Tuesday, 3 July 2007

അദ്ധ്യായം 1-10

Thirukkural in Malayalam (Translator: V.V. Abdullah Sahib)
തിരുക്കുറൾ മലയാളത്തിൽ

ഒന്നാം ഭാഗം: ധര്മ്മപ്രകരണം

1. ദൈവസ്തുതി

അകാരത്തിൽത്തുടങ്ങുന്നു അക്ഷരാവലി; യെന്നപോൽ
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തി തന്നെയാം

ജ്ഞാനസ്വരൂപൻ ദൈവത്തെയാരാധിക്കാതിരിപ്പവൻ
നേടിയിട്ടുള്ള വിജ്ഞാനം നിശ്ചയംഫലശുന്യമാം

ഭക്തരിൻമനമാംതാരിൽ വസിക്കുംദിവ്യശക്തിയെ
ധ്യാനിക്കുന്നജനംമോക്ഷലബ്ധിയിൽ തുഷ്ടിനേടിടും

ഇഷ്ടാനിഷ്ടങ്ങളില്ലാത്ത ഭഗവാനേനിരന്തരം
ഓർമ്മയുള്ളോർക്കൊരുനാളും ദുഃഖംവന്നുഭവിച്ചിടാ

ദൈവത്തിൽ വിശ്വസിച്ചുംകൊണ്ടെപ്പോഴും നന്മചെയ്യുകിൽ
തിന്മവന്നുഭവിക്കില്ലാ ജീവിതത്തിലൊരിക്കലും

പഞ്ചേന്ദ്രിയസംയമനം ചെയ്തുദൈവീകമാർഗ്ഗമായ്
ജീവിതായോധനം ചെയ്വോർ ചിരഞ്ജീവികളായിടും

നിസ്തുലഗുണവാനാകും ദൈവത്തിൻ നിനവെന്നിയേ
മനോദുഃഖമകറ്റിടാൻ സാദ്ധ്യമാകുന്നതല്ലകേൾ

ദൈവവിശ്വാസമുൾക്കൊണ്ട് ധർമ്മക്കടൽ കടക്കാതെ
അർത്ഥകാമാഴികൾതാങ്ങാൻ സാദ്ധ്യമാകില്ലൊരിക്കലും

കർമ്മശേഷി നശിച്ചുള്ള പഞ്ചേന്ദ്രിയങ്ങൾപോലവേ
അഷ്ടഗുണവാനീശനെ ഭജിക്കാത്തോൻ വിനഷ്ടമാം

ദൈവഭക്തിയോടെ ലോകജിവിതം നിയന്ത്രിപ്പവൻ
പുനർജ്ജന്മക്കടൽ താണ്ടുമല്ലാത്തോർക്കതസാദ്ധ്യമാം 

2. ആകാശമഹിമ 

വർഷപാതത്തിനാൽ ലോകം ജീവസ്സുറ്റു വളർന്നിടും 
തന്മൂലം മാരി ലോകത്തിന്നമൃതമാകുന്നു നിശ്ചയം.

ഭക്ഷ്യധാന്യങ്ങളുണ്ടാക്കി മാനവർക്ക് കൊടുപ്പതും 
താനും ഭക്ഷണമായ്ത്തന്നെ നിലകൊള്ളു ന്നതും മഴ 

കാലത്താൽ മഴ പെയ്യാതെയിരുന്നാലാഴിചൂഴുമീ 
ഭൂമിയിൽ പശിയാൽ നാശമേറെവന്നു ഭവിച്ചിടും 

മാരിയാകും വളം തീരെ കുറവായെന്ന് വന്നിടിൽ 
കൃഷിക്കാർ കന്നുപൂട്ടാനായ് തയ്യാറാവില്ലൊരിക്കലും 

ദുഷ്ടരേ മഴപെയ്യാതെ ദ്രോഹിക്കുന്നത് പോലവേ 
പെയ്തു ദുഷ്ടരെ രക്ഷിക്കാൻ പ്രാപ്തിയുടയതും മഴ 

ഭൂമുഖത്ത് മഴത്തുള്ളി വീഴുകില്ലെന്ന് വന്നിടിൽ 
കാലികൾക്കാഹരിക്കാനായ് തൃണവർഗ്ഗം മുളച്ചിടാ 

ആഴിയിൽ നിന്നെടുത്ത നീരാഴിയിൽ ചേർന്നിടായ്കിലോ 
സുമുദ്രത്തിൻറെ ഗാംഭീര്യം തന്നെ നന്നേ കുറഞ്ഞുപോം 

ദേവന്മാർക്കായ് നടത്തുന്ന പൂജകർമ്മാദിയൊക്കെയും 
മുടങ്ങാനിടവന്നീടും മഴപെയ്യാതിരിക്കുകിൽ 

വാനം പിന്മാറിയെന്നാകിൽ ജനം ചെയ്തുവരുന്നതാം 
തപദാനാദികൾക്കെല്ലാം നൂനം വിഘ്നം ഭവിച്ചീടും 

ജലമില്ലാതെ ജീവിക്കാനാരാലും കഴിവറ്റതാം 
മഴയില്ലെങ്കിൽ സന്മാർഗ്ഗ ജീവിതം ദുഷ്കരം ദൃഢം 

3. സന്യാസം 

ആശ്രമനീതിപാലിച്ചും ആശയറ്റു കഴിഞ്ഞിടും 
ശ്രേഷ്ഠന്മാരിൻ സന്യാസ മഹത്വങ്ങൾ ഗ്രന്ഥങ്ങൾ പുകഴുന്നതാം 

ഊഹിപ്പാൻ സാദ്ധ്യമാവില്ല വൈരാഗ്യത്തിൻറെ മേന്മകൾ 
ലോകത്തിലന്തരിച്ചോരെ ഗണിക്കാൻ സാദ്ധ്യമാകുമോ?

ജീവിതമരണം പോലെ ദ്വന്ദഭാവങ്ങൾ വേണ്ടപോൽ 
ചിന്തിച്ചറിഞ്ഞു സന്യാസമെടുത്തോരതിദിവ്യരാം 

ജ്ഞാനമാമായുധത്താലേ പഞ്ചേന്ത്രിയ ഗജങ്ങളെ 
അടക്കിവാഴും ശക്തൻതാൻ മോക്ഷമർഹിച്ചിടുന്നവൻ 

ഇന്ദ്രിയനിഗ്രഹം ചെയ്തു കൈവരിക്കുന്ന മാതൃക 
വാനലോകത്തിലെല്ലാർക്കും നേതാവായിടുമിന്ദ്രനാം 

ജന്മനാതുല്യരെന്നാലും ശ്രേഷ്‌ഠകർമ്മാനുവർത്തികൾ 
പെരിയോർ; മറ്റവർതാണ നിലവാരത്തിലുള്ളവർ 

സ്പർശനം, ദർശനം, ഘ്രാണം ശ്രവണം രുചിയെന്നിവ 
ചിന്തിക്കാൻ ശക്തിപ്രാപിച്ച വ്യക്തിലോകമറിഞ്ഞിടും 

അഴിയാമുനിമന്ത്രങ്ങൾ നിലനിൽക്കുന്നതോർക്കുകിൽ 
പുണ്യവാക്കരുളിച്ചെയ്ത മുനികൾ മേന്മ ഗ്രാഹ്യമാം 

മഹത്വമാം ശൈലത്തിന്മേൽ രമിക്കും മുനിപുംഗവർ 
കണം കോപമീയന്നെന്നാൽ ശാപമോക്ഷമസാദ്ധ്യമാം 

ജിവരാശികളിൻ നേരെ ദയവുള്ളവരാകയാൽ 
അന്തണരെന്നറിവോരെ മുനിമാരെന്നുരക്കാലാം 

4. ധർമ്മം 

ധർമ്മം മാന്യതയുണ്ടാക്കും കൂടെ സമ്പത്തുമേകിടും 
ഇത്രമേൽ നന്മ ചെയ്യുന്ന ധർമ്മമെത്ര സഹായകം 

ധർമ്മത്തേക്കാൾ മഹത്തായ വിത്തം വേറില്ലനേടുവാൻ 
ധർമ്മത്തേ വിസ്മരിക്കുന്നതേറ്റം ദൗർഭാഗ്യമായിടും 

തന്നാലാവും വിധം ധർമ്മ മാർഗ്ഗത്തിൽ വിഹരിക്കണം;
ധർമ്മമാർഗ്ഗം ത്യജിക്കാതെ സ്ഥിരമായ്‌നിലകൊള്ളണം 

ദുഷ്ടചിന്ത ജനിക്കാത്ത മനം ധർമ്മനിദാനമാം;
മനശ്ശുദ്ധിവിനാ കർമ്മമെല്ലാം പ്രകടനങ്ങളാം 

കോപം ഭോഗേച്ച്ഛയും പിന്നെ ദുർഭാഷണമസൂയയും 
ഇവനാലും ത്യജിച്ചീടിലതു ധാർമ്മിക ജീവിതം 

തൽക്ഷണം ധർമ്മപന്ഥാവിൽ ചരിക്കു, നീട്ടി വെക്കൊലാ 
സർവ്വം നിന്നെ ത്യജിച്ചാലും ധർമ്മം നിന്നെത്തുണച്ചിടും 

ധർമ്മത്താലുളവാം മേന്മയെന്തെന്നോതാതറിഞ്ഞിടാം 
പല്ലക്കേറ്റിനടപ്പോർക്ക് യാത്രികൾ തുല്യരാകുമോ?

ധർമ്മവിഘ്നം ഭവിക്കാതെ ജിവകാലം കഴിക്കുകിൽ 
പുനർജന്മകവാടത്തെ തടയും ശിലയായിടും 

ധർമ്മജീവിതമൊന്നേതാൻ നൂനമാനന്ദദായകം 
അന്യഥാലബ്ധമോദങ്ങൾ ദുഃഖകാരണമായിടും 

ഏവനും ഉയിർവാഴുമ്പോൾ ശ്രദ്ധയാനിർവ്വഹിക്കുവാൻ 
കടപ്പെട്ടുള്ളതേ ധർമ്മം; പാപമോ വർജ്ജനീയമാം 

5. ഗൃഹസ്ഥം 

ഗൃഹനാഥൻറെ സഹായത്താലിതരാശ്രമവാസികൾ 
യഥായോഗ്യം സ്വധർമ്മങ്ങൾ നിർവ്വഹിക്കുന്നു ക്ഷേമമായ്

സന്യാസം സ്വീകരിച്ചോർക്കും പൊരുളില്ലാദരിദ്രർക്കും 
യാചനം തൊഴിലായോർക്കും ഗൃഹസ്ഥൻ തുണയായിടും

പിതൃക്ക, ളതിഥി, ദൈവം കുഡുംബാദികൾതാനുമാം 
ധർമ്മമൈവർക്കനുഷ്ഠിക്കലെന്നും കടമായായിടും 

പാപം ഭയന്ന സമ്പാദ്യം ഭാഗം ചെയ്തനുഭോഗവും;
ഗൃഹസ്ഥൻ നിഷ്ഠപാലിക്കിലൈശ്വര്യമേറിടും ക്രമാൽ 

സ്നേഹവായ്പുമതോടൊപ്പം സ്വധർമ്മത്തിങ്കൽ ദീക്ഷയും 
നിഷ്കൃഷ്ടമായ്‌പാലിക്കുന്ന ഗൃഹസ്ഥാശ്രമി ധന്യനാം 

വഴിപോലെ സ്വധർമ്മങ്ങൾ ഗൃഹസ്ഥൻ നിർവ്വഹിക്കുകിൽ 
പ്രവേശിക്കുന്നതെന്തിനായ് മറ്റു മൂന്നാശ്രമങ്ങളിൽ?

ധർമ്മമോഹികളായുള്ള മുമുക്ഷുക്കളനേകരിൽ 
കടമകൾ പാലിക്കുന്ന ഗൃഹസ്ഥൻ ശ്രേഷ്ഠനായിടും  

വീഴ്ചപറ്റാതെ കർത്തവ്യം നിറവേറ്റും ഗൃഹസ്ഥനോ 
ആത്മദണ്ഡന ചെയ്യുന്ന മുനിയേക്കാൾ വിശിഷ്ടനാം 

ധർമ്മമെന്നു പറഞ്ഞാലോ ഗൃഹസ്ഥം തന്നയായിടും 
പഴിയന്യരുരക്കാറില്ലെങ്കിലേറെ വിശിഷ്ടമാം 

ഐഹികജീവിതം നീതിനിഷ്ഠയോടെനയിപ്പവൻ 
സ്വർഗ്ഗലോകസ്ഥരാം ദേവൻമാർക്ക് തുല്യം ഗണിച്ചിടും 

6. ജീവിതസഖി 

ഭർത്താവിൻ ശേഷിയും ജീവലക്ഷ്യവും കരുതുന്നതായ് 
സ്വയം സംയമനം പാലിക്കുന്നോളുത്തമ പത്നിയാം 

പത്നിയിൽ ഗൃഹനാഥന്നു യോജിക്കും ഗുണമില്ലയേൽ 
മേന്മയെത്രയിരുന്നാലും ജിവിതം പുണ്യമറ്റതാം 

ഭാര്യ ഗുണവതീയെങ്കിലെല്ലാമൈശ്വര്യപൂർണ്ണമാം 
ഗുണം കേട്ടവളാണെങ്കിൽ മേന്മയെല്ലാം നശിച്ചുപോം 

നിശ്ചയം പത്നിയിൻ പാതിവ്രത്യത്തേക്കാളുയർന്നതായ് 
പ്രതിക്ഷിക്കേണ്ടതായില്ല വേറെ സൽഗുണമൊന്നുമേ 

പ്രഭാതത്തിലെഴുന്നേറ്റു പതിയേ ദൈവമെന്നപോൽ 
ഭക്തിയോടെ നമിക്കുന്നോൾ പെയ്യെന്നാൽ പെയ്യുമേ മഴ 

പതിഭക്തിയോടെയെന്നും തന്നെയും തൻറെ മാനവും 
പതിയേയും സൽഗുണത്തേയും രക്ഷിക്കുന്നവളുത്തമി 

സ്ത്രീകൾക്ക് പുറമേനിന്ന് നൽകും കാവൽഫലപ്പെടാ 
പാതിവ്രത്യത്തൊടേതങ്ങൾ സ്വയം കാപ്പതു കാവലാം 

ഭർത്താക്കന്മാരെ ദൈവംപോൽ ഭക്തിയോടെ നിനക്കുകിൽ 
സ്ത്രീകൾക്ക് പരലോകത്തിൽ മഹത്വം കൈവരുന്നതാം 

ഭക്തയാം പത്നിയില്ലാത്തോൻ പഴികൂറും വിരോധിതൻ 
മുമ്പാകെ വീരസിംഹം പോലഭിമാനം നടിച്ചിടാ 

ഗുണസമ്പന്നയാം പത്നി ഭവനത്തിന്ന് മംഗളം;
നല്ലസന്താനമുണ്ടായാലലങ്കാരവുമായിടും 

7. സന്താനങ്ങൾ 

ഐഹികജീവിതത്തിങ്കലനുഗ്രഹമനേകമാം;
വിദ്വൽ സന്താനലാഭം പോലില്ലമാന്യത ലോകരിൽ 

അന്യരാൽ പഴികൂറാത്ത പുത്രനോന്നു ജനിക്കുകിൽ 
എഴുജന്മം വരാവുന്ന തീ വിനകളൊഴിഞ്ഞിടും 

സന്താനങ്ങൾ പിതൃസ്വത്താ ണെന്ന് ലോകോക്തിയുള്ളതാൽ 
മക്കളാലാർജ്ജിതം വിത്തം താതൻ സമ്പാദ്യമായിടും 

സ്വന്തം കുഞ്ഞിൻ കരത്താലേ കലമ്പിച്ചേർത്ത ഭക്ഷണം 
പിതാവിൻ ജിഹ്വയിൽ തീർത്തും പീയൂഷം പോൽ രുചിപ്രദം 

മക്കളിന്നുടൽ ദേഹത്തിൽ സ്പർശിച്ചാൽ കുളിരേകിടും 
ശബ്ദശ്രവണമോ കാതിന്നിമ്പമേകുന്നതായിടും 

കുഞ്ഞിൻകൊഞ്ചൽ ശ്രവിക്കാത്ത മന്ദഭാഗ്യർ കഥിച്ചിടും;
വീണയും കുഴലും കേൾവിക്കേറ്റം സുന്ദരമായിടും 

താതൻ പുത്രന് നൽകുന്ന ശ്രേഷ്ഠമാം ധനമൊന്നുതാൻ 
പണ്ഡിതന്മാർ സമൂഹത്തിൽ മുൻ നിൽക്കാൻ പ്രാപ്തമാക്കുക 

പുത്രൻ പണ്ഡിതനാകുമ്പോൾ പിതാവിന്നേറെമോദമാം 
ലോകജനതക്കെല്ലാർക്കുമാനന്ദമൊരുപോലെയാം 

തൻറെ പുത്രൻ പഠിപ്പുള്ളോനെന്ന് ലോകർ കഥിക്കവേ 
പിറന്ന നാളേക്കാളേറെ സന്തോഷമടയുന്നു തായ് 

തപത്താലിത്ര സൽപ്പുത്രൻ ജനിച്ചെന്നു ജനങ്ങളാൽ 
പുകഴ്ത്താനിടയാക്കുന്നതച്ഛനോടുള്ള നന്ദിയാം  

8. ദയ 

ദയയുള്ളോർ പരൻദുഃഖം കണ്ടാൽ കണ്ണീരൊഴുക്കിടും
ദയയെന്ന ഗുണം താഴിട്ടടക്കാനാവതാകുമോ?

ദയയില്ലാത്തവർ സർവം തങ്ങൾക്കെന്നു ധരിക്കയാം
ദയയുള്ളോരെല്ലും കൂടെ പൊതുസ്വത്തായ് ഗണിച്ചിടും 

ദേഹത്തിന്നും വഹിക്കുന്ന ദേഹിക്കുമിടയിൽ വരും 
ബന്ധം തന്നെ നിനച്ചീടിൽ ദയയാലുത്ഭവിപ്പതാം 

ബന്ധമില്ലെങ്കിലും സ്നേഹം തോന്നിക്കും ദയ കാട്ടണം 
ദൈവജീവിതമാർഗ്ഗത്തിൽ ജ്ഞാനമുൽപ്ന്നരുടെ മായിടും 

ലോകരോടു ദയാപൂർവ്വം പഴകിക്കഴിയുന്നവർ 
നിർണ്ണയമിഹലോകത്തിലിമ്പമനുഭവിച്ചിടും 

ദയയാൽ ധർമ്മകർമ്മങ്ങൾ മാത്രമുൽപ്പന്നമായിടും 
എന്നതജ്ഞരുടെ ചിന്ത; ധീരതക്കുമതേ തുണ 

വെയിൽ വാട്ടിയുണക്കും പോലെല്ലി ല്ലാത്ത പുഴുക്കളെ 
ധർമ്മനീതിഹനിക്കുന്നു ദയയില്ലാത്ത ദുഷ്ടരെ 

മരുഭൂമിയിൽ വാടുന്ന തരുവിൻ തളിരെന്ന പോൽ 
ഫലമില്ലാതെ പാഴാകും ദയാശുന്യൻറെ ജിവിതം 

ദയയാകുന്നൊരുള്ളംഗമുടമപ്പെട്ടിടാത്തവൻ 
ബാഹ്യമംഗളങ്ങളുണ്ടായിട്ടെന്തവന്ന് പ്രയോജനം?

ദയാശീലൻ ജീവിക്കുന്നു ദേഹിയുള്ള ശരീരമായ്‌ 
ദയയില്ലാത്തവൻ, പാർത്താൽ തോൽക്കുടിലസ്ഥിപഞ്ജരം 

9. ആതിഥ്യം 

അതിഥീ സേവനം ചെയ്‌വാൻ ലക്ഷ്യമുള്ളിലിരിക്കയാൽ 
ഗൃഹസ്ഥൻ തൻ പ്രയത്നത്താൽ ധനമാർജ്ജിപ്പതൊക്കെയും 

അതിഥി വിട്ടിലുള്ളപ്പോൾ തനിയേ താൻ ഭുജിച്ചിടൽ 
അമൃത് തന്നെയായാലുമൊട്ടുമുചിതമല്ല കേൾ 

അതിഥികൾക്കെല്ലായ്പ്പോഴുമാതി ഥ്യം നൽകിടുന്നവൻ 
എവ്വിധദുഃഖതാപത്താലൊട്ടും കെട്ടുമുടിഞ്ഞിടാ 

അതിഥിയെ സ്നേഹത്തോടെ സ്വീകരിച്ചാദരിച്ചിടും 
ഭവനത്തിലെല്ലായ്പ്പോഴുമൈശ്വര്യം വിളയാടിടും 

അതിഥി സൽക്കാരം ചെയ്തു ശേഷിപ്പതു ഭുജിപ്പവൻ 
സ്വന്തം കൃഷിയിടത്തിങ്കൽ വിത്തുപാകേണ്ടതില്ല പോൽ 

വന്നവർക്കന്നമേകി, പിൻ വരുവോരെ പ്രതീക്ഷിക്കും 
ഗൃഹസ്ഥൻ വാനലോകത്തിൽ ദേവർക്കതിഥിയായിടും 

വിരുന്നൂട്ടി സ്വയം ധർമ്മമാചരിക്കും ഗൃഹസ്ഥൻറെ 
പുണ്യമായതിഥിക്കേറ്റ സംതൃപ്തിക്കനുപാതമാം 

ആതിതേയത്വമേൽക്കാതെ ലാഭത്തോടെ കഴിപ്പവൻ 
എല്ലാം നശിച്ചുപോയല്ലോയെന്നൊരിക്കൽ തപിച്ചിടും 

അതിഥിസൽക്കാരം ചെയ്‌വാൻ മടികാട്ടും ധനാധിപൻ 
ഐശ്വര്യത്തോടെ ദാരിദ്ര്യം പേറും ഭോഷത്വമാർന്നവൻ 

മുഖത്തണച്ചു സൗഗന്ധമേറ്റാൽ വാടുന്നു പുഷ്പകം 
ആതിതേയമുഖം കണ്ടാൽ വാടിപ്പോകും വിരുന്നുകാർ 

10. മധുരവാണി 

വഞ്ചന ലേശമില്ലാതെ സ്നേഹപുർവ്വം കഥിപ്പവൻ 
വിജ്ഞരിൻ വാക്യമെപ്പോഴും മാധുര്യം പ്രകടിപ്പതാം 

സുസ്മേരവദനത്തോടെ മധുപോലുരിയാടിയാൽ 
ആത്മാർത്ഥമാം ദാനത്തേക്കാളേറ്റവും നന്മയുള്ളതാം 

തുഷ്ടമാം മുഖഭാവത്തിലിമ്പമായ് വദനം നോക്കി
സ്നേഹമൂറുന്ന വാക്യങ്ങളുച്ചരിപ്പതു ധർമ്മമാം 

സന്തോഷമുളമാംവണ്ണം ഭാഷണം ശീലമാക്കുകിൽ 
ദാരിദ്ര്യഹേതുവാലൊട്ടും ദുഃഖിക്കാനിടവന്നിടാ 

വിനായഭാവവും, കൂടെ തേനൂറും മൃദുവാണിയും;
വ്യക്തിയിൽ ഭൂഷണം വേറിട്ടൊന്നുമില്ലതു പോലെകേൾ 

അന്യരിൽ നന്മയാശിച്ചും നല്ലവാക്കുരിയാടിയാൽ 
പാപങ്ങൾ തേഞ്ഞുമാഞ്ഞീടും  പുണ്യങ്ങളേറി വന്നിടും 

ദാനം ചെയ്യുന്നതോടൊപ്പം നന്മയായ് വാക്കുരക്കുകിൽ 
ഇമ്പമാം ജിവിതം ലഭ്യം നന്മയേറെ വളർന്നിടും 

ദോഷമന്യർക്ക് ചെയ്യാതെ മധുരഭാഷിയാവുകിൽ 
നിർണ്ണയമിരുലോകത്തുമിമ്പമോടെ വസിക്കലാം 

സ്വാദേറും വാക്കുകൾ നൽകുമാനന്ദമാസ്വദിച്ചവൻ 
അന്യരോടുരിയാടുമ്പോൾ ക്രൂരമാവുന്നതെന്തിനേ?

മധുരവാക്കുരക്കാതെ പാരുഷ്യം വെളിവാക്കുകിൽ 

തരുവിൽ പഴമുള്ളപ്പോൾ കായ്ഭുജിപ്പതു പോലെയാം 

No comments:

Post a Comment