണ്മതിന്നായിട്ടെങ്ങിപ്പോളലയുന്നു നീ?

കാമുകൻ കയ്യൊഴിച്ചിട്ടും നെഞ്ചിൽ വെച്ചു ഭജിക്കയാൽ 
മേനിയാകെ മെലിഞ്ഞീടുമഴകും നഷ്ടമായിടും 

126. സ്ത്രീത്വം 

സ്ത്രീത്വമാം കതകിൻ മേലേ നാണമാം തഴുതിട്ടാലും 
പ്രേമമാകുന്ന കോടാലിയൂന്നിവെട്ടിത്തുറന്നിടും 

പ്രണയം ദയയില്ലാത്ത ഭാവമാകുന്നു നിർണ്ണയം 
പാതിരാവിലുമെൻ നെഞ്ചം പീഡനത്താൽ തപിക്കയാം 

പ്രേമത്തെ ഗോപ്യമായ് വെക്കാൻ പെടാപ്പാടുപെടുന്നു ഞാൻ 
ചൊൽപ്പടിക്ക് വഴങ്ങാതെ വെളിവാകുന്നു തുമ്മൽ പോൽ 

സ്ത്രീതന്മയുടയോൾ ഞാനെന്നഭിമാനിച്ചിരുന്നതാം 
ഒളിയും പ്രേമഭാവങ്ങൾ തെളിവായ് വന്നു നിൽക്കയാം 

തന്നെ വെറുത്തകന്നോരെ പിമ്പേചെന്നാശ്രയിക്കാതെ 
മാനമായ് നിന്നിടും ഭാവം കാമികൾക്കറിയാത്തതാം 

കാമുകൻ വിട്ടകന്നിട്ടും പിൻചെല്ലാനാഗ്രഹിപ്പതാൽ 
എന്നേ ബാധിച്ച പ്രേമനോവുഗ്രനാണെന്ന് തീർച്ചയാം 

ആശിച്ച കാമുകൻ നമ്മോടൊട്ടി പ്രേമിച്ചുപുൽകവേ 
നാണമെന്ന വികാരം നാമറിയാതെയൊഴിഞ്ഞുപോം 

സ്ത്രീത്വമെന്ന പെരുംകോട്ട തകർക്കാനുള്ളൊരായുധം 
കള്ളക്കാമുകനോതുന്ന പ്രേമഭാഷണമൊന്നു താൻ 

പിണങ്ങിനിൽക്കണമെന്നായ് നിശ്ചയിച്ചെങ്കിലും മനം 
എന്നെ വിട്ടവരോടൊട്ടി നിൽപ്പു കണ്ടു ഭ്രമിച്ചു ഞാൻ 

പെണ്മനസ്സുരുകിപ്പോകുമഗ്നിയേറ്റ കൊഴുപ്പുപോൽ 
പ്രേമിയെക്കാണുകിൽ തെറ്റി മാറാനാകാതെ ചേർന്നിടും 

127. രോദനം 

അവർവരും മാർഗ്ഗം നോക്കി കാഴ്ചശക്തി കുറഞ്ഞുപോയ് 
പോയനാൾ കുറിതൊട്ടെണ്ണി വിരൽത്തുമ്പുകൾ തേഞ്ഞുപോയ് 

വിരഹതാപമേറ്റിന്നും നാഥനേ വിസ്മരിക്കുകിൽ 
അഴകിൽ തോളണിഞ്ഞീടുമലങ്കാരമഴിഞ്ഞുപോം 

വിദേശ ഗമനം ചെയ്തു സധൈര്യം വിജിഗീഷുവായ് 
പുനരാഗമനം കാംക്ഷിച്ചിരിക്കുന്നുയിരോടെ ഞാൻ 

അനുരാഗത്തിലന്യോന്യമടുത്തുവേർപെട്ടെങ്കിലും 
സമാഗമം പ്രതീക്ഷിച്ചു ശാന്തമാകുന്നിതെൻ മനം 

കാമുകനെക്കണ്ണാലെ ഞാൻ നേരിട്ടു കാണ്മതാകുകിൽ 
മെലിഞ്ഞ തോളിലേർപ്പെട്ട വർണ്ണഭേദം മറഞ്ഞുപോം 

കാമുകനൊരുനാളെന്നിലണഞ്ഞിടു, മന്നെൻ മനം 
തുമ്പമെല്ലാമൊഴിഞ്ഞിമ്പം നുകരും മതിവരും വരെ 

കണ്മണീ സദൃശൻ നാഥൻ വരവേ ഞാൻ പിണങ്ങണോ 
കേഴണോ സങ്കടം ചൊല്ലി സ്നേഹമായ് തഴുകീടണോ 

അരച്ചൻ വിജയം നേടിപ്പിന്നേ പത്നിസമേതനായ് 
സായം കാലങ്ങളിൽ നന്നായ് വിരുന്നൂട്ടി രമിക്കലാം 

ദൂരസ്ഥൻ പ്രാണനാഥൻറെ വരവും കാത്തിരിക്കവേ 
കാമുകിക്കൊരുനാളേഴായ് തോന്നും വിരഹതാപമാൽ 

വിരഹദുഃഖത്താലുള്ളം തകർന്നു പോകയാൽ, നാഥൻ 
വന്നാലുമില്ലേലും വന്നു നിന്നാലും ഫലമൊന്നു താൻ

128. വ്യംഗ്യം 

നീ കഥിക്കാതിരുന്നാലുമെന്നോടു പറയേണ്ടതായ് 
ഗോപ്യമാം വാർത്തയൊന്നുണ്ടെന്നോതുന്നു നിൻറെ ദൃഷ്ടികൾ 

മുളപോലഴകാം തോളുമൊളിയും ലോചനങ്ങളും 
ചേർന്നു പെൺതനി രൂപത്തിൽ വിളങ്ങീടുന്നു കാമുകി 

സ്ഫടികമാല തന്നുള്ളിൽ ദൃശ്യമാകുന്ന നൂലുപോൽ 
എന്നോമനയെഴും സൗഭഗത്വവും സൂചനീയമാം 

വിരിയാത്ത സുമത്തിൻറെ ഗന്ധം മൊട്ടിലടഞ്ഞപോൽ 
കാമിനീ പുഞ്ചിരിക്കുള്ളിലടങ്ങുന്നുണ്ട് സൂചന 

കാതലിയെൻ മുഖം നോക്കിച്ചെയ്തതാം കള്ളസൂചന 
എൻമനോയാതനക്കുള്ള ഭൈഷജം തന്നെയായിടും 

പ്രണയപാരമ്യം കാണിച്ചിമ്പമായ് നാൾ കഴിക്കുകിൽ 
വിസ്മരിച്ചു പിരിഞ്ഞീടും ഭാവി സൂചനയായിടാം 

കൺകുളിർ കാമുകൻ വിട്ടു പിരിയുന്നതിന് മുന്നുമായ് 
കങ്കണങ്ങളറിഞ്ഞാവാമയഞ്ഞോടുന്നു കൈകളിൽ 

ഇന്നലേ മാത്രമാണല്ലോ നാഥനെന്നെപ്പിരിഞ്ഞത് 
വിളർത്ത ദേഹം കാണുമ്പോൾ നാളേഴായെന്ന് തോന്നുമേ 

കങ്കണക്കൂട്ടവും നേർത്തു മെലിഞ്ഞ രണ്ടുതോൾകളും 
ശോഷിച്ച കാൽകളും നോക്കിക്കേഴുന്നു നിലനിൽക്കുവാൻ 

കൺകളാൽ സ്നേഹപാരമ്യം കാണിച്ചു പിരിയാതിരി 
എന്ന് കേഴുന്ന പെൺശീലം ശ്രേഷ്ഠമാം ഭാവമായിടും 

129. ആലിംഗനം 

ചിന്തിച്ചാൽ ദുസ്സഹം ദുഃഖം ദർശിച്ചാൽ മോദകം പരം;
മദ്യത്തിന്നീ ഗുണം രണ്ടുമില്ലാ പ്രേമത്തിനുള്ളതാം 

പ്രണയം കാമുകൻ നേരേ പനപോൽ ശക്തമാകിലും 
തിനപോൽ തുച്ഛമായ് പോലും കോപം തോന്നാതിരിക്കണം 

തന്നിൽ പ്രേമം സ്മരിക്കാതെ തന്നിഷ്ടം പോൽ നടക്കിലും 
നാഥനെ നേരിൽ കാണ്മോളമടങ്ങുന്നില്ല കണ്ണുകൾ 

അവരോടു പിണങ്ങാനായ് തയ്യാറായ് നിന്നു ഞാൻ, സഖീ!
എന്നാലതു മറന്നുള്ളം, പുണരാൻ വെമ്പൽ കൊൾകയായ് 

കണ്ണിൽ മയ്യെഴുതും നേരം മൈക്കോൽ കാണ്മീല കണ്ണുകൾ 
നാഥനെക്കാൺകവേ പൂർവ്വ കുറ്റമെല്ലാം മറന്നു ഞാൻ 

നാഥനെക്കണ്ടിരിക്കുമ്പോൾ തെറ്റൊന്നും കാണ്മതില്ല ഞാൻ;
മറഞ്ഞാൽ കുറ്റമല്ലാതെ മറ്റൊന്നും കാഴ്ചയിൽ വരാ 

ഒലിക്കുമെന്നറിഞ്ഞുംകൊണ്ടോഴുകും നീരിലാഴുകിൽ 
ഭോഷത്വം; കാമുകൻ നേരേ പിണക്കം ഫലശൂന്യമാം 

മാന്യതക്കിഴിവായാലും മദ്യപിച്ചു രസിച്ചവൻ 
ആർത്തികാട്ടുന്ന മദ്യം പോൽ ആശയേറ്റുന്നു മാറിടം 

പ്രേമം നൽകിടുമാനന്ദം മലരേക്കാൾ മിനുത്തതാം 
പ്രേമസൗഭാഗ്യമുൾക്കൊള്ളാൻ കഴിവോർ ചിലർ മാത്രമാം 

പിണക്കം നാട്യമായ്ക്കാട്ടിപ്പുണരാനാർത്തിയേറെയായ്,
കാമുകൻ വന്നണഞ്ഞപ്പോളവനിൽച്ചെന്നു വീണവൾ 

130. മനസ്സിനോട് 

തന്നുള്ളമവരോടൊട്ടി നിൽപ്പൂനമ്മേ മറപ്പതിൽ 
അപ്പോലെന്നെത്തുണക്കാത്തതെന്തുകൊണ്ടെൻറെ നെഞ്ചമേ?

നമ്മോടാഗ്രഹമില്ലാത്ത നാഥനെകണ്ടവേളയിൽ 
വെറുക്കില്ലെന്നു സങ്കൽപ്പിച്ചങ്ങോ ട്ടോ ടുകയോ മനം?

മനമേ നിൻപ്രിയം പോലെയവർപിന്നാലെ പോകയോ?
ക്ലേശഭൂയിഷ്ഠരായോർക്ക് തണിയില്ലെന്ന് തോന്നിയോ?

പിണങ്ങാൻ ഹേതുവാക്കി തൽഫലമേൽക്കാൻ മടിക്കയോ?
ഇനിമേലത്തരം കാര്യം നിന്നിൽ ബന്ധപ്പെടുത്തുമോ?

കാമുകൻ ലഭിയാക്കലാം ദുഃഖമാം; ലഭ്യമാകവേ 
വേർപെടും ദുഃഖമാം നെഞ്ചിന്നെന്നും ദുഃഖം വിധിച്ചതാം 

പ്രേമനാഥൻറെ വേർപാടിലേകയായ് വിഷമിക്കവേ 
എന്നെ ദുഃഖത്തിലാഴ്ത്തികൊണ്ടശിക്കാൻ നോക്കുമെൻ മനം 

നാഥനേവിസ്മരിക്കാത്ത ഹീനനെഞ്ചോടു ചേർന്നു ഞാൻ 
വിസ്മരിക്കാവതല്ലാത്ത ലജ്ജാശീലം മറന്നുപോയ് 

അകന്നനാഥനെത്താഴ്ത്തിചൊല്ലുന്നതപമാനമാം 
എന്നുനണ്ണിപ്പുകഴ്ത്തുന്നു ജീവിതത്വരയാൽ മനം 

ദോഷകാലം വരും നേരമർഹതപ്പെട്ട മാനസം 
തണിയായ് നിന്നിടാവിട്ടാൽ തുണനൽകുന്നതാരഹോ!

തനിക്ക് തൻ മനംതന്നേ ബന്ധുവാകാതിരിക്കുകിൽ 
അയലാർ നിശ്ചയം ബന്ധം കാണിക്കാനിടയാകുമോ

131. പിണക്കം 

പ്രേമനാഥൻറെ ദുഃഖം കണ്ടറിയാനുള്ള തന്ത്രമായ് 
നേരിൽ വന്നണയും നേരം തഴുകാതെ പിണങ്ങുക 

അന്നത്തിൽ ലവണം പോലെ ജീവിതത്തിൽ പിണക്കവും;
അളവും വിട്ടുയർന്നെന്നാൽ രണ്ടും ദോഷകരം ഫലം 

പിണക്കത്താലകന്നോരോടടുക്കാതെയിരിക്കുകിൽ 
ദുഃഖത്തിളാഴ്ന്നിരിപ്പോരെയേറെ ദുഃഖത്തിലാഴ്ത്തലാം 

പിണക്കം കൂടിദ്വെഷ്യത്തോടിണങ്ങാതെ കഴിഞ്ഞിടൽ 
നീരറ്റുവാടി നിൽക്കുന്ന ലതയിൻ വേരറുക്കലാം 

സൽസ്വഭാവികളായുള്ള പുരുഷർക്കഴകുണ്ടെങ്കിൽ 
മലർമിഴിക്ക് തോന്നുന്ന പിണക്കം പോൽ രുചിപ്രദം 

ഇടക്കൊക്കെപ്പിണക്കങ്ങളില്ലെങ്കിൽ പ്രേമജീവിതം 
പുഴുത്തളിഞ്ഞതും മൂപ്പെത്താത്ത കായകൾ പോലെയാം 

അന്ത്യമീകൂട്ടുവാഴ്ചക്കേർപ്പെടുമോയെന്നൊരുൾ ഭയം 
നിശ്ചയം പ്രേമികൾക്കുണ്ടാവും പിണങ്ങീടുന്നവേളയിൽ 

പിണക്കം തോന്നിയന്യോന്യം ഖേദിച്ചുനൊന്തിരിക്കവേ 
താപമെന്നാലുളവായെന്നോർത്താലില്ല പ്രയോജനം 

നിഴലേറ്റു കിടക്കുന്ന നിരേറ്റം ഹൃദ്യമായിടും 
പിണക്കം സ്നേഹപാത്രത്തോടാകുകിൽ രമണീയമാം 

പിണക്കം തീർത്തിണങ്ങാതെ വാട്ടും നാഥനോടൊപ്പമായ് 
വാഴാൻ വെമ്പുന്ന ചിത്തത്തിനാശതാൻ ഹേതുവായിടും  

132. അഭിനയപ്പിണക്കം 

പെണ്മയുള്ളവരിൻ കൺകൾ വിസ്തൃതമങ്ങയിൻ മാറിൽ 
വീഴുന്നു; പൊതുസ്വത്തല്ലോ!കൂട്ടത്തിൽ ഞാനുമുൾപ്പെടാം 

പിണങ്ങിയിരിക്കവേ നമ്മളേറെ നാൾ ചേർന്നുവാഴണം 
എന്നു ചൊല്ലാൻ നിരൂപിച്ചണ്ടിരിക്കേയൊന്നു തുമ്മി ഞാൻ 

പുഷ്പമാലയണിഞ്ഞെന്നാലേതോ കാമിനി കാണുവാൻ 
മാത്രം ചൂടിയതാണെന്നു ചൊല്ലുവാളെൻറെ കാമുകി 

ആരേക്കാളിലുമേറേനാം സ്നേഹിക്കുന്നെന്നു ചൊല്ലുകിൽ ആരേക്കാളാരേക്കാളെന്ന് ചോദിച്ചു പിണങ്ങീടുവാൾ 

ജന്മം പിരിയില്ലാനാമെന്ന് ചൊന്നാൽ മറുജന്മം 
ചേരില്ലെന്നോർത്തവൾ കണ്ണീർ പൊഴിക്കും ശോചനീയമായ് 

ഓർത്തു ഞാൻ നിന്നെയെന്നായാലോർക്കുവാനായ് മറന്നുവോ?
എന്തിനെന്നെ മറന്നെന്നായ് പുണരാതെ പിണങ്ങിടും 

തുമ്മി ഞാൻ; വാഴ്ത്തിനാളെന്നെ; തൽക്ഷണം ഭാവഭേദമായ് 
ആരെയാണോർത്തതെന്നാരാഞ്ഞുടൻ തേങ്ങിക്കരച്ചിലായ് 

പിണക്കമൊഴിവാക്കാനായ് തുമ്മാതെ ഞാനടങ്ങിയാൽ 
ഉള്ളിലുള്ളതൊളിപ്പിക്കുന്നെന്നു ചൊല്ലിക്കരഞ്ഞിടും 

പിണക്കിലനുരഞ്ജിപ്പിന്നടുത്താലിതുപോലല്ലോ 
മറ്റു പെൺകളിലും താങ്കളെന്നു ചൊല്ലിക്കയർത്തിടും 

സൗന്ദര്യമാസ്വദിച്ചൽപ്പനേരം വീക്ഷിച്ചിരിക്കുകിൽ 
ആരെപ്പോലെയിരിപ്പൂഞാനെന്ന് കോപാന്ധയായിടും 

133. പുനരൈക്യം 

കുറ്റമില്ലെങ്കിലും നാഥൻ തമ്മിലൊന്നു പിണങ്ങണം 
ഇടക്കതാവശ്യം തന്നേ സ്നേഹമായ് പെരുമാറുവാൻ 

പിണക്കത്താലവർ ചെയ്യും നന്മ ചെറുതായ് തോന്നിടും 
പിണക്കം നൽകിടും ദുഃഖമെന്നാലും സുഖമുള്ളതാം 

മണ്ണിൽ നീരെന്നപോലൊന്നായ് വാഴും നാഥൻറെ നേരെഞാൻ 
മുഷിഞ്ഞാൽ ലഭ്യമാമിമ്പം നാകലോകത്തുമില്ലയേ 

എന്നും കാമുകനെക്കൂടെ നിറുത്താൻ പിണങ്ങുമ്പോഴേ 
എന്നുള്ളിൽ വീരയോദ്ധാക്കൾ പടയോട്ടം നടത്തുമേ 

ഹേതുവൊന്നുമേയില്ലാതെ പിണങ്ങിമാറിനിൽക്കിലും 
മെലിഞ്ഞസൗന്ദര്യം നോക്കീട്ടിമ്പമൂറുന്നു കാമുകൻ 

അന്നമുണ്ണുന്നതേക്കാൾ മുന്നുണ്ടതോർക്കൽ പ്രിയംകരം 
പ്രേമികൾ പിണങ്ങുമ്പോഴുമോർമ്മ സന്തോഷദായകം 

പ്രേമപിണക്കമുണ്ടായാൽ തോറ്റവർ താൻ ജയിച്ചവർ 
ഇണങ്ങിച്ചേർന്നു കൂടുമ്പോളറിയാം സ്നേഹവാർച്ചയാൽ 

പിണക്കിൽ നെറ്റിവാർക്കുന്ന വിയർപ്പിൻ വാസമേൽക്കുവാൻ 
പിണങ്ങിപ്പിന്നെ ചേരാനായിനിയും സാദ്ധ്യമാകുമോ?

കണ്മണീ നീ പിണങ്ങിക്കൊള്ളിണങ്ങാൻ നിൻറെ മുമ്പിൽ ഞാൻ 
കെഞ്ചിനിന്നുജയിക്കാനായ് രാക്കാലം നീണ്ടുപോകണം 

കാമുകർകിമ്പമേകുന്നു പിണക്ക; മതു തീർന്ന പിൻ 
ഇണങ്ങിക്കൂടി വാഴുമ്പോൾ പിണക്കം മോദജന്യമാം 


No comments:

Post a Comment