Thirukkural in Malayalam (Translator: V.V. Abdullah Sahib)
തിരുക്കുറൾ മലയാളത്തിൽ
21. ദുഷ്കർമ്മം
ദുഷ്കർമം ചെയ്തു ശീലിച്ചോരാവർത്തിക്കാൻ ഭയപ്പെടാ
സദ്വൃത്തരാം ജനങ്ങൾക്കച്ചിന്ത പോലും ഭയാനകം
ദുഷ്കർമ്മം തുടർകാലത്തിൽ ദുഷ്ഫലങ്ങൾ തരുന്നതാം
ആകയാൽ ദുഷ്ടകർമ്മങ്ങളഗ്നിയേക്കാൾ ഭയങ്കരം
ദ്രോഹം ചെയ്യും ജനങ്ങൾക്ക് ദ്രോഹങ്ങൾ പ്രതികാരമായ്
ചെയ്യുന്നതൊഴിവാക്കീടൽ ശ്രേഷ്ഠമെന്നുധരിക്കണം
മറന്നും പൊതുവിൽ ദ്രോഹമാകും കർമ്മം നിനക്കൊലാ-
നിനച്ചാൽ നിന്നിലേൽപ്പിക്കും ദ്രോഹങ്ങൾ ധർമ്മദേവനും
വറം പോക്കാൻ നിനച്ചുംകൊണ്ടന്യരിൽ തിന്മ ചെയ്യുകിൽ
വർദ്ധമാന ദാരിദ്രത്തിലാറാടാനിടയായിടും
തനിക്ക് തിന്മയേൽക്കാതെ ജീവിക്കാനാഗ്രഹിപ്പവൻ
തിന്മചെയ്യാതിരിക്കേണം സ്വയമന്യർക്കൊരിക്കലും
വമ്പിച്ച ശത്രുവെപ്പോലും നേരിട്ടങ്ങു ജയിച്ചിടാം
വിടാതെന്നും തുടർന്നീടും സ്വകർമ്മജന്യമാം പക
ദേഹത്തിൻറെ നിഴൽനിന്നോടൊപ്പമെപ്പോഴുമുള്ള പോൽ
നീചെയ്യും ദുഷ്ടകർമ്മത്തിൻ ദുഷ്ഫലം നിന്നോടോപ്പമാം
ഒരുത്തൻ തൻറെ സ്വത്വത്തിൽ സ്നേഹമുള്ളവനാകുകിൽ
അന്യരിൽ തീയകർമ്മങ്ങൾ ചെയ്തിടാതുച്ച്ഛമാകിലും
സന്മാർഗ്ഗരീതിതെറ്റാതെയന്യരിൽ തിന്മ ചെയ്യാതെ
കാലം പോക്കുന്നവൻ ദോഷ മേശാത്തോനെന്ന് ചോല്ലലാം
22. സമൂഹം
മാരിനൽകുന്ന മേഘങ്ങൾ ക്കെന്തു പകരം ചെയ്തു നാം?
മേഷം പോലാശയില്ലാതെ നന്മ ചെയ്യുന്നു സജ്ജനം
ശക്തിക്ക് ചേർന്ന വണ്ണം താൻ യത്നിച്ചുണ്ടാക്കിടും ധനം
പുണ്യമായ്ച്ചെലവാക്കുന്നു സൽപാത്രങ്ങൾക്ക് ദാനമായ്
മണ്ണിലും വിണ്ണിലും പാർത്താലന്യർക്കായുപകാരങ്ങൾ
ചെയ്യും പോൽ ശുഭമായുള്ള സൽക്കർമ്മം വേറെയില്ല കേൾ
സമൂഹത്തോടിഴുകിച്ചേർന്നൊത്തുകൂടി വസിപ്പവൻ
ജീവിക്കുന്നു യഥാർത്ഥത്തിൽ; മറ്റുള്ളോർ ശവതുല്യരാം
സമൂഹബോധവാൻ, വിജ്ഞൻ, ധന്യനായ് വിലസീടുകിൽ
നാട്ടിൽ പൊതുതടാകത്തിൽ നീരേറുന്നത് പോലെയാം
പരോപകാരിയാം മർത്ത്യന്നൈശ്വര്യം വന്നു ചേരുകിൽ
ഗ്രാമമദ്ധ്യത്തിലേ വൃക്ഷം ഫലം കായ്ക്കും പ്രതീതിയാം
സമ്പൽ സമൃദ്ധിയുള്ളപ്പോളൗ ദാര്യശീലനാം പുമാൻ
സമൂലമുപയോജ്യമാമൗഷധത്തരുവായിടും
സമൂഹത്തിൽ തനിക്കുള്ള ഭാരങ്ങൾ ബോധമുള്ളവൻ
ദാരിദ്ര്യബാധയേറ്റാലും കർത്തവ്യം നിർവഹിച്ചിടും
ദാനശീലന്ന് ദാരിദ്ര്യമായാലേറുന്ന വേദന
ശീലം പോലുപകാരങ്ങൾ ചെയ്വാനാവാത്ത ഖേദമാം
ദാനം ദാരിദ്ര്യമുണ്ടാക്കുമെന്ന് തന്നെ നിനക്കിലും
സ്വന്തത്തെ വിൽപ്പന ചെയ്തും തന്നംശം സ്വീകരിക്കലാം
23. ദാനശീലം
ദരിദ്രരാം ജനങ്ങൾക്കായ് നൽകീടുന്നത് ദാനമാം;
അല്ലാത്തോർക്കുള്ള ദാനങ്ങൾ കാര്യദാനമതായിടും
ഭിക്ഷാടനം നല്ലതെന്ന് ചോൽകിലും ഭിക്ഷ നീചമാം
മോക്ഷം ദായകനില്ലെന്ന് വന്നാലും ദാനമുത്തമം
താൻ തന്നെ ദരിദ്രനാണെന്നന്യനോടുരിയാടാതെ
ചോദിപ്പോർക്കു കൊടുക്കൽ സൽകുലത്തിന്നുള്ള ലക്ഷണം
യാചകൻ വന്നടുക്കുമ്പോൾ തോന്നമീർഷ്യതയൊക്കെയും
ഭിക്ഷുവിൻ മുഖസന്തോഷം കാണും നേരമൊഴിഞ്ഞുപോം
പശിതാങ്ങൽ ക്ഷമാപൂർവ്വം താപസർക്ക് മഹത്വമാം;
അതിലും ശ്രേഷ്ഠമായീടുമന്നത്താൽ പശിമാറ്റിയാൽ
ധനികൻ ധനമില്ലാത്തോർക്കു തക്കം ചെയ്യലുത്തമം;
ഭാവിഭോഗത്തിനായുള്ള നിക്ഷേപമതുതന്നെയാം
ക്ഷാമം തടയുവാനന്യർക്കേകാതെ, ധനികൻ സ്വയം
ഭോജനം യാചനത്തേകാൾ ദുഃഖഹേതുകമായിടും
ഭിക്ഷ നൽകാൻ കഴിവറ്റ സജ്ജനത്തിൻറെ ചിന്തയിൽ
വേദനാജന്യമാം മൃത്യു സന്തോഷകരമായിടും
തൻസ്വത്തിന്നുപഭോഗത്തിലന്യരെപങ്കുചേർപ്പവൻ
ദാരിദ്ര്യമെന്ന രോഗത്തിന്നിരയാവില്ലൊരിക്കലും
ദാനം ചെയ്യാതെ സ്വത്തേറെച്ചേർത്തിയെല്ലാം നശിപ്പവൻ
ദാനത്താലുളവാം ശാന്തിനുകരാനാവാത്ത ദുർഭഗൻ
24. സൽകീർത്തി
ദരിദ്രർക്കുപകാരം ചെയ്താർജജിക്കേണം പുകഴ്ചകൾ
ജീവിതത്തിലതല്ലാതെ ലാഭം വേറില്ല മർത്ത്യരിൽ
യാചിപ്പോർക്ക് പൊരുൾ നൽകി സേവനം ചെയ്തിടുന്നവർ
പുകഴ്ത്തുന്നോരുരച്ചീടും കാഴ്ചക്കർഹരാണവർ
ഒരുത്തന്നിഹ ലോകത്തിൽ താൻ ചെയ്തിട്ടുള്ള നന്മയാൽ
നേടും സൽകീർത്തിയോന്നേതാൻ സ്ഥിരമായ് നിലനിൽപ്പതാം
അഴിയാത്തയശസ്സിന്നു ഹേതുവാമ്മ് പുണ്യകർമ്മിയെ
വാനലോകം പുകഴ്ത്തുന്നു ജ്നാനിയേക്കാൾ മഹത്വമായ്
യശസ്സും ക്ഷാമവും ചേർന്ന ജിവിതം കീർത്തി ധന്യനായ്
മരണം- വിജ്ഞരല്ലാത്തോർക്കസാദ്ധ്യം തന്നെ നിശ്ചയം
പ്രശംസ നേടുവാൻ തക്ക ഗുണത്തോടെ മനുഷ്യനായ്
ജന്മമാകണമല്ലെങ്കിൽ ജന്മമില്ലായ്കിലുത്തമം
ദുഷ്ടമാർഗ്ഗേണ ചരിക്കുന്നോർ സ്വയം നോവാതെ തങ്ങളെ
നിന്ദിപ്പോരെ ദുഷിക്കുന്നതെത്ര ബുദ്ധി വിലോപമാം
പ്രശസ്തനായ് ഭവിക്കാതെ ജിവകാലം കഴിക്കുകിൽ
ജിവിതം പഴിയായെന്ന് സജ്ജനങ്ങൾ വിധിച്ചിടും
യശസ്സറ്റ ശരീരത്തെത്താങ്ങും ദേശം യഥേഷ്ടമായ്
വളമിട്ടും വിളയാത്ത നിലം പോൽ ഫലശൂന്യമാം
കീർത്തിക്ക് പാത്രമായ്ക്കൊണ്ട് ജീവിപ്പോരുയിർ വാഴുവോർ;
നിന്ദയാണുലഭിക്കുന്നതെങ്കിലോ മൃതരാണവർ
25. കാരുണ്യം
യോഗ്യരിൽ ശ്രേഷ്ഠമാകുന്നു ദയയെന്ന മഹാധനം
ഭൗതികധനമെപ്പോഴുമെല്ലാവരിലുമുള്ളതാം
സന്മാർഗ്ഗചിന്തയിൽകൂടി കാരുണ്യശീലനാവണം
സർവ്വമാർഗ്ഗേണയോർത്താലും ജീവന്ന് തുണയായിടും
ഇരുളേറുന്ന സംസാര സാഗരത്തിൽ തുടിക്കവെ
മനസ്സിൽ കൃപയുണ്ടെങ്കിൽ ശോകകാരണമേർപ്പെടാ
ജീവജാലങ്ങളോടെല്ലാം കാരുണ്യത്തിൽ ചരിപ്പവൻ
സ്വന്തം ജീവൻറെ കാര്യത്തിൽ ക്ളേശിക്കാനിടയായിടാ
ദയാദാക്ഷിണ്യമുള്ളോരിൽ ദുഃഖം വന്നു ഭവിച്ചിടാ;
ഉയിർ വാഴുന്നനേകം പേർ കാറ്റടിക്കുന്ന ഭൂമിയിൽ
കാരുണ്യദ്രാവമില്ലാതേയധർമ്മത്തിൽ രമിപ്പവർ
ഇഹത്തിൽ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവർ തന്നെയാം
ഇഹത്തിൽ ധനമില്ലാത്തോർക്കാനന്ദം നഷ്ടമായപോൽ
ജീവകാരുണ്യമില്ലാത്തോർക്കില്ല സൗഖ്യം പരത്തിലും
ധനമില്ലാത്തവൻ പിന്നീടൊരു നാൾ ധന്യനാകലാം
കൃപയില്ലാത്തവൻ വാഴ്വിലെന്നും തോൽവിയടഞ്ഞവൻ
അറിവാൻ കഴിവില്ലാത്തോൻ ഗ്രന്ഥമോതുന്ന പോലവേ
ദയയില്ലാത്തവൻ ചെയ്യും ധർമ്മകർമ്മം വൃഥാവിലാം
അന്യനോടു ദയാശൂന്യൻ ക്രൂരമായ് പെരുമാറവേ
തന്നോട് കഠിനം ചെയ്വോർ മുന്നിൽ താൻനിൽപ്പതോർക്കണം
26. മാംസാഹാരം
തൻ ദേഹം നിലനിർത്താനായ് മറുദേഹം ഭുജിപ്പവൻ
ജീവകാരുണ്യമുള്ളോനെന്നുരചെയ്യുവതെങ്ങനെ?
ധനം സുക്ഷിക്ക വയ്യാത്തോനതിൻ മേന്മ ലഭിച്ചിടാ;
മാംസഭുക്കിനലഭ്യം താൻ കാരുണ്യത്തിൻറെ മേന്മകൾ
മാരകായുധമേന്തുന്നോർക്കുള്ളിൽ കാരുണ്യമൂറുമോ?
മാംസം ഭക്ഷിപ്പവർ നെഞ്ചിൽ ദയതോന്നില്ലൊരിക്കലും
കൊല്ലായ്ക ദയവായീടും ജീവഹത്യ വിരുദ്ധമാം;
ഹത്യയാൽ ലഭ്യമാമന്നം ഭുജിക്കുന്നതധർമ്മമാം
മാംസാഹാരമുപേക്ഷിച്ചാൽ ജീവികൾക്കത് രക്ഷയാം;
മാംസഭുക്കുകളെന്നെന്നും താമസം നരകത്തിലാം
ആഹാരകാരണത്തിന്നായ് ജീവഹത്യ വെടിഞ്ഞീടിൽ
മാംസം വിറ്റുപജിവിക്കും തൊഴിലപ്രത്യക്ഷമായിടും
മാംസമെന്നതുയിർവാഴും ജീവിതൻ വ്രണമായിടും
തത്വബോധമുദിച്ചുള്ളോർ മാംസമുണ്ണാതിരിക്കണം
ഉയിരുള്ള ശരീരത്തിൽ നിന്നു വേർപ്പെട്ട ഭാഗമാം
പിണമായുള്ള മാംസത്തെ ഭുജിക്കാ വിജ്ഞരായവർ
വധിച്ച ജീവിയിൻ കായമന്നമാക്കാതിരിക്കുകിൽ
ഹവിസ്സോടായിരം യാഗം ചെയ്വതേക്കാൾ വിശിഷ്ടമാം
ജീവഹാനി വരുത്താതെ, മാംസമൊട്ടുമാശിക്കാതെ
ജിവിക്കും സാത്വികന്മാരെ ലോകരെല്ലാം വണങ്ങിടും
27. തപം
കഷ്ടാരിഷ്ടതയേൽക്കുമ്പോൾ ക്ഷമയോടെ സഹിക്കലും
സഹജീവികളിൽ ദ്രോഹം ചെയ്യാതൊഴിയലും തപം
തപക്ളേശം സഹിച്ചോർ താൻ തപശ്ചര്യക്ക് യോഗ്യരാം
തപോഭാവം വിനാവേഷം ചമയൽ വീൺ പ്രവർത്തനം
താപസർക്കനുകൂലങ്ങൾ ചെയ്തു പുണ്യമെടുക്കുവാൻ വേണ്ടിയല്ലേ ഗൃഹസ്ഥൻവൈരാഗ്യമേൽക്കാതെ വാഴ്വതും?
ശാപം ദുഷ്ടരിലേൽപ്പിച്ചും ശിഷ്ടരിൽ നന്മ നൽകിയും
വൈരാശികൾ തപശ്ശക്തി ദൃശ്യമാക്കുന്നു ലോകരിൽ
ആശിക്കും പരപുണ്യങ്ങളാർജ്ജിക്കാൻ സാദ്ധ്യമാകയാൽ
ഋഷിധർമ്മങ്ങൾ വിജ്ഞന്മാരനുഷ്ഠിക്കും ഗൃഹസ്ഥരായ്
തപം ചെയ്തവരേസ്വന്തം ധർമ്മം ചെയ്തവരായിടൂ
അന്യർ ഭൗതികമോഹത്തിൻ കുടുക്കിൽപ്പെട്ടുപോയവർ
നീറിനീറിക്കറനീങ്ങിത്തിളങ്ങും സ്വർണ്ണമെന്നപോൽ
തപശ്ചര്യയിൽ പാപം പോയ് ജ്ഞാനമുള്ളിൽ തിളങ്ങിടും
ആത്മനിയന്ത്രണം നേടി ദിവ്യത്വം കൈവരിച്ചവർ;
മാഹാത്മ്യം വ്യക്തമാകുമ്പോൾ മാലോകർ കൈവണങ്ങിടും
തപശ്ശക്തികൾ കൈവന്ന മുനിപുംഗവർ ദിവ്യരാം
യമൻ വന്നണയുമ്പോഴും നേരിടാൻ ശക്തരാണവർ
ദരിദ്രരേറെ, സമ്പന്നർ കുറവും തന്നെ ഭൂമിയിൽ
ഋഷികൾ തുച്ഛമല്ലാത്തോർ ബഹുകോടികൾ തന്നെയാം
28. വഞ്ചന
ഉള്ളിൽ വഞ്ചനയുള്ളോൻറെ കാപട്യം ചേർന്ന ജിവിതം
തന്നിലേ പഞ്ചഭൂതങ്ങൾ നിരീക്ഷിച്ചു വസിക്കയാം
ഒരുത്തൻ തൻറെ കുറ്റങ്ങൾ സ്വയം കണ്ടു തിരുത്തുകിൽ
വാനം മുട്ടും തപശ്ചര്യയനുഷ്ഠിക്കേണ്ടതില്ലവൻ
സംയമനം സാധിക്കാത്ത മുനിതൻ വേഷഭൂഷണം
പശുക്കൾ പുലിവേഷത്തിൽ കൃഷിതിന്നുന്ന പോലെയാം
താപസശ്രേഷ്ഠവേഷത്തിൽ പാപകർമ്മങ്ങൾ ചെയ്വവൻ
വലയിൽ പക്ഷിയെക്കൂട്ടാൻ കാത്തിരിക്കുന്ന വേടനാം
മനശ്ശുദ്ധി വരിച്ചെന്ന് പൊതുവാക്യമുരപ്പവൻ
താൻ ചെയ്ത പാപകർമ്മങ്ങളോർത്തുദുഃഖമിയന്നിടും
ദേഹേച്ച്ഛകളൊഴിഞ്ഞെന്ന നാട്യം കാട്ടുന്ന വഞ്ചകൻ
അന്യരെ കബളിപ്പിക്കും പെരും ചതിയനാണവൻ
കുന്നിക്കുരുവിനെപ്പോലെ പുറം ചെന്നിറമെങ്കിലും
കുന്നിയെപ്പോൽ കറുപ്പുള്ളിലുള്ളമാനുഷരെത്രയോ!
അഴുക്കുള്ള മനസ്സോടെ തപശ്ശക്തിയടഞ്ഞപോൽ
നീരാടി വേഷം കാട്ടുന്ന വഞ്ചകർ പലരുള്ളതാം
കഠിനം നേർമ്മയുള്ളമ്പും മധുരം വക്രവീണയും
ആളെത്തരം തിരിക്കേണം വേഷം കൊണ്ടല്ല വേലയാൽ
സജ്ജനം പഴിചൊല്ലുന്ന ദുർവിനകളൊഴിക്കുകിൽ
മുണ്ഢനം ചെയ്കയും വേണ്ടാ ഝടനീട്ടുന്നതും വൃഥാ
29. മോഷണം
പഴികേൾക്കാതെ ജിവിക്കാനാശയുള്ളിലിരിപ്പവൻ
മോഷണത്വരകൂടാതെ മനം സ്വാധീനമാക്കണം
പാപകർമ്മങ്ങൾ ചെയ്യാനായുദ്ദേശിപ്പത് പാപമാം
മോഷണം ചെയ്യുവാനുള്ളിലാശതോന്നാതിരിക്കണം
കവർച്ച ചെയ്ത സമ്പാദ്യം വളരും പോലെതോന്നിടും
കാലം ചെറ്റുകഴിഞ്ഞാലെല്ലാം നാശമടഞ്ഞിടും
വഞ്ചിച്ചന്യരുടെ ദ്രവ്യം ചേർക്കുമ്പോളിമ്പമേറെയാം
പ്രയോജനപ്പെടുത്തുമ്പോൾ ദുഃഖത്തിന്നത് ഹേതുവാം
കവർച്ചക്ക് തരം പാർത്തു കാത്തിരിക്കുന്ന കള്ളരിൽ
കാരുണ്യത്തിൻ മനോഭാവമുണ്ടാകില്ലൊരു കാലവും
മോഷണം ചെയ്തുയിർവാഴാനീടുപെട്ട ജനങ്ങളിൽ
ജീവികൾക്കിടയിൽ കാണും കൃപാബോധമുദിച്ചിടാ
ജിവരാശിമഹത്വങ്ങൾ യഥാതഥമറിഞ്ഞവർ
മോഷണം പോലിരുൾ തിങ്ങുമാശയങ്ങൾക്ക് കീഴ്പ്പെടാ
ജീവമാഹാത്മ്യമാരാഞ്ഞോർക്കുള്ളിൽ ധർമ്മവിഭാവനം;
മോഷണത്തിലകപ്പെട്ടോർക്കുള്ളിലുള്ളത് വഞ്ചന
മോഷണത്തൊഴിലല്ലാതെ മറ്റൊന്നുമറിയാത്തവർ
നീറും നീചവിചാരത്താൽ കെട്ടടങ്ങി മുടിഞ്ഞിടും
മോഷ്ടാക്കൾക്കുലകിൽ നീണാൾ ജീവിതം സാദ്ധ്യമായിടാ;
തദ്ദോഷരഹിതർ ദേവലോകത്തും നീണ്ടുവാഴുവോർ
30. സത്യം
സത്യഭാഷണമെന്തെന്നാലിതരർക്കണുവോളവും
ദ്രോഹകാരണമാവാത്ത നിർദ്ദഷവചനങ്ങളാം
കുറ്റം ലേശവുമേശാതെ ശുദ്ധനന്മവരുത്തുകിൽ
അസത്യവചനം പോലും സത്യം പോലെ ഗണിക്കലാം
ഒരു കാര്യത്തിലും വ്യാജമുച്ചരിക്കാതിരിക്കണം
വ്യാജമോലും മനസ്സാക്ഷിയെന്നും വേദനനൽകിടും
മനമറിഞ്ഞുപൊയ്ചൊല്ലാതൊരുവൻ നിൽപ്പതാകുകിൽ
മാലോകർ തൻ മനസ്സുള്ളിൽ ജീവിക്കുമവനെന്നുമേ
മനസ്സാക്ഷിക്കിണങ്ങും പോൽ സത്യവാക്കുരിയാടുകിൽ
തപസ്സും ദാനവും ചെയ്യും കർമ്മത്തേക്കാൾ വിശിഷ്ടമാം
സത്യവാനെന്ന സൽകീർത്തിക്കിണവേറില്ല ലോകരിൽ
അനേകപുണ്യധർമ്മങ്ങളയത്നം സിദ്ധമായിടും
പൊളിചൊല്ലാവ്രതത്തിങ്കൽ സ്ഥിരമാനസനാകുകിൽ
മറ്റുധാർമ്മികകർമ്മങ്ങളൊഴിച്ചാൽ ദോഷമേശിടാ
ദേഹശുദ്ധിവരുത്തീടാൻ ജലത്താൽ കഴിയുന്നപോൽ
മനോശുദ്ധിവരുത്തീടാം സത്യനിഷ്ഠയിലൂന്നിയാൽ
എല്ലാദീപങ്ങളും ദീപമല്ല; ശ്രേഷ്ഠജനങ്ങളിൽ
ദീപമന്തർപ്രകാശത്തിൻ സത്യവ്രതിമതൊന്നുതാൻ
ധർമ്മജീവിതമാർഗ്ഗത്തിലേറെക്കർമ്മങ്ങളുള്ളത്തിൽ
മഹത്വമേറിടും കർമ്മം സത്യവാങ്ങ് നിഷ്ഠതന്നെയാം
No comments:
Post a Comment