രണ്ടാം ഭാഗം: ഭൗതികപ്രകരണം
39.
സാമ്രാജ്യം
സേനയും, മന്ത്രിയും,
കോട്ട, ജനവും, ധനവും, പ്രിയർ
ഇവയാറും തികഞ്ഞുള്ള രാജൻ സിംഹാസമൻ ദൃഢം
ഭയരാഹിത്യവും, ദാനശീലവും, പിൻവിവേകവും,
ഉത്സാഹമീ ഗുണമ നാലും രാജനിൽ നിലകൊള്ളണം
ഉത്സാഹമീ ഗുണമ നാലും രാജനിൽ നിലകൊള്ളണം
അദ്ധ്വാനശീലവും ജ്ഞാനം ധൈര്യമെന്നീ ഗുണങ്ങളും
ഒഴിയാതെയിരിക്കേണം നാടുവാഴുന്ന മന്നനിൽ
വാഴ്ചക്ക് ചേർന്ന ധൈര്യത്തോടധർമ്മം നീക്കി വീര്യവും
കാത്തു, മാനമതിപ്പോടെ വാഴും രാജൻ വിശിഷ്ടനാം
ധനമുൽപ്പാദനം പിന്നെ സമാഹാരം സുരക്ഷണം
വ്യയം ചെയ്യുന്നതിൽ നീതി നിഷ്ഠയും രാജധർമ്മമാം
കാഴ്ചക്കെളിമയും വാർത്താകാഠിന്യമിയലായ്മയും
രാജനീഗുണമുണ്ടെങ്കിൽ രാജ്യം ലോകപ്രശസ്തമാം
മധുരവാണിയോടൊപ്പം ദീനരക്ഷണശീലനാം
രാജൻ തൻ പുകഴും നാടുമിച്ച്ഛപോൽ രൂപമാർന്നിടും
പ്രജാരക്ഷണവും ചെയ്തു നീതിപൂർവ്വം ഭരിക്കുന്ന
രാജനെ വിലകൽപ്പിക്കും ദൈവം പോൽ പ്രജകോടികൾ
കുറ്റം കൂറുന്നതായാലുമുപദേശങ്ങൾ ശ്രദ്ധയാ
കേൾക്കും രാജൻ കുടക്കീഴിലമരും ലോകമൊക്കെയും
ദാനവും ദയയും ചെങ്കോൽ മുറയും, ദീനരക്ഷയും
നാലും ചേർന്നരുളും രാജൻ വിളങ്ങും ദീപമെന്നപോൽ
40.
പഠനം
ആവശ്യം വേണ്ട വിജ്ഞാനം വഴിപോലഭ്യസിച്ച പിൻ
ലബ്ധവിദ്യ പ്രയോഗിച്ചു ജീവിതം ധന്യമാക്കണം
ഗണിതവും സാഹിത്യവും ഉയിർവാഴും മനുഷ്യർക്ക്
നയനദ്വയമാണെന്ന് ചൊല്ലീടുന്നു മഹത്തുകൾ
അഭ്യസ്തവിദ്യരായുള്ളോർ കണ്ണുള്ളോരെന്ന് ചോല്ലലാം
അജ്ഞരോ വദനത്തിന്മേൽ വ്രണം രണ്ടുവഹിപ്പവർ
ആനന്ദം തോന്നുമാർ കൂടിക്കലർന്നു പഴകിപ്പിന്നെ
മനം നൊന്ത് പിരിഞ്ഞീടൽ പണ്ഢിതർക്കനുയോജ്യമാം
പാവങ്ങൾ ധനികർ മുന്നിലെന്നപോൽ പണ്ഢിതൻ മുന്നിൽ
ഏങ്ങിനിന്നു പഠിച്ചുള്ളോർ യോഗ്യ രേഴകളന്യരും
കെണിയിൽ താഴ്ച കൂടുമ്പോൾ ജലമുറിവരുന്നപോൽ
അഭ്യാസാധിക്യമേറും പോലറിവേറി വളർന്നിടും
പിറന്നനാടുപോൽ വിജ്ഞന്നെല്ലാനാടും സമത്വമാം
മാലോകരന്തരിപ്പോളം വിദ്യനേടാത്തതെന്തിനാൽ?
ഒരു ജന്മത്തിലാർജ്ജിച്ച തത്വവിജ്ഞാനശേഖരം
ഏഴുജന്മാന്തരത്തോളം നിലനിൽക്കും മനുഷ്യനിൽ
വിജ്ഞാനത്താൽ തനിക്കുള്ള തോഷത്തിൽ ലോകരും തൃപ്തി
ഭാവിക്കുന്നതിനാൽ വിദ്യ വർദ്ധിക്കാനാശയേറിടും
ഒരുനാളും നശിക്കാത്ത ശ്രേഷ്ഠസമ്പത്തു വിദ്യയാം
മറ്റു സമ്പാദ്യവസ്തുക്കൾക്കൊന്നും സ്ഥിരതയില്ലകേൾ
41. അനഭ്യാസം
ഗ്രന്ഥ മോതാത്തവൻ വിജ്ഞസംഘത്തോടരിയാടിയാൽ
പകിടവേദി കേറാതെ കട്ടയുരുട്ടും പോലെയാം
വിജ്ഞർ കൂടുന്ന യോഗത്തിലജ്ഞനോതാൻ കൊതിക്കുകിൽ
സ്തനമില്ലാത്തവൾ സ്ത്രീത്വം ഭാവിക്കുന്നത് പോലെയാം
പണ്ഡിതന്മാരുടെ മുമ്പിൽ മൗനം ദീക്ഷിച്ചിരിക്കുകിൽ
അജ്ഞന്നമളിപറ്റാതെ മാന്യനായ് വിലസീടലാം
വിദ്യയില്ലാത്തവൻ വാക്യം യോഗ്യമാണെന്നിരിക്കിലും
വിജ്ഞരായവരാവാക്യം സ്വീകരിക്കാൻ മറുത്തിടും
അജ്ഞനായുള്ളവൻ ഗർവ്വാൽ വിജ്ഞഭാവം നടിക്കുകിൽ
വിജ്ഞരോടരിയാടുമ്പോൾ ഭാവം താനേ പൊലിഞ്ഞിടും
വിദ്യയില്ലാത്തവൻ പാരിൽ ജീവിക്കുന്നവനെങ്കിലും
വിളവൊന്നും ലഭിക്കാത്ത തരിശുഭൂമിയാണവൻ
ലേശം വിജ്ഞാനമില്ലാതെ വേഷം കെട്ടിനടപ്പവൻ
ചായം തേച്ചു മിനുങ്ങുന്ന മണ്ണാൽ നിർമ്മിതപാവയാം
വിജ്ഞാനതൃഷ്ണയില്ലാതെ സമ്പത്താർജ്ജിച്ച പാമരൻ
ദീനനാം വിജ്ഞനേക്കാളും ലോകത്തിന്നു വിനാശമാം
കീഴ്ജാതിയിൽ പിറന്നാലും വിദ്യാസമ്പന്നനായവൻ
മേൽജാതിയിൽ പിറന്നോനാമജ്ഞനേക്കാൾ വിശിഷ്ടനാം
ഗ്രന്ഥപാരായണത്താലേ വിദ്യനേടിയെടുത്തവൻ
മാടും മനിതനും പോലേയജ്ഞർക്കുപരിയായിടും
42. ശ്രവണം
കേൾവിയാൽ നേടിടും നേട്ടം സമ്പത്തുക്കളിലൊന്നുതാൻ;
സർവ്വസമ്പത്തിലും ശ്രേഷ്ഠം കേൾവി സമ്പത്തുതന്നെയാം
കർണ്ണങ്ങൾക്കന്നമാകുന്ന കേൾവിയൽപ്പം കുറഞ്ഞീടിൽ
ഒപ്പമായ് വയറിന്നന്നമൽപ്പമായും തരപ്പെടും
ചെവിയന്നം ഭുജിക്കുന്നോർ ഭൂമിയിൽ വാഴ്വതെങ്കിലും
ആത്മീയഭോജനക്കാരാം ദേവരോടിണയായിടും
പഠിച്ചില്ലെങ്കിലും വിദ്വൽ ഭാഷണങ്ങൾ ശ്രവിക്കണം
വാർദ്ധക്യദശയിൽ ഊന്നുവടി പോൽ തുണയായിടും
പൂജ്യരായ മഹത്തുക്കൾ ചൊല്ലും വാമൊഴിയൊക്കെയും
വഴുക്കിൽ താങ്ങുമൂന്നായി ജിവിതത്തിൽ തുണച്ചിടും
അളവിൽ കുറവായാലും കേട്ടു വിദ്യ പഠിക്കണം
കേട്ടറിഞ്ഞളവിൽ മേന്മ കൈവരിക്കാൻ കഴിഞ്ഞിടും
കേട്ടുമന്വേഷനത്താലും വിജ്ഞാനം നേടിയുള്ളവർ
പൂർണ്ണധാരണയില്ലേലും ചൊല്ലാ വിഡ്ഢിത്തമേകദാ
വിജ്ഞാനദ്ധ്വനികേറാത്ത കർണ്ണങ്ങൾ ധ്വാനമേൽക്കിലും
ഓട്ടയില്ലാതെ, ബാധിര്യം ബാധിച്ചതിന് തുല്യമാം
ശ്രേഷ്ഠമാകിയ തത്വങ്ങൾ ശ്രവിച്ചു പഴകാത്തവർ
നന്മയാം വാർത്തകൾ ചൊൽവാൻ കെൽപ്പില്ലാത്തവരായിടും
വിജ്ഞാനരുചികർണ്ണത്താൽ കേൾകാതെ, രസനാരുചി
കൊണ്ടു തൃപ്തരിറന്നാലുമിരുന്നാലുമൊരേഫലം
43. വിജ്ഞാനം
നാശമില്ലാതെ കാക്കുന്ന വസ്തുവാകുന്നു ബോധനം
ശത്രുക്കൾക്ക് നശിപ്പിക്കാൻ സാദ്ധ്യമല്ലാത്ത കോട്ടയും
ദുർമാർഗ്ഗത്തിൽ ചരിക്കാതെ പാപചിന്തയിൽ മുഴുകാതെ
കാടുകേറുന്ന ചിത്തത്തെ കാക്കുന്നതറിവായിടും
ശ്രദ്ധയിൽപ്പെട്ട കാര്യങ്ങളപ്പാടെ സ്വീകരിക്കൊലാ
സത്യാസത്യം വിവേചിക്കാൻ വിജ്ഞാനം തുണയായിടും
സ്വന്തം വാക്കുകൾ നിർബാധം ശ്രോതാക്കൾക്ക് ഗ്രഹിപ്പാനും
കേൾപ്പതിൻ സത്യമോരാനും വിദ്യയേറ്റം പ്രയോജനം
ആദിയിൽ തുഷ്ടിയും രോഷം പിറകേ കാണിക്കാതെയും
സമൂഹസ്നേഹമാർജ്ജിക്കാൻ സഹായിപ്പത് വിദ്യയാം
ലോകത്തിൻ ഗതി സശ്രദ്ധമാരാഞ്ഞതിന് തക്കതായ്
ഇഴുകിച്ചേർന്ന് ജീവിക്കാൻ വിദ്യതന്നെ തുണച്ചിടും
ഭാവികാര്യങ്ങൾ മുൻകൂട്ടിയറിയും വിദ്യയുള്ളവർ
വിദ്യയില്ലാത്തവർക്കൊന്നും തന്നേമുന്നേയറിഞ്ഞിടാ
ഭയപ്പെടേണ്ടും കാര്യങ്ങൾ ഭയന്നീടുന്നു ജ്ഞാനികൾ
ഭയപ്പെടാതിരിക്കുന്നോരജ്ഞരെന്നത് നിശ്ചയം
ദീർഘദൃഷ്ടിയോടെ ഭാവിയൂഹിച്ചീടുന്ന വിജ്ഞരിൽ
നടുങ്ങത്തക്ക ദുഃഖങ്ങൾ നേരിടാനിടയായിടാ
അറിവുള്ളോരെല്ലാമുള്ളോരൊന്നുമില്ലെന്നിരിക്കിലും
അറിവില്ലാത്തവരെല്ലാമുണ്ടാകിലുമില്ലാത്തവർ
44. കുറ്റം
കാമക്രോധമദം പോലെ ദോഷങ്ങളിയലാത്തവർ
ഭോഗങ്ങളളവില്ലാതെ വാഴ്ചയിലുടമപ്പെടും
ഗുണമില്ലാത്തലോഭവും അളവില്ലാത്ത ഭോഗവും
നന്മയില്ലാത്ത മാനവും നേതാക്കൾക്കരുതായ്മയാം
കുറ്റം ഭയന്നമാലോകർ തിനയോളം കുറ്റങ്ങളെ
പനയോളമെന്ന് കണ്ടു കാത്തു സൂക്ഷിച്ചുകൊള്ളുമേ
കുറ്റം ചെയ്യുന്നതാണെങ്കിൽ ശത്രുതക്കിടയാക്കിടും
തന്നാൽ കുറ്റം ഭവിക്കാതെ കാത്തുകൊള്ളുന്നതുത്തമം
കുറ്റം വരാതെ സൂക്ഷിക്കാൻ വയ്യാത്തവൻറെ ജീവിതം
അഗ്നിയോടു സമീപിക്കും വൈക്കോൽ തുമ്പിന് തുല്യമാം
ആത്മശോധനയാൽ സ്വന്തം കുറ്റം കണ്ടൊഴിവാക്കണം
ശേഷമന്യരുടെ ദോഷം കണ്ടാൽ കുറ്റമൊഴിഞ്ഞിടും
ധനത്താൽ നിറവേറ്റെണ്ടും ധർമ്മം ചെയ്യാതെ സ്വാർത്ഥനായ്
കയ്യടക്കിയൊതുക്കുന്ന ധനം നാശമടഞ്ഞിടും
ചെലവാക്കാൻ മടികാട്ടിപ്പിശുക്കാൽ ചേർത്തുവെച്ചിടും
ധനത്തോടൊട്ടി നിൽക്കുന്ന കുറ്റം വമ്പിച്ചതായിടും
ഒരു നാളും സ്വയം നന്മയെണ്ണിമേന്മ നടിക്കൊലാ
നന്മ നൽകാത്ത കാര്യങ്ങൾ നിർവഹിക്കാതിരിക്കണം
സ്വയമിച്ച്ഛാനുഭോഗങ്ങൾ ഗോപ്യമായ് തന്നെ വെക്കുകിൽ
ശത്രുവാലുളവാകുന്ന ദ്രോഹമേൽക്കാതെ പാഴിലാം
45. സഹവാസം
ധർമ്മബോധത്തുടൻ തന്നിൽ മൂത്തവിദ്വൽജനങ്ങളെ
ഗുണമേന്മ വിചാരിച്ചു സ്നേഹമാർജ്ജിച്ചുകൊള്ളണം
വന്നദോഷങ്ങളെപ്പോക്കി വരാവുന്നവയെക്കണ്ടു
തടയാൻ ശേഷിയുള്ളോരെ സ്നേഹിച്ചു വശമാക്കണം
യോഗ്യരിൽ സ്നേഹമർപ്പിച്ചുമനുകൂലഭാവത്താക്കൽ
സർവ്വകഴിവുകളേക്കാളും മികച്ച കഴിവായിടും
താന്നേക്കാൾ യോഗ്യരായുള്ള വ്യക്തികൾ കൂട്ടുകാരായി
വസിക്കും പടിവർത്തിക്കും പ്രാപ്തിയേറെ മികച്ചതാം
യുക്തമാർഗ്ഗങ്ങൾ കണ്ടെത്തും പണ്ഢിതർ ലോചനങ്ങളാം
രാജനും യോഗ്യരായോരെ തേടിക്കൂടെ നിറുത്തണം
അറിവും ധർമ്മവും ചേർന്നു യോഗ്യന്മാരിലൊരുത്തനായ്
തീർന്നാൽ ശത്രുവിരോധങ്ങളൊന്നും തന്നെ ഫലിച്ചിടാ
മുഖം നോക്കാതെ നിർദ്ദേശം നൽകുന്ന ഗുണകാംക്ഷികൾ
ഇരിക്കെ ദ്രോഹമേൽപ്പിക്കാനാർക്കാനും കഴിവാകുമോ?
നിർദ്ദേശം ധീരമായ് നൽകും മന്ത്രിയില്ലാത്ത മന്നവൻ
കാവലില്ലാത്തവൻ; ശത്രു കൂടാതേ കെട്ടുപോയിടും
മുതലില്ലാത്ത വ്യാപാരിക്കില്ലാ ലാഭം; മതേവിധം
രക്ഷക്കായ് തണിയില്ലാത്തോർക്കില്ലാ ജീവിതമേൽഗതി
സജ്ജനമമതാത്യാഗം പലരോടും വഴക്കായി
ശാത്രവം കൊൾവതേക്കാളും പൻമടങ്ങപകാരമാം
46. വംശം
മേലോരിൻ സമ്പ്രദായങ്ങൾ കീഴോരിൽ ഭയഹേതുകം
കീഴോർതങ്ങളുടെ രീതി ശ്രേഷ്ഠമെന്നാചരിച്ചിടും
നിലത്തിൻ ഗുണമേന്മക്ക് ചേർന്നതാമുറയും ജലം;
മനുജന്നറിവും താൻ ചേർന്നാളും വംശത്തിനൊത്തതാം
പ്രകൃത്യാ പൊതുവിജ്ഞാനമെല്ലാവരിലുമുള്ളതാം;
ഏകൻ ചേർന്ന ഗണം നോക്കി ജനം വിലയിരുത്തിടും
ഒരുത്തന്നറിവെല്ലാം തന്നുള്ളിലുണ്ടാവതെങ്കിലും
സത്യത്തിലവനുൾക്കൊള്ളും വംശത്തിന്നനുയോജ്യമാം
ചെയ്തി ശുദ്ധി, മനോശുദ്ധിയിവരണ്ടുമൊരുത്തനിൽ
ജന്മനാ ചേർന്നിരിക്കുന്ന വംശത്താലേർപ്പെടുന്നതാം
ശുദ്ധമാനസമുള്ളോർ സൽകീർത്തിയോടെ വിളങ്ങിടും
വംശം നല്ലവരെങ്കിൽ ദുഷ്ക്കർമ്മകാരികളായിടാ
ജിവിതത്തിൽ മനശ്ശുദ്ധി നേട്ടങ്ങൾക്കിടയായിടും
വർഗ്ഗശുദ്ധിയുമുണ്ടെങ്കിൽ കീർത്തിമാനായ് ഭവിച്ചിടും
മനോഗുണങ്ങളൊന്നേതാൻ ശ്രേഷ്ഠമായവയെങ്കിലും
മുഖ്യമായ് വ്യക്തിയിൻ വർഗ്ഗമുന്നതന്മാർ ഗണിച്ചിടും
മനോനന്മയിനാൽ പരലോകം സന്തോഷമായിടും
മേലും ശ്രേഷ്ഠത പ്രാപിക്കും വംശനന്മയിനാലെയും
ഉലകിൽ പെരുതാം താങ്ങായ് വേറില്ല കുലനന്മ പോൽ
ഹീനവംശേപിറക്കും പോൽ തുമ്പമേകുന്ന ശത്രുവും
47. പ്രവർത്തനം
വന്നേക്കാവും തളർച്ചയും തുടർന്നുള്ള വളർച്ചയും
ലാഭവും ചർച്ച ചെയ്യേണം തൊഴിലാരംഭവേളയിൽ
വൈദഗ്ദ്ധ്യം നേടിയുള്ളോരെ സംഘടിപ്പിച്ചു താനുമായ്
ചിന്തിച്ചു നിർവഹിച്ചീടിൽ പ്രയാസങ്ങളൊഴിഞ്ഞിടും
ഭാവിലാഭം കൊതിച്ചു കൊണ്ടുള്ള സ്വത്തു നശിക്കുവാൻ
ഹേതുവാകുന്ന കാര്യത്തിലേർപ്പെടാ വിദ്യയുള്ളവർ
മാനഹാനി വരുത്തുന്ന കുറ്റം ഭയപ്പെടുന്നവൻ
ഭാവിസാദ്ധ്യതയോരാതെ കാര്യമൊന്നും തുടങ്ങിടാ
ഭവിഷ്യത്തു ഗണിക്കാതെ കാര്യമെല്ലാം തുടങ്ങുകിൽ
ശത്രുക്കൾ ശക്തി പ്രാപിക്കാനത് കാരണമായിടും
ചെയ്തു കൂടാത്ത കാര്യങ്ങൾ ചെയ്താൽ നാശമടഞ്ഞിടും
ചെയ്യേണ്ടുന്നവ ചെയ്യാതെ വിട്ടാലുമതു താൻ ഗതി
കാര്യചിന്തന ചെയ്തിട്ട് സധൈര്യം ചെയ്യണം തൊഴിൽ
ആരംഭിച്ചിട്ടു കഴിഞ്ഞിട്ടു ചിന്തിക്കുന്നത് കുറ്റമാം
വേണ്ടപോൽ ചിന്തചെയ്യാതെ പ്രാരംഭിക്കുന്ന സംഗതി
തുണയായ് പലർ കാത്താലും നാശത്തിലാപതിച്ചിടും
തൻഗുണങ്ങളെയാരാഞ്ഞു ചേരുംപടിക്ക് ചെയ്യാഞ്ഞാൽ
നന്മ ചെയ്യുന്ന കാര്യത്തിൽ തെറ്റു വന്നു ഭവിച്ചിടും
യോഗ്യതക്ക് നിരക്കാത്ത കർമ്മം ലോകർ പഴിച്ചിടും
തനിക്ക് താഴ്ച പറ്റാത്ത കാര്യം ചെയ്യാനൊരുങ്ങണം
48. ശക്തി
തൻറെയും തൊഴിലിൻറെയും വലിപ്പം, ശത്രുവിൻറെയും
ഇരുവർക്കും തുണയായോരിൽ വലിപ്പം കണ്ടു ചെയ്യണം
തനിക്ക് ചേർന്ന തൊഴിലുമറിയേണ്ടും കാര്യങ്ങളും
അറിഞ്ഞു മുഴുകുന്നോർക്ക് കാര്യമെല്ലാം നടന്നിടും
സ്വശക്തി നോക്കാതെ മനശ്ശക്തിയാലേ സുശക്തരിൽ
ഏറ്റുമുട്ടിപ്പരാജയമേറ്റു വാങ്ങിയനേകരും
അന്യരോടൊത്തു പോകാതെ സ്വന്തം കഴിവ് നോക്കാതെ
അഹങ്കാരം നടിക്കുന്നോരതിശീഘ്രം നശിച്ചിടും
മയിലിൻ ചിറകായാലും വണ്ടിയിൽ കൊണ്ടുപോകവേ
ഭാരം ദുർവഹമായെങ്കിൽ വണ്ടിയച്ചു മുറിഞ്ഞുപോം
വൃക്ഷത്തിൽ കയറീടുന്നോൻ കാക്കാച്ചില്ലയിലെത്തിയാൽ
പിന്നെയും കയറാനുള്ള ശ്രമം മൃത്യുവരിക്കലാം
സ്വന്തം നിലയറിഞ്ഞിട്ടേ ദാനമന്യന്ന് ചെയ്തിടൂ
ദാനമങ്ങിനെ ചെയ്തെന്നാൽ ശേഷം സ്വത്തിന് രക്ഷയാം
വരവേറെക്കുറഞ്ഞാലും കൂടുതൽ ചെലവാക്കാതെ
നിയന്ത്രണം പാലിച്ചെന്നാലതിനാലില്ല ദൂഷണം
അർത്ഥപുഷ്ടി ഗണിക്കാതെ ധൂർത്തനായ് വിളയാടുകിൽ
താനിരിപ്പത് പോൽ തോന്നുമില്ലാതായി നശിച്ചിടും
ധനസ്ഥിതി ഗൗനിക്കാതെ ദാനശീലം വളർത്തിയാൽ
ക്രമത്തിൽ ധനമെല്ലാം പോയ് ദാരിദ്ര്യത്തിൽ പതിച്ചിടും
49. കാലം
പകലിൽ കാക്കതോൽപ്പിക്കും ഭീമനായുള്ള മൂങ്ങയെ
ശത്രുവെ നേരിടും രാജൻ കാലം നോക്കിയിറങ്ങണം
കാലത്തിന്നനുയോജ്യമായ് കാര്യങ്ങൾ നിറവേറ്റണം
ധനം നീങ്ങാതെ തൻകൂടെ കെട്ടും പാശമതാണ് താൻ
പണിക്ക് ചേർന്ന സാമഗ്രി കൂടെയുണ്ടായിരിക്കവേ
തക്കകാലം തുടങ്ങീടിൽ തൊഴിലെല്ലാം മഹത്തരം
നാടിന്നൊത്തവിധം, കാലം നോക്കിവേലമുടിക്കുകിൽ
ലോകം തന്നെയടക്കാനായാശിച്ചാൽ നിറവേറിടും
ലോകം വെല്ലാൻ കൊതിക്കുന്നോർ മനം കലങ്ങിപ്പോകാതെ
തക്കകാലമടുക്കാനായ് കാത്തിരിക്കുന്നു മൗനമായ്
പോരാടുമജവീരന്മാരായുവാൻ പിൻവലിഞ്ഞുപോൽ
ശത്രുവോടേറ്റുമുട്ടാനായ് കാലം പാർക്കുന്നു ശക്തിമാൻ
ശത്രുവിൻ ദ്രോഹമേൽക്കുമ്പോൾ സത്വരം, ബുദ്ധിയുള്ളവൻ,
പകപോക്കാതെ കാക്കുന്നു തക്കകാലം വരും വരെ
പകയനെക്കാണും നേരം നയത്തിൽ പെരുമാറണം
നാശകാലമടുക്കുമ്പോൾ തല താനേ നിലം തൊടും
സന്ദർഭം വിരളം തന്നെ; വന്നുചേരുന്നതാകുകിൽ
സത്വരം വേണ്ട കാര്യങ്ങൾ നിർവഹിച്ചിടണം പുമാൻ
കൊക്കുപോൽ കാത്തിരിക്കേണം നല്ലവേളയടുക്കുവാൻ
വേളയിൽ കൊക്കിനെപ്പോലെ കൊത്തണം ലക്ഷ്യവസ്തുവിൽ
50. സ്ഥാനം
പണിക്കേറ്റ സ്ഥലം മുമ്പേ കണ്ടു വെക്കാതെ ശത്രുവെ
നേരിടാനരുതേ; ബലഹീനനെന്നും നിനക്കൊലാ
ശക്തിയിലദ്വീതിയൻതാനെന്നു ലോകം ഗണിക്കിലും
രോധിയായുതകും കോട്ടക്കേകണം പൂർണ്ണരക്ഷണം
സ്ഥാനം നല്ലതറിഞ്ഞെങ്കിൽ സ്വന്തത്തെക്കാത്തു ശത്രുവെ
നേരിട്ടാൽ ബലഹീനന്നും ജയിക്കാം ശക്തനെന്ന പോൽ
ആത്മരക്ഷയിൽ ശ്രദ്ധിച്ചും നല്ലിടം നോക്കി നിൽക്കുകിൽ
ശത്രുവിൻ ജയമോഹങ്ങൾ ലക്ഷ്യം കാണാതെ തോറ്റിടും
നീരിൽ മുതല നീന്തുമ്പോൾ വെല്ലുന്നു സകലത്തെയും
ജലം വിട്ടു പുറത്തായാലെല്ലാരും വിജയിച്ചിടും
ഉരുളും തേരുകൾ പായുന്നില്ല തണ്ണീർ കയത്തിനിൽ
സാഗരേയൊഴുകും കപ്പലോടാ ഭൂമിയിലെന്ന പോൽ
ബുദ്ധിപൂർവ്വം സ്ഥലം കണ്ടു ശത്രുവേ നേരിടുമ്പൊഴേ
ധൈര്യമല്ലാതെ മറ്റേതു തുണയാവശ്യമില്ല കേൾ
ചെറുസൈന്യവുമായ് വാഴും മന്നനെ വമ്പനായവൻ
നശിപ്പിക്കാനൊരുമ്പെട്ടാൽ മഹത്വം കെട്ടു പോയിടും
കോട്ട സൈന്യങ്ങളിൽ ശക്തി മികവേ കുറവാകിലും
ശത്രുവേ സ്വന്തനാട്ടിൽ ചെന്നാക്രമിക്കൽ പ്രയാസമാം
കുന്തമേന്തിയ ധീരന്മാരിരിക്കും ഗജവീരരെ ചളിയിൽ
കാലകപ്പെട്ടാൽ നരിയും കൊന്നു വീഴ്ത്തിടും
No comments:
Post a Comment