Sunday, 1 July 2007

അദ്ധ്യായം 109-120

മൂന്നാം ഭാഗം: ആനന്ദപ്രകരണം

109. മാദനി 

കുണ്ഡലങ്ങൾ ധരിച്ചുള്ള മാനുഷിയോ മാലാഖയോ 
മയിലോയെന്നറിയാതെ മയങ്ങുന്നെൻറെ മാനസം 

എതിരായ് സുന്ദരീ വീശും കൺകോൺദർശനമേൽക്കവേ 
ശക്തമാം സേന നേരിൽ വന്നാക്രമിച്ചത് പോലെയാം 

കേട്ടറിഞ്ഞുള്ള യമനെയിപ്പോൾ നേരിട്ടുകണ്ടുഞാൻ 
പെൺസ്വഭാവത്തുടൻ നീണ്ട ലോചനങ്ങളുമുള്ളതാം 

 ദുഷ്ടപുരുഷനെത്തിന്നും ദൃഷ്ടിപാതമിരിക്കയാൽ 
ഉണ്മയിൽ സ്ത്രീസ്വഭാവത്തിന്നെതിരാണെന്നു ചോല്ലലാം 

യമഭീകരനോ, കണ്ണോ, പെൺമാനോയെന്നറിഞ്ഞിടാ 
മൂന്നിനും ചേർന്നതാം യുവ സുന്ദരീതൻ വിലോകനം 

വളഞ്ഞ കൺപുരികങ്ങൾ വളയാതെയിരുന്നാകിൽ 
മയക്കും ദർശനത്താലേ നടുക്കമൊഴിവാക്കിടാം 

ചായാത്ത കുചയുഗ്മത്തെ മറ യിക്കും നേർത്ത ശീലയോ 
മദം പിടിച്ച കൊമ്പൻറെ മുഖമണിഞ്ഞ മൂടിയാം 

പോരാടീടുന്ന ശത്രുക്കൾ ഭയക്കുമെൻ പ്രതാപങ്ങൾ 
പരാജയമടഞ്ഞല്ലോയിവൾതൻ ഫാലശോഭയിൽ 

പേടമാൻപോൽ കുളിർ നൽകും ദർശനത്തോടെ ലജ്ജയും 
അഴകായുള്ളവൾക്കെന്തിന്നണിയാൻ രത്നമാലകൾ?

പാനം ചെയ്തവരെ നന്നായ് മയക്കും മദ്യ; മല്ലാതെ 
കാഴ്ചക്കാരെ മയക്കില്ല കാമാസക്തരേയെന്നപോൽ 

110. സൂചന 

ദ്വിത്വഭാവം സ്ഫുരിക്കുന്നു മൈക്കണ്ണാളുടെ വീക്ഷണം 
ഒന്നുവേദനനൽകുമ്പോൾ മറ്റേതൗഷധമായിടും 

കള്ളക്കണ്ണിട്ടുമോഷ്ടിക്കും ദർശനം കുറുതെങ്കിലും 
മെയ്ചേരും കാമബന്ധത്തിൽ പാതിയേക്കാൾ പ്രവൃദ്ധമാം 

എറികണ്ണൊന്നു കണ്ടപ്പോൾ ലജ്ജയാൽ നമ്രയായവൾ 
അവൾതൻ പ്രേമവല്ലരിക്കേകും സേചനമെന്നപോൽ 

ഞാനോളെനോക്കിടും നേരം പാർത്തലം നോക്കി നിന്നിടും 
അല്ലായ്കിലെന്നെ നോക്കിക്കൊണ്ടാനന്ദിച്ചുമയങ്ങിടും 

എന്നെ നേരിട്ടുവീക്ഷിക്കാനാവാതോരിമ പൂട്ടിയും 
മറുകണ്ണാലിമവെട്ടാതെയെന്നെനോക്കിരസിച്ചിടും 

പകയുള്ളയലാർവാക്കായ് പുറമേക്രൂരമെങ്കിലും 
അകമേ സ്നേഹവായ്പ്പുള്ള വാണിയെന്നുമറിഞ്ഞിടാം 

രൂക്ഷവീക്ഷണവും ക്രൗര്യമോലും വാചകരീതിയും 
പുറമേ പകയെന്നാലുമുള്ളാൽ സ്നേഹമിയന്നിടും 

നേരേ ഞാൻ നോക്കിടും നേരം ഭംഗിയായ്പുഞ്ചിരിച്ചിടും 
അന്നേരമഴകാകുന്നു തളിർ മേനിക്കു പുഞ്ചിരി 

അറിയാത്തയലാരെപ്പോലന്യോന്യമുള്ള ദർശനം 
പ്രേമമുള്ളിലിരിപ്പോരിൻ ശുദ്ധപ്രകൃതിയായിടും 

കണ്ണോടുകണ്ണുയോജിച്ചു രാഗമൂർച്ചവരുത്തുകിൽ 
വചനം കൈമാറുന്നതിലേതുമില്ല പ്രയോജനം 

111. ആലിംഗനം 

സ്പർശനദർശന ശ്രാവ്യ രസഗന്ധങ്ങൾ നൽകിടും 
ഇമ്പമെല്ലാം വളയേന്തുമിവളിൽ നിന്നുലഭ്യമാം 

ത്രിദോഷളൊഴിക്കാനായൗഷധമെതിർഭാവമാം 
അണിവണിഞ്ഞിവളേൽപ്പിച്ച രോഗത്തിന്നവളൗഷധം 

ഞാൻ ഭ്രമിക്കുന്ന സൗന്ദര്യ ധാമത്തിൻ നേർത്ത തോളുകൾ 
ധരിക്കും തുകിൽ മാധുര്യം ദേവലോകത്തിൽ കാണുമോ?

അകന്നാൽ ചുട്ടുനീറ്റാനുമണഞ്ഞാൽ കുളിരേകാനും 
പോരുമീകാമാഗ്നിയിവൾക്കെങ്ങുനിന്നു ലഭിച്ചതോ?

മലരണിക്കൂന്തലാളിൻ തോളുകൾ കണ്ടു നിൽക്കവേ 
ഭംഗിയേറുന്ന വസ്തുക്കൾ നിനച്ചാലതു പോലെയാം 

ചേരും നേരമുയിർവാട്ടം വെടിഞ്ഞു തളിർക്കുന്നതാൽ 
ഇവളിൻ തോളമൃതത്താൽ മാത്രം സൃഷ്ടിച്ചതാവണം 

കാന്തിമത്വമിയന്നുള്ളോരഴകിയിന്നാലിംഗനം 
സ്വന്തം പൊരുൾ പലരുമായ് ചേർന്നശിപ്പതു പോലെയാം 

ഇളം കാറ്റും പ്രവേശിക്കാനിടം നൽകാത്ത രീതിയിൽ 
ഇരുവർ പ്രേമബന്ധത്തിലന്യോന്യമിമ്പമാർന്നിടും 

ഉടലോടുടൽ ചേർന്നള്ളിത്തഴുകിപ്പുണരുന്നതും 
കാമുകീകാമുകന്മാരായുള്ളവർക്കനുഭൂതിയാം 

ചെന്നിറമണിഞ്ഞിവളിലാവേശമാഴമേറെയായ് 
ഗ്രന്ഥപാരായണത്താലെയജ്ഞാനം ബോധമായ പോൽ 

112. സ്തുതി 

അനിച്ചപ്പുഷ്പമേ വാഴ്ക നിൻമേനി മൃദുവായതാം 
ഞാൻ തേടും കാമുകീമെയ്യിൻ മൃദുത്വമേറെ മേന്മയാം 

പലർ കാണും മലർക്കൊപ്പമാമിവൾ നയനങ്ങളും 
അതിനാൽ തളിർ പൂകണ്ടാൽ മനമേ മയങ്ങുന്നുവോ?

പൂമേനിയാമിവൾ തോൾകൾ മുളപോൽ, ദന്തമുത്തുകൾ
പരിമളം വീശും ദേഹം, മൈക്കൺ ചാട്ടുളി തന്നെയാം 

കുവലയമലർ കണ്ടാലിവൻ തന്നഴൽ മേനിയെ 
അധമത്വം നിരൂപിച്ചു ലജ്ജയാൽ നമ്രമാം മുഖം 

ദേഹത്തിൻ നേർമ്മയോർക്കാതെ ചൂടിനാൾ മലർമാലകൾ 
തണ്ടോടെ; ഭാരബാഹുല്യം ജഘനത്തെയൊടിക്കുമോ?

ഇവൾതൻ മുഖവും ചന്ദ്രബിംബവും തിരിയായ്കയാൽ 
മാനസാതാരജാലങ്ങൾ കലങ്ങിത്തിരിയുന്നതാം 

ദേശമെല്ലാം കറങ്ങുന്ന ചന്ദ്രബിംബത്തിലുള്ളപോൽ 
കളങ്കമീമാതിൻമുഖത്തില്ലല്ലോ ലേശമെങ്കിലും 

തന്വീരത്നമുഖം പോലെ ചന്ദ്രാ! നീ നിഷ്കള ങ്കമായ് 
ഒളിയാൻ കെല്പെഴുന്നെങ്കിൽ നിന്നെ പ്രേമിക്കുമാർന്നു ഞാൻ 

മലർമിഴിയാളിവളിൻ വദനം സ്വീകരിക്കുവാൻ 
തിങ്കളേ! സാദ്ധ്യമെങ്കിൽ നീ സാന്നിദ്ധ്യം വെളിവാക്കൊലാ 

അന്നത്തിൻ തൂവലും റോസാപ്പുഷ്പത്തിൻറെ ദളങ്ങളും 
മാതിൻപാദങ്ങൾ സ്പർശിച്ചാൽ കണ്ടകം പോലെ തോന്നിടും 

113. പ്രേമമാഹാത്മ്യം 

മധുരവാണിയാമിവൾ തൂവെണ്മദന്തനീരുകൾ 
ക്ഷീരവും മധുവും കൂടിക്കലർന്ന മിശ്രമായിടും 

എൻമനസ്സിലിവൾ നേരേ തോന്നും പ്രേമവികാരമോ 
ഉടലോടുയിർക്കുണ്ടാവും ബന്ധം പോലെ മഹോന്നതം 

കൃഷ്ണാമണിതന്നിൽ വാഴും പാവയേ നീയൊഴിഞ്ഞുപോ 
അല്ലേൽ പ്രേമഭാജനത്തിന്നിടമെൻ കണ്ണിലില്ലയേ 

ഭൂഷിതയാമിവളെന്നിൽ ചേരുമ്പോളുയിരോടെ ഞാൻ 
വാഴുന്നു; പിരിയും നേരം ജീവൻ പോവതു പോലെയാം 

പോരടിക്കണ്ണുടയോളിൻ മേന്മകൾ വിസ്മരിക്കുവാൻ 
സാദ്ധ്യമല്ല; തിനാലോർക്കൽ വേണ്ടതില്ലൊരു നേരവും 

സർവ്വദാനനിർണ്ണയം കണ്ണിലിരിപ്പുണ്ടെൻറെ കാമിനി 
കണ്ണടച്ചാൽ വരുന്താത്ത വരേണ്യശീലയാണവൾ 

കാമുകൻ നയനങ്ങൾക്കുൾ സർവ്വദാനിലകൊൾകയാൽ 
അവർ നീങ്ങാതിരിപ്പാനായ് മയ്യെഴുത്തു നിറുത്തി ഞാൻ 

പ്രാണനാഥൻ മനോതാരിൽ നിരന്തരമിരിക്കയാൽ 
ചൂടവർക്കൊഴിവാക്കാനായ് തപ്തഭക്ഷ്യമൊഴിച്ചു ഞാൻ 

ഇമവെട്ടുന്ന നേരത്തിൽ കാതലർ കണ്ണകന്നുപോം 
അമ്പില്ലാതവരെന്നൂരാർ ചൊല്ലിവേദനയാക്കിടും 

പ്രേമനാഥൻ മനസ്സുള്ളിൽ സ്ഥിരമായ് വാഴ്വതാകിലും 
സ്നേഹമില്ലാതെ വേർപെട്ടെന്നറിയാതെ പഴിച്ചിടും 

114. ലജ്ജ 

പ്രത്യനുരാഗമില്ലാതെ പ്രണയത്തിൽ തോറ്റവർകളിൽ 
ഓലക്കുതിരയേറുന്ന തല്ലാതില്ലവിമോചനം 

പ്രേമദുഃഖം സഹിക്കാതെൻ ദേഹ ദേഹികളൊപ്പമായ് 
ഓലക്കുതിരമേലേറാൻ ലജ്ജയില്ലാതെ നിൽക്കയാം 

ഉടമപ്പെട്ടിരുന്നുഞാൻ ലജ്ജയും പുരുഷത്വവും;
ഇപ്പോൾ വിരഹതാപത്താലോലക്കുതിരസ്വന്തമായ് 

പുരുഷത്വം ലജ്ജയെന്നീ രക്ഷനൽകുന്ന തോണികൾ 
പ്രേമമാം പ്രളയത്തിൽപെട്ടുലഞ്ഞു തകരുന്നതായ് 

സായം കാലമടുക്കുമ്പോളോലക്കുതിരയോർക്കയാം;
താപമെന്നിൽ ജ്വലിപ്പിച്ചു വളയണിഞ്ഞ കാമിനി 

വിരഹദുഃഖത്താൽ കൺകൾ നിദ്രയെന്യേ മിഴിക്കയാം 
ഓലക്കുതിരകേറാനായ് പാതിരാവിലുമോർപ്പു ഞാൻ 

വിരഹസാഗരം തന്നിൽ ആത്മപീഡനമോർക്കാതെ 
സഹനത്തോടെ നീന്തുന്ന സ്ത്രീജന്മം പാവനം നൃണം 

അവരെന്നെ സമീപിക്കാൻ ശക്തിയില്ലാതിരിക്കയാം 
എൻമനം പ്രേമഭാരത്താലടങ്ങാതെ പരസ്യമായ് 

പ്രേമം രഹസ്യമെന്നെണ്ണി ഞാനടങ്ങിയൊതുങ്ങവേ 
പേർത്തും വാർത്തയിരമ്പുന്നുണ്ടൂരും തെരുവുമൊന്നുപോൽ 

നമ്മെ നോക്കിച്ചിരിക്കുന്നു കാണുമാർ പുരവാസികൾ;
പ്രണയത്താൽ നമുക്കുള്ള യാതനയറിയാത്തവർ 

115. അപവാദം 

പ്രേമത്താൽ പഴികേൾക്കുമ്പോൾ കാമിനിയെയണഞ്ഞപോൽ 
ഉയിർനിർവൃതി കൊള്ളുന്നു; ഭാഗ്യം! ലോകമറിഞ്ഞിടാ 

പൂമിഴിയിൻ സുഭഗത്വമറിയാപൂരവാസികൾ 
അപവാദപ്രചാരത്താൽ ഞങ്ങൾക്കുതവി നൽകിനാർ 

നാട്ടിൽപ്പരന്ന ദുഷ്കീർത്തി നന്മയേകുന്നു നമ്മളിൽ 
അണയാതെ പുണർന്നുള്ള സംതൃപ്തിയടയുന്നു നാം 

ജനങ്ങൾ പഴിചൊല്ലുമ്പോൾ പ്രേമം ശക്തിവരിക്കയായ് 
പഴിനാട്ടിൽ പരക്കാഞ്ഞാലുണ്ടാവില്ലിത്ര തീവ്രത 

പഴികൂറലേറും തോറുമുഗ്രമാകുന്നു പ്രേമവും 
മദ്യത്തിൽ മോഹമേറുന്നു മയക്കം പതിവാക്കുകിൽ 

ദർശനം പ്രേമികൾതമ്മിലൊരുനാൾ മാത്രമാകിലും 
ലോകവ്യാപകമായ് വാർത്ത; രാഹുചന്ദ്രനെയേറ്റപോൽ 

പ്രേമനോവാം ലതാനന്നായ് വളർന്നീടുന്നു ശക്തമായ്;
കിംവദന്തി വളം തന്നെ മാതൃശാസന നീരുമാം 

പഴിയാലുഗ്രമാം പ്രേമമടക്കാമെന്ന ധാരണ 
ജ്വലിക്കുമഗ്നിയിൽനെയ്പാർന്നണക്കുന്നത് പോലെയാം 

ധൈര്യം നൽകിത്തുണച്ചോരിൽ പലരും കൈവെടിഞ്ഞപിൻ 
നാട്ടുകാർ പഴിചൊല്ലീടിലെന്തിനായ് ലജ്ജ തോന്നണം?

നാം നിനച്ചത് പോൽത്തന്നെയപവാദം പ്രചാരമായ് 
ഇച്ഛപോൽ ചെയ്തിടാമനുകൂലമാം സ്ഥിതിയാകയാൽ 

116.  വിരഹം 

നാം തമ്മിൽ പിരിയാനുള്ള വാർത്തയെന്നിടമോതുക 
അകന്നടുക്കലുയിരോടിരിപ്പോരിലുരക്കലാം 

മുന്നാലേ ദർശനം തങ്ങൾക്കിമ്പദായകമാർന്നതാം 
ഇപ്പൊഴോ വേർപെടും ചിന്ത ദുഃഖഹേതുകമായിടും 

കാമുകർപിരിയില്ലെന്ന് ചൊൽകിലുമൊരു ദുർദിനം 
പിരിയുമെന്നതാൽ വാക്കിൽ തോന്നുമാറില്ല ഗൗരവം 

പ്രണയമായ് ധൈര്യം ചൊല്ലി പിന്നെപ്പിരിഞ്ഞു പോകുകിൽ 
വാഗ്ദാനം വിശ്വസിച്ചെന്നു കുറ്റം ചൊൽവതിനാകുമോ?

കാമുകൻ പിരിയാൻ ഹേതു നേരിടാനിടയാകാതേ 
നോക്കണം വേർപിരിഞ്ഞീടിൽ സമാഗമമസാദ്ധ്യമാം 

വിരഹമെന്തെന്നറിയും ദുഷ്ടമാനസനാണെങ്കിൽ 
സ്നേഹമായ്, തിരിയേവന്നു ചേരുമെന്നാശ നിഷ്ഫലം 

വിരഹത്താൽ മെലിഞ്ഞുള്ള കൈകളിൽ കങ്കണസ്വരം 
വേർപാടിൽ വാർത്തദേശക്കാർക്കെത്തിക്കുന്നത് പോലെയാം 

സുഹൃത്തില്ലാപ്രദേശത്ത് കുടിവാഴ്വത് കഷ്ടമാം 
കാമുകൻ കൂടെയില്ലെങ്കിൽ കഷ്ടാൽ കഷ്ടതരം തുലോം 

സ്പർശിക്കുന്നവരെമാത്രം ദഹിപ്പിക്കുന്നു തീക്കനൽ;
തീവ്രമായ് ദഹനം ചെയ്യുമകന്നാൽ പ്രേമനോവുകൾ 

അനിഷ്ടമാം വേർപാടിൻറെയസഹ്യ ദുഃഖവും പേറി 
ഗതിയില്ലാതനേകം പേരുയിർ വാഴുന്നു ഭൂമിയിൽ 

117. മെലിച്ചിൽ 

കാക്കും ഞാനന്യരിൽ നിന്നും പ്രേമതാപം രഹസ്യമായ് 
വാർത്തയേറെ ലഭിക്കുന്നുണ്ടാർത്തക്കുറവനീരുപോൽ 

കാമനോയ് വെളിവാകാതെയൊളിക്കുന്നതസാദ്ധ്യമാം 
ഹേതുവാം കാമുകൻ മുന്നിൽ ചൊല്ലാൻ ലജ്ജ തടസ്സമാം 

താപം താങ്ങും ശരീരത്തിൽ തങ്ങിടും ജീവകാവടി-
ത്തണ്ടിൽ തൂങ്ങുന്നു വിരഹ ദുഃഖവും ലജ്ജയും സമം 

പ്രേമസാഗരമെൻ മുന്നിൽ സ്ഥിതിചെയ്യുന്നു ഭീമമായ് 
കടൽതാണ്ടിക്കടപ്പാനായ് തോണിയെന്നിടമില്ലിയേ 

സ്നേഹം കാട്ടേണ്ടഘട്ടത്തിൽ ദ്രോഹമേൽപ്പിച്ചിടുന്നവർ 
പകയിൽ സാഹചര്യതതിലെന്തു ചെയ്വാൻ മടിച്ചിടാ!

കാമുകസംഗമത്തിങ്കലിമ്പം സാഗരതുല്യമാം 
വിരഹേജന്യമാം ദുഃഖമാഴിയേക്കാൾ ഭയാനകം 

പ്രേമമാഴിയിൽ നീന്തി കരകാണുന്നതില്ല ഞാൻ 
പാതിരാസമയം താനേ നീക്കുന്നു തുണയെന്നിയേ 

ആനന്ദദായകം രാക്കളുയിർകൾ ഗാഢനിദ്രയിൽ 
ഏകയായ് നിദ്രയില്ലാതെ കഴിക്കുന്നെൻറെ രാവുകൾ 

കാമുകവിരഹത്താലേ ദൈർഘ്യം കൂടുന്നരാവുകൾ 
വേർപാടിൻ കഠിനത്തേക്കാളേറെകാഠിന്യമുള്ളതാം 

കാമുകനികടത്തിങ്കൽ മനംപോൽ ചെന്നുചേരുവാൻ 
കണ്ണുകൾക്ക് കഴിഞ്ഞെങ്കിൽ കണ്ണീരിൽ തുഴയേണമോ?

118. ദർശനം 

കൺകൾ കാട്ടിയതാലല്ലോ പ്രേമദുഃഖം വിളഞ്ഞത് 
കാട്ടിത്തന്നവരെന്തിന്നായ് വിലപിക്കുന്നു ദീനരായ് 

ഭാവിയോർക്കാതെ നോക്കിക്കൊണ്ടിമ്പമുൾക്കൊണ്ട കണ്ണുകൾ 
ആനന്ദിക്കാതെ ദുഃഖത്തിലാഴ്ന്നു പോകുന്നതെന്തിനോ?

അന്നുകാമുകനെകണ്ടു നിർവൃതികൊണ്ട കണ്ണുകൾ 
ഇന്നു ക്ലേശിച്ചിടും കാഴ്ച ഹസിക്കത്തക്കതായിടും 

സഹ്യമല്ലാത്ത പ്രേമനോവെന്നിൽ സൃഷ്ടിച്ച കണ്ണുകൾ 
കരയാൻ കഴിവില്ലാതായ് കണ്ണീർ വറ്റിവരണ്ടതാൽ 

ആഴിയെച്ചെറുതാക്കുന്ന പ്രേമതാപങ്ങളേൽപ്പിച്ച 
കണ്ണുകൾ നിദ്രയില്ലാതെ കേഴുന്നു കർമ്മദോഷികൾ 

എനിക്കതീവദുഃഖങ്ങൾ സൃഷ്ടിച്ച നയനങ്ങളും 
കഷ്ടപ്പെട്ടുഴലുന്നെങ്കിൽ നീതിയാണത്, നന്മയാം 

ആറ്റുനോറ്റന്നു പ്രേമിച്ചങ്ങാർത്തികാണിച്ച ദൃഷ്ടികൾ 
നിദ്രയെന്യേ കരഞ്ഞുംകൊണ്ടശ്രു വറ്റിയുണങ്ങണം 

മനസ്സാലല്ല വാക്കാലെ മോഹിച്ചവരിരിക്കിലും 
നേരിൽ കാണാതെ കൺകൾക്ക് തൃപ്തിയാവില്ലൊരിക്കലും 

കാമുകൻ വരികിൽ നിദ്രയില്ലാ; പോകിലുമങ്ങനെ;
ആകെയാലെന്നുമെൻ കൺകൾ ദുഃഖപൂരിതമായിടും 

പറപോൽ പ്രചുരം ചെയ്യും കൺകണ്ടാലെൻ മനസ്സിലെ 
രഹസ്യങ്ങൾ ജനങ്ങൾക്കങ്ങറിയാനെളുതായിടും 

119. വർണ്ണഭേദം 

കാമുകനെന്നെയും വിട്ടു പിരിഞ്ഞ നാളെൻ മേനിയിൽ 
ഏർപ്പെട്ട നിറഭേദങ്ങലാരിടം വ്യാഹരിപ്പുഞാൻ 

നാഥനാൽ പ്രേരിതമെന്ന ധിക്കാരഭാവത്തോടെ 
നിറഭേദം ശരീരത്തിലൂർജ്ജിതം നിലനിൽക്കയാം 

എനിക്ക് കാമുകൻ നൽകി വിളർപ്പും പ്രേമതാപവും 
പകരം കൊണ്ടുപോയെൻറെ ലജ്ജയും കോമളത്വവും 

പ്രേയാൻറെ മധുരോക്തികൾ നിനപ്പൂ; ബഹുമാന്യമായ് 
വർണ്ണിപ്പൂ; മേനിയിൽ വന്ന വിളർപ്പു ചതിയാകുമോ?

ഒരു നാൾ കാമുകൻ വിട്ടുപിരിഞ്ഞു പരദേശിയായ് 
നിറഭേദം ദിനംതോറും പടരുന്നെൻറെ മേനിയിൽ 

ദീപദീപ്തിബലം നോക്കി തമസ്സേറുന്ന പോലവേ 
വിളർപ്പും കാമുകസ്പർശപ്രാപ്തിനോക്കിയിരിക്കയാം 

നാഥനൊത്തുകിടക്കുമ്പോളൽപ്പമൊന്നകലത്തിലായ് 
തൽക്ഷണം നിറഭേദം വന്നേറിയെന്നുടെ മേനിയിൽ 

വിരഹത്താൽ വിളർപ്പായെന്നെൻറെ മേൽ പഴിചൊല്ലുവോർ 
പ്രാണനാഥനുപേക്ഷിച്ചെന്നോതുന്നോരാരുമില്ലയേ 

കാമുകൻ ചെയ്തവാഗ്ദത്തം പാലിക്കാനിടയാകുകിൽ 
മദ്ദേഹം വർണ്ണഭേദത്താൽ വിളർത്തേ നിലനിൽക്കണം 

കാമുകൻ തൻ വിയോഗത്താൽ വിവർണ്ണബാധയേറ്റതായ് 
ഊരാർചൊല്ലാതിരുന്നെങ്കിൽ വൈവർണ്ണ്യം ഗുണമാണെനിൽ 

120. ഏകാന്തത 

കാതലർ പതിവിൻ മേലേ പ്രേമമുള്ളവർ തന്നെയാം;
വിത്തില്ലാത്തപഴം പോലെ പൂർണ്ണമായാസ്വദിക്കലാം 

കാമുകൻ പകരും സ്നേഹം പ്രേമിക്കും യോക്ഷണക്കയേ 
ഉയിർവാഴും കുലങ്ങൾക്ക് ചൊരിയും മാരിപോലെയാം 

ഉണ്മയിൽ സ്നേഹവായ്പ്പുള്ള കാമുകൻ വേർപിരിഞ്ഞിടിൽ 
വീണ്ടും ചേർന്നുയിർവാഴാമെന്നാശിക്കുന്നത് സാന്ത്വനം 

പ്രേമപാത്രങ്ങളിൽ നിന്നുമനുരാഗം കിട്ടായ്കിലോ 
ലോകസമ്മതരായാലും ഭാഗ്യം കെട്ടവർ തന്നെയാം 

നാം കാമിപ്പവരെപ്പോലെ നമ്മേ പ്രേമിച്ചിടായ്കിലോ 
നന്മകളവരിൽ നിന്നുമൊന്നും തന്നെ ലഭിച്ചിടാ 

പ്രണയമേകപക്ഷീയമായാൽ ദുരിതഹേതുവാം 
കാവടിത്തുണ്ടുപോൽ ഭാരം തുല്യമായാൽ സുഖപ്രദം 

പ്രണയത്തിലൊരാൾ മാത്രം കാമൻറെ ലക്ഷ്യമാകുകിൽ 
അതിനാലേർപ്പെടും താപകാഠിന്യമറിയില്ലയോ?

കാമുകൻറെ സുധാവാക്യം കേൾക്കാതെ വിരഹാഗ്നിയിൽ 
തപിച്ചുയിർവാഴും യോക്ഷ ധീരമാനിനി തന്നെയാം 

കാമുകനെന്നിടം സ്നേഹം കാണിക്കില്ലെന്നിരിക്കിലും 
അവരെപ്പുകഴും വാർത്ത കർണ്ണങ്ങൾക്കിമ്പമേകിടും 

സ്നേഹമില്ലാത്തവർ മുന്നിൽ ദുഃഖവർണ്ണന ചെയ്കയോ?
പെരുതാമർണ്ണവം തൂർക്കാൻ ശ്രമിക്കൽ ശ്ലാഘനീയമാം 


No comments:

Post a Comment