Monday 2 July 2007

അദ്ധ്യായം 31-38

Thirukkural in Malayalam (Translator: V.V. Abdullah Sahib)

തിരുക്കുറൾ മലയാളത്തിൽ

31. കോപം 

ഫലിക്കുന്നേടത്ത് കോപമടക്കുന്നോൻ ക്ഷമിപ്പവൻ 
മറ്റിടത്ത് ക്ഷമിച്ചാലുമല്ലേലും ഭാവമൊന്നുതാൻ 

വിപത്തു വന്നണഞ്ഞീടും വമ്പനോടു കയർക്കുകിൽ;
താഴ്ന്നവരോടു കോപിക്കലേറ്റവും നിന്ദ്യകർമ്മമാം 

ആരിടത്താകിലും കോപം ദുഷ്ഫലങ്ങൾ വരുത്തിടും 
ആകയാലാരിലും കോപം വിസ്മരിക്കുന്നതുത്തമം 

മുഖപ്രകാശനത്തേയും മനസ്സമാധാനത്തേയും 
ഹനിക്കും കോപഭാവം പോൽ ശത്രുവേറില്ല ഭൂമിയിൽ 

ആത്മരക്ഷ നിനക്കുന്നോൻ ക്രുദ്ധനാവാതിരിക്കണം 
ക്രോധിക്കുന്നവനേ കോപം തന്നെത്താനേഹനിച്ചിടും 

കോപിയെച്ചുട്ടഴിക്കുന്ന കോപം സത്യത്തിലഗ്നിയാം 
കോപിയോടൊട്ടിനിൽക്കുന്ന സർവ്വതും വെന്തുചാമ്പലാം 

കോപം മഹത്വമേകുന്ന ഗുണമെന്ന് ധരിച്ചവൻ 
ദുഃഖിക്കാനിടയാകും കൈ നിലത്തടിച്ചാലെന്നപോൽ 

അഗ്നിപോൽ സഹ്യമല്ലാത്ത ദ്രോഹം ചെയ്തവനാകിലും 
കഴിവായാലവൻനേരെ കോപം തോന്നായ്കിലുത്തമം 

ഒരുനാളും മനസ്സുള്ളിൽ കോപം തോന്നാതിരിപ്പവൻ 
ആശിക്കും നന്മകൾ മുറ്റും ഏകഭാവന്നു ചേർന്നിടും 

അമിതമായ് കോപിക്കുന്നോർ മൃതപ്രായർക്ക് തുല്യമാം 
കോപമടക്കി വാഴുന്നോർ ജീവിക്കുന്നു മരിക്കിലും 

32. പരദ്രോഹം 

ഏറെ നന്മകളാർന്നാലും ദ്രോഹം ചെയ്യാതെയന്യരിൽ 
സ്വയം നിയന്ത്രണം ചെയ്യൽ ശ്രേഷ്ഠമാം ഗുണമായിടും 

എത്രഗർവ്വ്നടിച്ചാലും ദ്രോഹം ചെയ്ത ജനത്തിനായ് 
പകരം തിന്മചെയ്യാതെ പൊറുക്കുന്നു മഹത്തുകൾ 

തിന്മചെയ്യാതെ, ദ്രോഹത്തിന്നിരയായി ഭവിക്കിലും 
പകരം ദ്രോഹമേൽപ്പിച്ചാലേൽക്കും നാശഫലം ദൃഢം 

ദ്രോഹം ചെയ്തവർ ലജ്ജിക്കത്തക്കനന്മകൾ ചെയ്യണം 
ഗുണമോ ദോഷമോ- ചെയ്ത കർമ്മങ്ങൾ വിസ്മരിക്കണം 

അന്യനനുഭവിക്കുന്ന ദുഃഖങ്ങൾ സ്വന്തമെന്നപോൽ 
ഭാവിക്കാൻ കഴിയാതുള്ളോർ നിശ്ചയം വിജ്ഞരല്ലകേൾ 

ദുഃഖഹേതുകമെന്നാത്മ ചിന്തയിൽ ബോദ്ധ്യമായതാം 
ദുർവിനകളന്യർ നേരെ ചെയ്യുന്നതൊഴിവാക്കണം 

ആരിലുമൊരുകാലത്തുമുള്ളറിഞ്ഞൊരുതിന്മയും 
ഏറ്റവും തുച്ച്ഛമായാലുമൊഴിവാക്കുന്നത് പുണ്യമാം 

തനിക്ക് ദുഃഖമേകുന്ന കാര്യങ്ങളറിയുന്നവൻ 
അത്തരം ദുഷ്ടകർമ്മങ്ങളന്യർക്കെങ്ങനെ ചെയ്യുവാൻ?

പൂർവ്വാഹ്നത്തിലൊരാൾ ചെയ്യും നീചകർമ്മമതേവിധനം 
സായാഹ്നത്തിലവനു നേരെ നിശ്ചയം വന്നുചേർന്നിടും 

തിന്മവന്നുഭവിക്കുന്നു തിന്മചെയ്യും ജനങ്ങളിൽ 
തിന്മയൊഴിവാനാശിപ്പോർ തിന്മചെയ്യാതിരിക്കണം 

33. കൊല്ലായ്ക 

ധർമ്മമെല്ലാമടങ്ങുന്നു ഹിംസ ചെയ്യാതിരുപ്പതിൽ 
കൊലയെന്നുള്ള കർമ്മത്തിലെല്ലാ പാപം വിളഞ്ഞിടും 

ഉള്ളഭക്ഷണമെല്ലാരും താനും പങ്കിട്ടശിക്കുകിൽ 
ശ്രേഷ്ഠധർമ്മമതാണെന്നാണെല്ലാഗ്രന്ഥമുരപ്പതും 

സമമില്ലാമഹാധർമ്മം കൊല്ലായ്കയെന്ന കർമ്മമാം 
മഹത്വത്തിലടുത്തായി പൊളിചൊല്ലാതിരുപ്പതും 

കൊല്ലായ്കയെന്ന കർമ്മത്തിൽ സ്ഥായിയാം നിഷ്ഠ പാലനം 
നിശ്ചയം സത്യപാന്ഥാവെന്നോതുന്നു ധർമ്മരേഖകൾ 

കൊലയിൻ ക്രൂരഭാവത്തെ ഭയന്നുപിന്മാറുന്നവൻ 
ജീവതത്വമറിഞ്ഞോരിലേറ്റവും ശ്രേഷ്ഠനായിടും 

കൊലചെയ്യാവ്രതത്തിങ്കൽ സ്ഥിരചിത്തതയുള്ളവൻ 
ഉയിർവാഴുന്ന കാലത്തിൽ യമനും വന്നടുത്തിടാ 

സ്വന്തം ജീവൻ പിരിയുന്ന നേരമതൊഴിവാക്കുവാൻ 
മറ്റൊരുത്തൻറെ ജീവന്ന് ഹാനിയുണ്ടാക്കിടായ്ക നീ 

ജീവൻ ബലികൊടുത്താകിൽ പുണ്യമുണ്ടെന്ന് ചൊല്ലുകിൽ 
തൽപുണ്യമുന്നതന്മാരാൽ താഴ്ന്നതായറിയപ്പെടും 

കൊലചെയ്തുപജീവനം നടത്തുന്ന ജനങ്ങളിൻ 
തൊഴിലേറ്റം നികൃഷ്ടമെന്നറിവുള്ളോരറിഞ്ഞിടും 

ഉരുവാം രോഗികൾ, കൊടും ദാരിദ്ര്യമേറ്റ മാനുഷർ 
കൊലചെയ്തു കഴിഞ്ഞോരിൻ ജന്മമാണെന്ന് വിജ്ഞർകൾ 

34. നശ്വരത 

നശ്വരങ്ങളനശ്വരമെന്നു തെറ്റായ്ഗണിക്കുവാൻ 
പ്രേരിപ്പിക്കുന്ന മൂഢത്വമുൾക്കൊള്ളുന്നവർ നിന്ദ്യരാം 

കൂത്തുകാണ്മാൻ ജനക്കൂട്ടം കൂടും പോൽ ധനമേറിടും 
കൂത്തുകണ്ടവർ പോകുംപോൽ ധനവും വിട്ടുപോയിടും 

ഐശ്വര്യം സ്ഥിരമായൊന്നിൽ നിലനിലക്കാത്തവസ്തുവാം 
വന്നുചേർന്നാലുടൻ ധർമ്മകർമ്മങ്ങൾ ചെയ്തു തീർക്കണം 

നാളാകുന്നതളക്കുന്ന വാളാകുന്നു ശരീരത്തെ 
ദിനം തോറുമറുത്തും കൊണ്ടുയിരേവേർപ്പെടുത്തിടും 

നാവടങ്ങിയുടൻ വായുഗതിയും നിൽപ്പതിന്നുമുൻ 
ആത്മമോക്ഷത്തിന്നായ് പുണ്യം ചെയ്യുവാൻ ധൃതികാട്ടണം 

ഇന്നലെക്കൂടെയുണ്ടായോനിന്നു നമ്മെപ്പിരിഞ്ഞുപോയ് 
ഊക്കമത്രയുമുൾക്കൊള്ളുമൊന്നല്ലോ ലോകമോർത്തുകൊൾ 

അടുത്ത നിമിഷം ജീവനുറപ്പില്ലാത്ത മാനുഷർ 
കോടിയിൽക്കവിയും പരിപാടിയിട്ടു നടപ്പവർ 

ഉയിരിന്നുടലോടുള്ള കൂറുനോക്കുക; മുട്ടയിൽ 
വിരിയും കുഞ്ഞുപ്രായത്തിൽ തോടുവിട്ടു പറന്നുപോം 

മരണമെന്നതോ പാർത്താൽ നിദ്രപോലെ മയക്കമാം 
നിദ്രവിട്ടുണരും പോലെത്തന്നെയാണ് പിറപ്പതും 

നോവുതങ്ങും ശരീരത്തിലൊരു കോണിൽ വസിച്ചിടും 
ആത്മാവിന്ന് സ്ഥിരം ഗേഹമെങ്ങും സിദ്ധിച്ചതില്ലപോൽ 

35. വൈരാഗ്യം 

ഒരു വസ്തുവിനോടുള്ള മനോബന്ധം മുറിച്ചിടിൽ 
അതിനാൽ നേരിട്ടതാപമൊഴിഞ്ഞു തുറവായിടും 

മനപ്പറ്റൊഴിവാകുമ്പോളിമ്പമുള്ളിലുദിച്ചിടും 
ആശയെല്ലാമൊഴിച്ചെന്നാലുണ്ടാം തോഷമനൽപ്പമാം 

ഇന്ദ്രിയനിഗ്രഹം ചെയ്തിട്ടാശയൊക്കെയടക്കണം 
അവയ്ക്ക് വേണ്ടവസ്തുക്കളെല്ലാമൊന്നായ് വെറുക്കണം 

താപസർക്ക് മനപ്പറ്റു മുറ്റും നീങ്ങലവശ്യമാം 
ഒന്നിൽ പറ്റവശേഷിച്ചാൽ തപം പോയ്, മയങ്ങും മനം 

തുടർജന്മമൊഴിച്ചീടാനിച്ഛിപ്പോർക്കുടൽ ഭാരമാം 
നിലനിൽപ്പറ്റമറ്റൊന്നിലാശ വെക്കുന്നതെന്തിനായ്?

ഞാനുടൽ പൊരുളെൻറേതെന്നുള്ളമായാവിഭാവന 
കൈവിട്ടോർക്കുളവാം സ്ഥാനം ദേവന്മാരിലുമുന്നതം 

ഞാനെൻറെതെന്ന ദ്വിമുഖമാശാപാശത്തിൽ ബന്ധിതർ 
അനേകവിധദുഃഖങ്ങളാലേകഷ്ടമിയന്നിടും 

ആശമുറ്റും ത്യജിച്ചുള്ളോർ മുക്തിയാർജ്ജിക്കുമുന്നതർ 
മറ്റുള്ളോരന്ധകാരത്തിൽ കാട്ടിൽ പെട്ടുഴലുന്നവർ 

ദ്വിവിധം ബന്ധമറ്റുള്ളോർ പുനർജ്ജന്മവിമുക്തരാം 
ആശവെച്ചുപുലർത്തുന്നോർ ജന്മദുഃഖം സഹിക്കണം 

ബന്ധമില്ലാത്ത ദൈവത്തിൽ മാത്രമായ് ബന്ധമാവണം 
ദൈവബന്ധമിയന്നാലേ മറ്റുബന്ധമൊഴിഞ്ഞിടൂ 

36. ജ്ഞാനം 

മൂല്യമില്ലാത്തവസ്തുക്കളജ്ഞാനതിമിരത്തിനാൽ 
മൂല്യമുള്ളവയായെണ്ണി ക്ലേശമാക്കുന്നു ജീവിതം 

മായയാം തിമിരം വിട്ടു ശുദ്ധജ്ഞാനികളായവർ 
ജീവിതക്ലേശമില്ലാതെ തുഷ്ടിയോടുയിർവാഴുവോർ 

സന്ദേഹമറ്റവിജ്ഞർക്ക് ലോകം മുന്നിലിരിക്കിലും 
മുക്തിനൽകുംവരും ലോകം സമീപത്തിലിരുപ്പതാം 

പഞ്ചേന്ദ്രിയങ്ങളിൽക്കൂടി ലഭ്യമാമറിവൊക്കെയും 
ഉൾജ്ഞാനസിദ്ധിയില്ലാത്തോർക്കൊരു പോതും ഗുണം തരാ 

ദർശിക്കും വസ്തുവിൻ ബാഹ്യരൂപം കണ്ടുമയങ്ങൊലാ 
അന്തർഭൂതയഥാർത്ഥങ്ങളുൾക്കൊള്ളാൻ ജ്ഞാനശുദ്ധിയാം

വിദ്യനേടി യഥാർത്ഥങ്ങളറിയാൻ പ്രാപ്തരായവർ
വീണ്ടും പിറവിനേടാതെ മോക്ഷമാർഗ്ഗമടഞ്ഞിടും 

അറിവും യുക്തിയും ചേർന്നമനം സത്യമറിഞ്ഞിടിൽ 
പുനർജ്ജന്മമവനില്ലായെന്ന വസ്തുത നിർണ്ണയം 

ജന്മകാരണമജ്ഞാനമെന്നറിഞ്ഞതു നീങ്ങുവാൻ 
യാഥാർത്ഥ്യങ്ങളറിഞ്ഞീടൽ ശുദ്ധമാം ജ്ഞാനമായ് വരും 

സർവ്വവസ്തുക്കളിൽച്ചേർന്ന യാഥാർത്ഥ്യങ്ങളറിഞ്ഞുടൻ 
ആശയില്ലാതെ ജീവിച്ചാൽ ദുഃഖമൊന്നുമണഞ്ഞിടാ 

കാമംക്രോധവുമജ്ഞാനം നാമം പോലുമൊഴിഞ്ഞിടിൽ 
അവയാലേർപ്പെടും താപമെല്ലാം കെട്ടുനശിച്ചുപോം 

37. നിസ്സംഗത 

ജീവികൾക്കൊഴിവാകാത്ത ദുഃഖം ജനിമൃതിക്രിയ 
ആശയാകുന്ന വിത്തിൽ നിന്നുണ്ടാകുന്നെന്നു ജ്ഞാനികൾ 

പിറവിപ്രക്രിയ നീങ്ങാനാശിക്കുന്നത് യോഗ്യമാം 
ആശപൂർത്തീകരിക്കാനായ് ഭൗതികാശ നശിക്കണം

നിസ്സംഗമാം മനോഭാവം ശ്രേഷ്ഠമാം പൊരുളായിടും 
തുല്യമാം പൊരുളിങ്ങില്ല മറ്റെങ്ങുമില്ല നിശ്ചയം 

ആശയൊന്നിലുമില്ലാത്ത  ഭാവം താൻ മനശുദ്ധിയാം 
ദൈവചിന്തയിൽ മുഴുകുമ്പോളാഷയറ്റവരായിടും 

ആശയറ്റവരേ മോക്ഷമടഞ്ഞോരെന്ന് ചോല്ലലാം 
ആശയുള്ളിലിരിപ്പോരെ ജന്മദുഃഖം തുടർന്നിടും 

ആശയാകുന്നതിൽ ഭീതിപ്പെട്ടുവാഴ്വതു ധർമ്മമാം 
ജന്മദുഃഖത്തിലേക്കാശയാവാഹിക്കും മനുഷ്യനെ 

ആശയെല്ലാമൊഴിച്ചെന്നാൽ നാശമേൽക്കാതെ മുക്തിയിൽ 
ചേരുവാൻ തക്കസൽക്കർമ്മം ചെയ്വാൻ സാദ്ധ്യത നേരിടും 

ആശയുള്ളിൽ നശിച്ചെങ്കിൽ ദുഃഖമൊന്നും ഭവിച്ചിടാ 
അൽപ്പമാശയിരിപ്പോരിലേറെ ദുഃഖങ്ങളേർപ്പെടും 

ദുഃഖങ്ങളിൽ പെരും ദുഃഖമാകുമാശയൊഴിഞ്ഞിടിൽ 
ജീവമുക്തിയടഞ്ഞും കൊണ്ടിമ്പമോടുയിർ വാഴലാം 

ഒരിക്കലും നിരക്കാത്ത ഭാവമുൾക്കൊള്ളുമാശയെ 
ഒഴിച്ചാലും തുഷ്ടിയെന്നേക്കും നിലനിന്നിടും 

38. കർമ്മഫലം 

സമ്പത്തുണ്ടാക്കുമുത്സാഹം; നാശകാരണമാം മടി;
രണ്ടും കർമ്മഫലത്താലേ മനുഷ്യന്ന് ഭവിപ്പതാം 

നഷ്ടപ്പെടേണ്ട നേരത്തിലജ്ഞാനം വന്നു ചേർന്നിടും 
ലാഭം ജ്ഞാനത്തിനാൽ; രണ്ടും ഭവിക്കും കർമ്മഹേതുവാൽ 

ഗ്രന്ഥമേറെപ്പഠിച്ചാലുമുയിർ വാഴുന്ന നാൾകളിൽ 
കർമ്മത്തിൻറെ ഫലം പോലെ മാത്രമനുഭവപ്പെടും 

കർമ്മത്താൽ പ്രകൃതിക്കുള്ള ഫലം രണ്ടുവിധത്തിലാം
ചിലർ സമ്പന്നരായ് മാറും ചിലർ പണ്ഢിതരായിടും 

സമ്പാദ്യത്തിൻറെ കാര്യത്തിലദ്ധ്വാനം ഫലശൂന്യവും 
ലഘുയത്നം സഫലവുമാവാം കർമ്മഫലത്തിനാൽ 

കർമ്മത്താലർഹമല്ലാത്ത പൊരുളൊക്കെയൊഴിഞ്ഞു പോം 
ഒഴിയാകൈവെടിഞ്ഞാലുമർഹിക്കുന്നവയൊക്കെയും 

പാടു പെട്ടുമെനക്കെട്ടു കോടികൾ സംഭരിക്കിലും 
കർമ്മനിർണ്ണിതമല്ലാതെയുപഭോഗമസാദ്ധ്യമാം 

കർമ്മമനുഭവിക്കാതെയൊഴിയൽ സാദ്ധ്യമാകുകിൽ 
പൊരുളില്ലാത്ത പാവങ്ങൾ സന്യാസം സ്വീകരിച്ചിടും 

സൽക്കർമ്മത്തിൻറെ പുണ്യത്താലിമ്പമനുഭവിപ്പവർ 
ദുഷ്കർമ്മദുഃഖമേർപ്പെട്ടാലെന്തിന്നനുതപിക്കണം 

തടയാൻ കഴിവാകില്ല കർമ്മത്തിൻ ഫലമേവനും 

നിസ്തുലശക്തമാം കർമ്മം ജീവിതത്തിൽ മുഴച്ചിടും 

No comments:

Post a Comment