Monday, 2 July 2007

അദ്ധ്യായം 11-20

Thirukkural in Malayalam (Translator: V.V. Abdullah Sahib)
തിരുക്കുറൾ മലയാളത്തിൽ

11. നന്ദി 

നാം ചെയ്യാതെ, നമുക്കായ് ചെയ്തിടും സേവനത്തിനായ് 
മണ്ണും വിണ്ണും കൊടുത്താലും സാമ്യമാകില്ലൊരിക്കലും 

ചെറുതെങ്കിലുമാപത്തിൽ വേണ്ടനേരത്ത് ചെയ്തതാം 
ഉപകാരം നിനക്കുമ്പോൾ ലോകത്തേക്കാൾ മികച്ചതാം 

പ്രത്യുപകാരമോരാതെയന്യർനൽകുന്ന സേവനം 
ദയാവായ്പിൽ നിനക്കുമ്പോളാഴിയേക്കാൾ മഹത്തരം 

നന്മ തിന്മയോളം ചെയ്‌താൽ കാണ്മതോ പനയോളമായ് 
മഹാമനസ്കരായുള്ള നന്ദികാട്ടുന്ന പണ്ഢിതർ 

മുൻ ചെയ്ത സേവനത്തോടും ചേർത്തു നന്ദി മതിക്കൊലാ;
ഭോക്താവിന്നുളവാകുന്ന ഭോഗം താൻ നന്ദിമുല്യമാം 

സജ്ജനബന്ധമെപ്പോഴും ഭദ്രമായ്‌ നിലനിർത്തണം;
കഷ്ടകാലേ തുണച്ചോരോടെന്നെന്നും നന്ദി കാട്ടണം 

ആപൽക്കാലത്തു ദവിയാൽ രക്ഷചെയ്തുള്ള മിത്രരെ 
ഏഴുജന്മത്തിലും കൂടെ മറക്കുന്നില്ല സജ്ജനം 

സ്നേഹം പരകൃതം തീരേ മറക്കുന്നതധർമ്മമാം;
ദ്രോഹമാണെങ്കിലന്നേരം തന്നേയങ്ങു മറക്കണം 

കൊലചെയ് വത് പോലുള്ള തിന്മ ചെയ്തവനാകിലും 
മുൻചെയ്ത നന്മയോർക്കുമ്പോളുള്ളിലാശ്വാസമായിടും 

പെരും ദുഷ്ടത ചെയ്താലും പാപമുക്തി ലഭിച്ചിടാം;
നന്ദി കാട്ടാത്ത ദുഷ്ടർക്ക്, മോചനം സാദ്ധ്യമല്ല കേൾ

12. നീതി 

സമൂഹബന്ധമോരാതെ നീതിയെല്ലാർക്കുമൊന്നുപോൽ 
നൽകുവാൻ കഴിവായീടിലതു വ്യക്തിയിൽ നന്മയാം 

നീതിമാൻ തൻറെ സമ്പാദ്യം നാശമേൽക്കാതെ നിത്യമായ് 
പിൻവരും താവഴിക്കാർക്കായ് സ്ഥായിയായ് നിലനിന്നിടും 

നീതിയല്ലാത്ത മാർഗ്ഗേണ നേടുന്ന പൊരുളൊക്കെയും 
നിർദ്ദോഷമെന്ന് കണ്ടാലും നിരാകരിക്കലുതത്തമം 

നീതിപാലിപ്പവൻ, നീതി ലംഘനം ചെയ്തിടുന്നവൻ;
സന്താനജിവിതം നോക്കിയറിയാം രണ്ടുപേരെയും 

ജീവിതത്തിൽ ഭവിക്കുന്നു നന്മയും തിന്മയും ക്രമാൽ;
സജ്ജനം മനമെപ്പോഴും നീതിയിൽ നിലനിർത്തണം 

നിഷ്പക്ഷനിലവിട്ടുംകൊണ്ടുള്ളം ചായുന്നതാകുകിൽ 
നീക്കം നാശത്തിലേക്കാണെന്നുള്ള ബോധമുദിക്കണം 

നീതിയിൽ നിഷ്ഠ പാലിക്കെ ദാരിദ്ര്യം വന്നുചേരുകിൽ 
ദരിദ്രനായ് ഗണിക്കില്ല ലോകരാധർമ്മനിഷ്ഠനെ 

മുമ്പിലും തൂക്കിടുമ്പോഴും സമം നിൽക്കും തുലാസ്സുപോൽ 
മനം നിഷ്പക്ഷമായ്നിൽപ്പതഴകാകുന്നു വിജ്ഞരിൽ 

ഉള്ളിൽ നിഷ്പക്ഷതാഭാവം പാലിക്കുന്നവരവ്വിധം 
വാക്കിലും നീതിപാലിക്കൽ പൂർണ്ണതക്ക് നിദാനമാം 

തൻറെ വ്യാപാരതാൽപ്പര്യം സംരക്ഷിപ്പത് പോലവേ 
അന്യരിൻ നന്മ രക്ഷിക്കൽ വണിജന്നുടെ ധർമ്മമാം 

13. അടക്കം 

അടക്കമുള്ളവർ ദേവ ലോകത്തിൽ ചെന്നു ചേർന്നിടും;
അടക്കമില്ലാത്തോരന്ധകാരത്തിലാപതിച്ചിടും 

അടക്കം നിധിപോൽ കാത്തു രക്ഷിക്കേണ്ടതുതന്നെയാം;
അതിനേക്കാൾ വിലപ്പെട്ട ഗുണം വേറില്ലമർത്ത്യരിൽ 

അറിവുള്ളതിനോടൊപ്പമടക്കവുമൊരുത്തനിൽ 
സ്ഥായിയായ് കാണ്കിലോ ലോകരെല്ലാം വാഴ്ത്തിപ്പുകഴ്ത്തിടും 

സ്വന്തം നിലയറിഞ്ഞും കൊണ്ടടങ്ങിക്കഴിയുന്നവൻ 
ആയുസ്സിലടയും മേന്മ മലയേക്കാളുയർന്നതാം 

വിനയത്തോടടക്കവുമെല്ലാർക്കും സൽഗുണങ്ങളാം;
ധന്യരിലവയുണ്ടെങ്കിലേറ്റവും ധന്യരാണവർ 

പഞ്ചേന്ദ്രിയങ്ങൾ കുർമ്മം പോലടക്കാൻ പ്രാപ്തനായവൻ 
ഏഴുജന്മങ്ങളിൽ സ്വന്തം ജിവിതം രക്ഷനെടിടും 

എന്തടക്കാൻ മറന്നാലും നാവടക്കാൻ മറക്കൊലാ;
മറന്നാൽ പിഴവാക്കാലേ ദുഃഖത്തിനിടയായിടും 

നീചവാക്യമുരച്ചും കൊണ്ടന്യന്ന് നോവുനൽകുകിൽ 
ധർമ്മകർമ്മങ്ങളാൽ കിട്ടും പുണ്യമെല്ലാം നശിച്ചിടും 

കാലക്രമത്തിലാറുന്നു തീയിനാലേർപ്പെടും വ്രണം 
വായിനാൽ വ്രണമുണ്ടായാലൊരുനാളുമുണങ്ങിടാ 

കോപമുള്ളിൽ കനിയാതെയടങ്ങി വിദ്യ നേടുകിൽ 
അവനിൽ വന്നുചേർന്നീടുമെല്ലാധർമ്മ ഗുണങ്ങളും 

14. സത്സ്വഭാവം 

മേന്മക്ക് കാരണമായിത്തീരുമാചാര രീതികൾ
കാക്കണം; സത്സ്വഭാവങ്ങളുയിരേക്കാളുയർന്നതാം 

ശ്രദ്ധയാനില നിർത്തേണം സത്സ്വഭാവങ്ങൾ വായ്‌ വിനിൽ;
വിദ്യയേറെ ലഭിച്ചാലും സ്വഭാവം തുണയായിടും 

സ്വഭാവഗുണമെപ്പോഴും കുലമേന്മക്ക് ചേർന്നതാം;
ദുഷ്ടസ്വഭാവിയാണെങ്കിൽ ജന്മം നീചകുലത്തിലാം 

ദ്വിജനോത്ത് മറന്നെങ്കിൽ വീണ്ടുമോതിപ്പഠിക്കലാം;
ആചാരദോഷമേർപ്പെട്ടാൽ കുലമേന്മ നശിച്ചിടും 

അസൂയയുള്ളവൻ പക്കൽ ധനമില്ലാതെയായപോൽ 
സ്വഭാവഗുണമില്ലെങ്കിലുയർച്ചയുമകന്നുപോം 

ആചാരമൊഴിവാക്കീടൽ കുറ്റമായറിയപ്പെടും;
മാനം കാക്കുന്ന മാന്യന്മാരാചാരം നിറവേറ്റിടും 

ആചാരങ്ങളനുഷ്ഠിച്ചാൽ മേൽഗതിക്കിടയായിടും;
ആചാരഹാനിയേർപ്പെട്ടാൽ പഴികേൾക്കാനിടം വരും 

സത്സ്വഭാവത്തിനാലിമ്പം ജീവിതത്തിൽ ലഭിച്ചിടും;
കഷ്ടതക്കിരയായീടും സ്വഭാവദൂഷ്യമുള്ളവർ 

സത്സ്വഭാവികളിൻ വായിൽ സഭ്യമല്ലാത്ത വാക്കുകൾ 
ശ്രദ്ധയില്ലാതെയായ് പോലുമുച്ചരിക്കാനിടം വരാ 

ലോകനീതിക്ക് യോജിപ്പായ് പഴകാൻ പഠിയാതവർ 
ഗ്രന്ഥമേറെപ്പഠിച്ചാലുമജ്ഞരെന്നുര ചെയ്യണം 

15. വ്യഭിചാരം 

പരദാരങ്ങളിൽ മോഹം ജനിക്കുന്നതബദ്ധമാം;
ധർമ്മജ്ഞാനികളായുള്ളോർ തദ്ദോഷത്തിൽ വിമുക്തരാം 

ധർമ്മമാർഗ്ഗം വെടിഞ്ഞോരിൽ കാമഭ്രാന്തിന്ന് പാത്രമായ് 
പരഗേഹകവാടത്തിൽ നിൽക്കുന്നോർ വിഡ്ഢികൾ നൃണം 

വിശ്വസ്ത സ്നേഹിതൻ വീട്ടിൽ നീചമായ് വിഹരിപ്പവൻ 
ജീവനോടെയിരുന്നാലും പിണം പോൽ കഴിയുന്നവർ 

ഏറെ യോഗ്യതയാർന്നാലും എള്ളോളം ചിന്തയെന്നിയേ 
പരഗേഹം പ്രവേശിപ്പോൻ നിന്ദ്യനായി ഭവിച്ചിടും 

സാരമാക്കാതെയന്യൻറെ പത്നിയോടെ രമിപ്പവൻ 
അടയും നിന്ദ്യതയോർത്താൽ മരണാന്തം നിലപ്പതാം 

ശത്രുത, പാപവും, നിന്ദാ, ഭയമെന്നീ ചതുർവിന 
പരസ്ത്രീഗമനം ചെയ്യും നീചനെ വിട്ടുപോയിടാ 

പരസ്ത്രീയിൽ മനം വെക്കാതുള്ളം ശുദ്ധമിയന്നവൻ 
ധർമ്മമാർഗ്ഗേചരിക്കുന്ന ഗൃഹസ്ഥാശ്രമിയായിടും 

പരഗേഹിനിയിൽ മോഹം ജനിക്കാതേ, ദർശിക്കാതേ 
പുരുഷത്തന്മ കാക്കുന്നോൻ ധർമ്മിയും സത്സ്വഭാവിയുമാം 

പരദാരത്തിലാശിക്കാതടങ്ങി ക്കഴിയുന്നവൻ 
കടൽ ചൂഴുന്നലോകത്തിൽ നന്മകൾക്കർഹനായിടും 

ധർമ്മനിഷേധിയായ് മുറ്റും പാപപങ്കിലനാകിലും 
പരസ്ത്രീസ്പർശനം കൂടാതുയിർ വാഴുന്നതുത്തമം 

16. ക്ഷമ 

തന്നെ വെട്ടിക്കുഴിപ്പോർക്കും താങ്ങായ് നിൽക്കുന്ന ഭൂമിപോൽ 
തിന്മ ചെയ്യുന്ന ദ്രോഹിക്കും നന്മ ചെയ് വത് ധർമ്മമാം 

ഒരുത്തൻ ചെയ്തിടും തിന്മ പൊറുക്കുന്നത് പുണ്യമാം 
മറക്കുന്നതിനേക്കാളേറെ ശ്രേ ഷ്ഠമിയന്നതാം 

അതിഥിസൽക്കാരം ചെയ്വാനാകാഞ്ഞാലേറെ ദുഃഖമാം ;
വിഡ്ഢിയോടു ക്ഷമിക്കുന്നതുൽകൃഷ്ടഗുണമായിടും 

എല്ലാം തികഞ്ഞ ഭാവത്തിൽ ജീവിപ്പാനാഗ്രഹിപ്പവൻ 
എല്ലായ്പ്പോഴും ക്ഷമാശീലം കൈവിടാതെയിരിക്കണം 

തിന്മക്ക് പ്രതികാരങ്ങൾ സർവ്വദാ ചെയ് വതാകിലും 
ക്ഷമിക്കുന്നതു പൊൻപോലെ മഹത്തായ് കരുതപ്പെടും 

പകപോക്കുന്ന സംതൃപ്തി യൊരുനാളേക്ക് മാത്രമാം;
ക്ഷമിച്ചാലുള്ള സൽ കീർത്തി നിലനിൽക്കുന്നു സർവ്വനാൾ 

അസഹ്യമാം കുറ്റം ചെയ്വോർക്കതിനാൽ നാശമേർപ്പെടും 
പകപോക്കാനധർമ്മങ്ങളൊഴിവാക്കുന്നതുത്തമം 

ഗർവ്വഭാവത്തിനാലേകൻ തീയകർമ്മങ്ങൾ ചെയ്യുകിൽ 
പകരം നന്മ ചെയ്തും കൊണ്ടവനെ വിജയിക്കണം 

വഴി തെറ്റി നടപ്പോരിൻ പിഴവാക്കു ക്ഷമിക്കുകിൽ 
ഗൃഹസ്ഥനാകിലും സന്യാസിയെപ്പോൽ പുണ്യവാനയാൾ 

ഉണ്ണാവ്രതമനുഷ്ഠിച്ചോർ ശ്രേഷ്ഠരാകുന്നു; നീചമാം 
വചനങ്ങൾ ക്ഷമിക്കുന്നോരതിലും ശ്രേഷ്ഠരായിടും

17. അസൂയ 

ഹീനമായ സ്വഭാവത്തിലേറെ നിന്ദ്യമസൂയയാം 
തദ്ദോഷം മനമേറാതെ കാത്തു സൂക്ഷിച്ചുകൊള്ളണം 

അസൂയാദോഷമേശാത്ത മനമേകന്നിരിക്കുകിൽ 
അതിന്നു സമമായുള്ള ഗുണം വേറില്ല നേടുവാൻ 

ഇരുലോകനന്മക്കായിട്ടർത്ഥധർമ്മങ്ങളിൽ പ്രിയം 
ഇല്ലാത്തോനന്യരിൽ മേന്മ കണ്ടസൂയപ്പെടുന്നതാം 

അസൂയാലുക്കളായുള്ളോർക്കിരുവീട്ടിലുമേർപ്പെടും 
ദുഃഖമെന്നറിയും നല്ലോരധർമ്മമൊഴിവാക്കിടും 

അസൂയാലുവിനായ് വേറെ ശത്രുവെന്തിന് ഭൂതലേ!
ശത്രുചെയ്യുന്ന ദ്രോഹങ്ങളസൂയ തന്നെ ചെയ്തിടും 

അന്യർക്ക് ദയവായ് കിട്ടും സമ്പത്തിൽ വേദനിപ്പവൻ 
കുടുംബം പുടയും തീനുമില്ലാതെ നാശമായിടും 

അസൂയക്കാരനെക്കണ്ടാൽ ലക്ഷ്മീദേവിക്കസൂയയാം 
അവനെക്കൈമാറും നേരം ദാരിദ്ര്യദേവിയേറ്റിടും 

അസൂയക്കാരനാം പാപിക്കുള്ള സമ്പത്തുനഷ്ടമാം 
ലോകജീവിതവും ദുർമാർഗ്ഗത്തിലായിക്കഴിഞ്ഞിടും 

അസൂയ നൽകും സമ്പത്തും മനോശുദ്ധൻറെ ക്ഷാമവും 
മുജ്ജനമവിനയാലെന്നു പണ്ഡിതന്മാരറിഞ്ഞിടും 

അസൂയപ്പെട്ടതാലാരും ധന്യനായി ഭവിച്ചിടാ 
അസൂയതോന്നിയില്ലെങ്കിൽ ദാരിദ്ര്യം വന്നണഞ്ഞിടാ 

18. അത്യാഗ്രഹം 

മദ്ധ്യനില വെടിഞ്ഞന്യ സമ്പത്തിലാശ തോന്നുകിൽ 
പല പാപങ്ങളും ചെയ്യും കുടുംബം കെട്ടുപോയിടും 

മദ്ധ്യമാം നിലയേൽക്കാത്ത പാപം ചെയ് വാൻ ഭയന്നവൻ 
പരൻ പൊരുൾ തനിക്കാക്കും കുറ്റം ചെയ്യാൻ മടിച്ചിടും 

ആത്മനിർവൃതി തേടുന്നോർ ഭൗതികസുഖലബ്ധിയിൽ 
ആശവെച്ചു ധനം നേടാൻ പാപകർമ്മത്തിലേർപ്പെടാ 

ഇന്ദ്രിയനിഗ്രഹം ചെയ്ത ജ്ഞാനികൾ ശുദ്ധമാനസർ 
സ്വന്തമില്ലായ്മ പോക്കാനായാശിക്കില്ലന്യരിൻ ധനം 

അത്യാഗ്രത്തിനാലന്യ പൊരുൾകൾ കൈക്കലാക്കിയാൽ 
അഭ്യസിച്ച പരിജ്ഞാനം ഫലമില്ലാതെയായിടും 

മോക്ഷത്തിലാശയൂന്നുന്ന ഗ്രഹസ്ഥൻ പരവസ്തുവിൽ 
ആശവെച്ചിട്ടധർമ്മങ്ങൾ ചെയ്യുകിൽ കെട്ടുപോയിടും 

അത്യാശയാൽ ലഭിക്കുന്ന ദ്രവ്യങ്ങളുപയോഗത്തിൽ 
നന്മ നൽകാത്തതോർക്കുമ്പോളാശകൈവിടലുത്തമം 

നശ്വരഭൗതികസ്വത്തിൽ നാശമേശാതിരിക്കുവാൻ 
അന്യസമ്പത്ത് കാണുമ്പോളാഷ തോന്നാതിരിക്കണം 

ധർമ്മമാണെന്നറിഞ്ഞന്യ സമ്പത്തിലാഗ്രഹം വിനാ 
ജീവിച്ചാൽ ലക്ഷ്മിയിൻ ദൃഷ്ടിയവൻ മേലേ പതിച്ചിടും 

ഭാവിദോഷം ഗണിക്കാതെ പൊരുളാശവിനാശമാം 
അന്യപൊരുളാശിക്കാതെയിരുന്നാൽ വിജയം ഫലം 

19. പരദൂഷണം 

ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദുഷ്കർമ്മചാരിയാകിലും 
പരദോഷം വചിക്കാത്തോനെന്ന പേർ നേടലുത്തമം 

കുറ്റം ചോല്ലലഭാവത്തിൽ മുഖം നോക്കി പ്പുകഴ്ത്തലും 
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ ചെയ്‍വതേക്കാൾ നികൃഷ്ടമാം 

പരദൂഷണമാർഗ്ഗേണ വാഴ്വതേക്കാൾ ദരിദ്രനായ് 
മൃതിയടഞ്ഞീടിൽ ധർമ്മ ഗ്രന്ഥം ചൊല്ലും ഗുണം വരും 

വ്യക്തി തന്നുടെ മുമ്പിൽവെച്ചേറെ പ്പഴിയുരക്കിലും 
ഇല്ലായ്കിൽ ഭാവിനോക്കാതെ കുറ്റം ചൊല്ലാതിരിക്കണം 

അന്യനെപഴികൂറുന്നോൻ സന്മാർഗ്ഗത്തെ സ്തുതിക്കിലും 
നെഞ്ചിൽ വഞ്ചനയുണ്ടെന്ന സത്യം ലോകം ഗ്രഹിച്ചിടും 

ദോഷമന്യൻറെ കൂറുന്നോൻ സ്വന്തമപരാധങ്ങളിൽ 
ഏറ്റവും ഗുരുവായുള്ളതന്യനാൽ പറയപ്പെടും 

മധുരവാണിയായ് കാലം കഴിക്കാനറിയാത്തവർ 
പരദൂഷണഭാഷ്യത്താൽ സ്നേഹിതർ നഷ്ടമായിടും 

ഉറ്റവരായടുത്തോരെ ദോഷം ചൊല്ലും സ്വഭാവികൾ 
പുതുതായുള്ളയൽക്കാരെ കുറ്റം ചൊല്ലാതിരിക്കുമോ?

പരദൂഷണദുഷ്കീർത്തി പേറും ദുഷ്ജനങ്ങളിൻ 
ഭാരം താങ്ങുകതൻധർമ്മമെന്ന് ഭൂമി നിനപ്പതോ?

അയലാരുടെ കുറ്റങ്ങൾ താൻ കണ്ടെത്തുന്ന രീതിയിൽ 
തൻ കുറ്റം സ്വയമോർത്തെങ്കിൽ ജിവിതം ഭാരമാകുമോ?

20. വയാടിത്തം 

ശ്രോതാക്കൾക്ക് വെറുപ്പാകും മട്ടിൽ പാഴായിവാർത്തകൾ 
പേശും ശീലമിയന്നോനെ നിന്ദിക്കും ജനമൊക്കെയും 

പലർ മുന്നിൽ ഗുണം കെട്ടു സംസാരിക്കുന്നതോർക്കുകിൽ 
സ്നേഹിതർക്കെതിരായ് കുറ്റം ചെയ്‍വതേക്കാളബദ്ധമാം 

യോഗ്യമല്ലാത്ത കാര്യങ്ങൾ വിസ്തരിച്ചേകനോതുകിൽ 
നീതിയില്ലാത്ത വായാടിയെന്നതിൻ തെളിവായിടും 

ഗുണമില്ലാത്ത സംസാരം പലരോടും പുലമ്പുകിൽ 
ഗുണം കെട്ടവനായ്ത്തന്നെ ഭാവിയിലവനായിടും 

സൽസ്വഭാവികളായുള്ളോർ വീൺവാർത്തകൾ വിളമ്പുകിൽ 
അവരേന്തും മതിപ്പെല്ലാം ജനമദ്ധ്യേ നശിച്ചുപോം 

ഫലമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കഥിപ്പവൻ 
മനുഷ്യനായ് ഗണിക്കാതെ പതിരെന്നുര ചെയ്യണം 

വിജ്ഞരായുള്ള യോഗ്യന്മാർ നീതിയില്ലാത്ത വാർതത്തകൾ 
ചൊന്നാലും ഗുണമില്ലാത്ത കാര്യമോതാതിരിക്കണം 

മാലോകര റിയത്തക്ക തത്വങ്ങളുരിയാടുവാൻ 
കഴിവുള്ളോർ ദുർവാക്യങ്ങളൊരുനാളും കഥിച്ചിടാ 

മയക്കം തീർന്നുണർന്നുള്ള ബോധം തെളിഞ്ഞ ജ്ഞാനികൾ 
ഓർമ്മയില്ലാതെയായ് പോലും വീണായൊന്നുമുരച്ചിടാ 

പ്രയോജനമടങ്ങീടും വാർത്തമാത്രമുരക്കണം 
നന്മയില്ലാത്ത കാര്യങ്ങൾ ചൊല്ലാതെയൊഴിവാക്കണം 


No comments:

Post a Comment