Sunday 1 July 2007

അദ്ധ്യായം 81-90

രണ്ടാം ഭാഗം: ഭൗതികപ്രകരണം

81. പഴമ 

പൗരാണികരനുഷ്ഠിച്ച കാര്യമെല്ലാം പിഴക്കാതെ 
തദ്രൂപത്തിലനുഷ്ഠിക്കൽ പഴമയെന്ന് ചോല്ലലാം 

മിത്രരിഷ്ടമനുഷ്ഠിക്കൽ സ്നേഹത്തിന്നു നിദാനമാം 
എതിർ ചെയ്യാതിരുന്നീടൽ സ്വജ്ജനങ്ങൾക്ക് ഭൂഷണം 

സ്നേഹിതരാചരിച്ചുള്ളതെല്ലാം തൻറെ വഴക്കമായ് 
ഗണിക്കാൻ കഴിവില്ലെങ്കിൽ സ്നേഹത്തിന്നെന്തു മൂല്യമാം?

സ്നേഹിതർ സ്വാധികാരത്താൽ ചെയ്യുകിൽ തൽസ്വാതന്ത്ര്യത്തെ 
പിന്താങ്ങി, ചെയ്ത കർമ്മങ്ങൾ സ്വീകരിക്കുന്നു പണ്ഢിതർ 

സ്നേഹിതരനുവർത്തിക്കും കർമ്മങ്ങൾ ദ്രോഹമാവുകിൽ 
ബോധരഹിതമോ, സ്വാധികാരമോയെന്നുണർന്നുകൊൾ 

സ്നേഹത്തിൻ പരമാവസ്ഥ പ്രാപിച്ചാൽ നാശനഷ്ടങ്ങൾ 
ഭവിക്കാനിടയായാലും പൂർവ്വസ്നേഹം വെടിഞ്ഞിടാ 

പഴക്കം ചെന്നമിത്രങ്ങൾ നാശഹേതുകമാകുന്ന 
തിന്മകൾ ചെയ്കിലും സ്നേഹബന്ധം തെറ്റാതെ നിർത്തിടും 

സ്നേഹിതൻ ചെയ്ത കുറ്റങ്ങളന്യർ ചൊൽകിലെതിർക്കുവോർ 
കുറ്റം ചെയ്യുന്ന നാളോർത്താൽ നല്ലനാളായ് ഭവിച്ചിടും 

തെറ്റു ചെയ്തീടിലും പൂർവ്വസ്നേഹത്തോടനുഭാവമായ് 
കൈവിടാതെ നടന്നെങ്കിൽ ലോകരഭിനന്ദിച്ചിടും 

ദീർഘനാൾ വിഘ്നമേശാതെ സൗഹൃദം നിലനിൽക്കുകിൽ 
അത്തരം സ്നേഹിതന്മാരെ ശ്ലാഘിക്കും ശത്രുവൃന്ദവും 

82. ദുർജ്ജനബന്ധം 

ദുർജ്ജനങ്ങളുമായ് ബന്ധമേറെരോചകമാകിലും 
വളർന്നു പോവതേക്കാളും തുലയുന്നതു നന്മയാം 

സ്വാർത്ഥലാഭത്തിനായ് പറ്റിക്കൂടി ശേഷമകന്നിടും 
വയസ്യൻ നിലനിന്നാലും പോയാലും ഫലമൊന്നുതാൻ 

ധനം തേടുന്ന വേശ്യസ്ത്രീ ലാഭം നോക്കുന്ന സ്നേഹിതൻ 
പൊരുൾ തേടുന്ന മോഷ്ടാവും മൂവരും സമമായിടും 

പോരിൽ യാത്രികനെത്തള്ളി വീട്ടോടുമശ്വതുല്യനാം 
മിത്രത്തെക്കൈവെടിഞ്ഞുകൊണ്ടേകനാകുന്നതുത്തമം 

സ്നേഹമെത്രകൊടുത്താലുമാപത്തിൽ തുണയാവാത്ത 
അധമന്മാരുടെ സഖ്യമില്ലാതാവുന്നതുത്തമം 

വിഢ്ഢിതന്നുടെയാത്മാർത്ഥസ്നേഹത്തേക്കാൾ മികച്ചതാം 
വിജ്ഞാനം ബുദ്ധിമാൻ തൻറെ വിരോധമേറ്റുവാങ്ങിടൽ 

കപടസ്നേഹത്തിൽ നിന്നും നന്മകൾ ലഭ്യമായിടാം 
പത്തുകോടിയിരട്ടിക്കും ശത്രുവാലുള്ള നന്മകൾ 

തന്നാലാകും സഹായങ്ങൾ നിഷേധിക്കും വയസ്യനെ 
ഒന്നുമേയുരിയാടാതെ പതുക്കെക്കൈയൊഴിക്കണം 

മൊഴിയും കർമ്മവും ചേരാതുള്ള സ്നേഹജനങ്ങളാൽ 
സ്വപ്നാവസ്ഥയിലും കൂടി ദുഃഖമൊരുവന്നേർപ്പെടും 

ഗൃഹത്തിൽ ബഹുമാനിച്ചും സദസ്സിൽ താഴ്മയാക്കിയും 
വർണ്ണിപ്പോരുടെ സാമീപ്യം പുർണ്ണമായും ത്യജിക്കണം 

83. ത്യാജ്യസ്നേഹം 

മനസ്സിൽ സ്നേഹമില്ലാതെ പുറമേയഭിനയിച്ചീടും 
സ്നേഹഭാവം തരം നോക്കി അള്ളുന്ന ചിതയായിടും 

സ്നേഹമില്ലാതിരുന്നിട്ടും സ്നേഹഭാവം നടിപ്പവൻ 
സ്ത്രീകളിൻ ഹൃദയം പോലെ വേർപ്പെട്ടു നിലകൊണ്ടിടും 

ഏറെപ്പഠിച്ചു പാണ്ഢിത്യമേറ്റാലും ദുഷ്ടരാവുകിൽ 
സംസ്കൃതാശയരായ് മാറാൻ സാദ്ധ്യമാകില്ലൊരിക്കലും 

മനസ്സിൽ ദുഷ്ടലാക്കോടെ പുഞ്ചിരിച്ചു സമീപിക്കും 
കപട സ്നേഹിതന്മാരെ ഭയപ്പെട്ടൊഴിവാക്കണം 

മനപ്പൊരുത്തമില്ലാതെ പഴകുന്ന ജനങ്ങളിൽ 
ചൊല്ലുകൾ പൂർണ്ണമായ് നമ്പിത്തുനിഞ്ഞീടരുതൊന്നിനും 

സ്നേഹം നടിച്ചു ശത്രുക്കൾ നന്മയായുപദേശങ്ങൾ 
നൽകുമ്പോലവയിൻ സത്യം സത്വരം വെളിവായിടും 

വാർത്തയാൽ ശത്രു കാണിക്കും വിനയം വിശ്വസിക്കൊലാ-
വില്ലേറെ വളയും തോറും ദ്രോഹശക്തി വളർന്നിടും 

വണങ്ങും കൂപ്പുകൈക്കുള്ളിലായുധം ശത്രുവേന്തിടും 
ശത്രു ചിന്തുന്ന കണ്ണീരുമാപൽ സൂചകമായിടും 

അകത്തുപകയും സ്നേഹം മുഖത്തുമായടുപ്പോരെ 
തദ്രൂപത്തിലിണങ്ങിക്കൊണ്ടകറ്റീടണമെപ്പോഴും 

ശത്രു സ്നേഹിതനാകുമ്പോൾ വെളിവിൽ മൈത്രികാട്ടുക 
മനം തട്ടാതെ ഭാവിക്കും സ്നേഹം ക്രമേണ നീക്കുക 

84. വിഡ്ഢിത്തം 

ഗുണദായകമാം കാര്യം വിട്ടു നാശകരങ്ങളെ 
കയ്യേൽക്കുന്ന മനോഭാവം വിഡ്ഢിത്തം തന്നെ നിശ്ചയം 

പെരുതായുള്ള വിഡ്ഢിത്തമേതാണെന്ന് നിനക്കുകിൽ 
തന്നാലാകാത്ത  കാര്യത്തിൽ താൽപ്പര്യം വെച്ചു നീങ്ങലാം 

ലജ്ജയും, സ്നേഹവും, നല്ല ജീവിതരീതിയിലാശയും,
തിന്മയിൽ ഭയവും ബുദ്ധിശൂന്യരിൽ കാണ്മതില്ലകേൾ 

പഠിച്ചുയർന്നു ലോകർക്കായുപദേശം കൊടുക്കവേ 
സ്വയമേൽക്കാത്തവൻ ഭൂവിൽ മൂഢരിൽ കേമനായിടും 

സപ്തജന്മങ്ങളിൽ ചെയ്യും തിന്മകൾ മൂഢനായവൻ 
ഏകാജന്മാത്തിലാർജ്ജിട്ടേൽക്കും നരകയാതന 

മൂഢനേൽക്കുന്ന കാര്യങ്ങൾ ഭംഗിയായ്ചെയ്തുതീർത്തിടാ;
ക്രിമിനൽ കുറ്റമായേക്കാം വിലങ്ങിന്നിടയായിടാം 

മൂഢൻ ധനികനായ്ത്തീർന്നാലന്യർ ഭോക്താക്കളായിടും 
സ്വജനങ്ങൾ ദാരിദ്ര്യത്തിൽ കരകേറാതാമർന്നിടും 

ഭ്രാന്തൻ തൻറെ ഭ്രമത്തോടെ മദ്യത്തിൻറെ മയക്കവും 
ചേർന്ന കൗതുകമാർന്നീടും മൂഢൻ സമ്പന്നാകുകിൽ 

മൂഢനോടുള്ള സൗഹൃദമേറെ മാധുര്യമാർന്നിടും;
വേർപെട്ടുപിരിയും നേരമാരും ദുഃഖമിയന്നിടാ 

ബുധജനസദസ്സിങ്കൽ ബുദ്ധിഹീനപ്രവേശനം 
മലിനപാദങ്ങൾ വെച്ചു മെത്തയിൽ കയറുന്നതാം 

85. അജ്ഞത 

ഉലകത്തിലില്ലായ്മകളേറെയുണ്ട റിവില്ലായ്മ 
കൊടിയതായ്ക്കാണും മറ്റില്ലായ്മകൾ ലഘുവായിടും 

അജ്ഞൻ പുർണ്ണമനസ്സോടെ ദാനമായൊന്നു നൽകുകിൽ 
സ്വീകർത്താവിൻറെ സൽക്കർമ്മ പുണ്യത്താൽ സംഭവിച്ചതാം

അജ്ഞാനത്താൽ സ്വയം ചെയ്യുമനർത്ഥങ്ങൾ നിരൂപിക്കിൽ 
ദ്രോഹം ചെയ്യുന്നശത്രുക്കൾ ചെയ്വതേക്കാൾ കടുപ്പമാം 

ഞാനെല്ലാമറിയുന്നോനെന്നൊരുവൻ കരുതീടുകിൽ 
ആപത്തിന്നിടയാക്കുമാമജ്ഞാനമവിവേകമാം 

അറിവില്ലാത്ത ഗ്രന്ഥങ്ങളറിയാമെന്ന് ഭാവിക്കിൽ 
അറിയുന്നവയിൽ കൂടി വിശ്വാസം നഷ്ടമായിടും 

സ്വന്തം കുറ്റങ്ങൾ ബോധിച്ച് സ്വയം ശുദ്ധീകരിക്കണം 
മറയ്ക്കുന്നതിനാൽ പോമോ അംഗവൈകല്യമാടയാൽ 

ഉപദേശങ്ങൾ കേട്ടാലുമാചരിക്കാതിരിക്കുകിൽ 
അജ്ഞാനത്താൽ തപിക്കുന്ന പാപിക്കുസമമായിടും 

വിജ്ഞർ വിചനമേൽക്കാനോ സ്വയമറിഞ്ഞു ചെയ്വാനോ 
പ്രാപ്തനല്ലാത്തവൻ ജീവകാലം ഭൂമിക്ക് ഭാരമാം 

അജ്ഞന്ന് വിദ്യയോതുന്ന വിജ്ഞൻ മാറിടുമജ്ഞനായ് 
അജ്ഞൻ തന്നന്ധകാരത്തിൽ വിജ്ഞഭാവം നടിച്ചിടും 

ഉണ്ടെന്ന് ലോകർ ചൊല്ലുന്നതില്ലെന്ന് പറയും ഭോഷൻ 
അലഞ്ഞുതിരിയാറുള്ള പ്രേതമായ് കരുതപ്പെടും 

86. ദാക്ഷിണ്യം 

ജീവജാലങ്ങളോടുള്ളിൽ ദയ തോന്നാതിരിക്കുകിൽ 
തദ്രോഗത്തിൻറെ പേർ മാറ്റമെന്നു ചൊല്ലുന്നു പണ്ഡിതർ 

മനുഷ്യത്തന്മയില്ലാതെയേറെത്തിന്മകൾ ചെയ്കിലും 
പകരം തിന്മ ചെയ്യാതെയടങ്ങൽ ശ്രേഷ്ഠമായിടും 

പകയാം ദുഷ്ടരോഗത്തെ മനസ്സിൽ നിന്നകറ്റിയാൽ 
അനശ്വര സമ്പത്താകും പ്രസിദ്ധിക്കിടയായിടും 

ദോഷങ്ങളിൽ പെരും ദോഷമാകും പകയൊഴിഞ്ഞിടിൽ 
ജിവിതത്തിൽ വിലപ്പോകുമിമ്പമേറെയടഞ്ഞിടാം 

പകയാലേർപ്പെടാറുള്ള ദുഷ്കർമ്മങ്ങളെതിർക്കുവാൻ 
തെയ്യാറുള്ളവരെ വെല്ലാൻ ശക്തരായവരാരഹോ?  

യത്നിച്ചു പകപോക്കുന്ന ജയത്തിൽ തുഷ്ടിയുള്ളവൻ 
പിഴയും നാശവും സ്വന്ത ജീവിതത്തിൽ ഭവിച്ചിടും 

പകപോക്കി ജയം കൊള്ളൽ മേന്മയെന്നറിയുന്നവർ 
ജീവിതവിജയം സാക്ഷാലെന്താണെന്നറിയാത്തവർ 

പകതോന്നാതിരുന്നാകിൽ ജീവിതം ശക്തമായിടും 
പകയിൻ ജയമാശിച്ചാൽ കേടുവന്നണയുന്നതാം 

ഐശ്വര്യമേർപ്പെടും കാലം പകതോന്നാതിരുന്നിടും 
ദാരിദ്ര്യം നേരിടും നാളിലുള്ളിൽ പക വളർന്നിടും 

പകയാൽ പല രൂപത്തിൽ ദുഃഖം വന്നു ഭവിച്ചിടും;
സ്നേഹഭാവത്തിനാൽ വന്നു ചേരുന്നു സർവ്വമംഗളം 

87. പക 

നമ്മളേക്കാളുയആർന്നോരിൽ പകവെക്കാതിരിക്കണം 
താഴ്ന്നോരിൽ പകതോന്നുന്നതാകിൽ വിടാതിരിക്കണം 

സ്നേഹമില്ലാത്തവൻ, സ്നേഹവൃന്ദം തണിയില്ലാത്തവൻ 
യോഗ്യനല്ലാത്തവൻ ശത്രുനാശം ചെയ്വതസാദ്ധ്യമാം 

ഭീരുവുമജ്ഞനും പരിഷ്ക്കാരശൂന്യനുമായവൻ 
ലോഭിയും കൂടിയാണെങ്കിൽ പകയർക്കെളുതായിടും 

കോപമാറാത്തവൻ, കാര്യം ഗോപ്യമായ് വെക്കാത്തവൻ 
എന്നുമെല്ലാർക്കുമെപ്പോഴുമേറ്റുമുട്ടാനെളുപ്പമാം 

ദുർമാർഗ്ഗത്തൊടു ദുഷ്ക്കർമ്മം പഴിയിൽ ഭയമെന്നിയേ 
കഴിയും ദുസ്വഭാവക്കാർ ശത്രുക്കൾക്കിമ്പമേകിടും 

കോപത്താലന്ധനാകുന്നോനടങ്ങാമോഹമുള്ളവൻ 
അവൻമേൽ തൻറെ ശത്രുക്കൾ സന്തോഷത്തോടെ നേരിടും 

ചേർന്നിണങ്ങിരമിപ്പോരിൽ പകയുണ്ടെന്ന് കാണുകിൽ 
അനർഘദാനമാർഗ്ഗേണ പരിഹരിക്കണം ദ്രുതം 

ഗുണം കെട്ടുള്ള ദുഷ്കർമ്മി മിത്രരില്ലാതെയേകനാം;
തദയവസ്ഥയവന്നുള്ള ശത്രുക്കൾക്കനുകൂലമാം 

പകയന്മാരജ്ഞാനത്താൽ ഭീതരാണെന്നു വന്നിടിൽ 
പ്രതിയോഗിമനക്കാമ്പിൽ സന്തോഷമുളവായ് വരും 

അജ്ഞനായുള്ള മാറ്റാനോടെതിർക്കാൻ കഴിയാത്തവൻ 
വിശ്രുതനായ് ഭവിക്കില്ല ജീവിതത്തിലൊരിക്കലും 

88. ശത്രുക്കൾ 

പകയെന്നുള്ളതോ പാർത്താൽ സംസ്കാരശൂന്യമാം ഗുണം 
കളിതമാശയായ് പോലുമാരോടും പകവെക്കൊലാ 

വില്ല് കലപ്പയായുള്ളോർ മേലേ പക നിനക്കിലും 
വാണി കലപ്പയായുള്ളോർ നേരേ പകഗുണം വരാ 

ഏകനായ് തുണയില്ലാതെ പലരിൽ പക വെക്കുകിൽ 
ഭ്രാന്തനാണെന്നതേക്കാളും മോശമായ് കരുതപ്പെടും 

പക തോന്നേണ്ട ഘട്ടത്തിൽ പകരം സ്നേഹവായ്പിനിൽ 
പെരുമാറും സ്വഭാവത്തിലുലകം കീഴ്പണിഞ്ഞിടും 

തുണയില്ലാ, താനൊറ്റയിലിരുശത്രുക്കളുണ്ടെങ്കിൽ 
ഒരുവനേ സ്നേഹത്താലേ കൂട്ടുന്നതനിവാര്യമാം 

വിപൽക്കാരത്തിലാരോടും സ്നേഹം കെട്ടാതിരിക്കണം 
ശത്രുവോ മിത്രമാകട്ടെ, നിസ്സംഗത വിശിഷ്ടമാം 

അന്യരേയറിവിക്കൊല്ലാ സ്വന്തം ദുരിതവാർത്തകൾ 
ഗതികെട്ടലയുന്നേരം ശത്രു കാണാതിരിക്കണം 

വമ്പനാണെന്ന നാട്യത്തിൽ കാര്യങ്ങൾ നിർവഹിക്കണം 
അതിനാൽ ശത്രുവിൻ വൈരം ശക്തി കെട്ടു മയങ്ങിടും 

ഇളംപ്രായത്തിലേ വെട്ടിക്കൊള്ളണം മുൾമരങ്ങളെ 
മൂത്താൽ വെട്ടും കരങ്ങൾക്ക് നിശ്ചയം മുരിവേറ്റിടും 

ശത്രുവിൻ ശക്തിയേമുറ്റും ഹനിക്കാതെയിരിപ്പവൻ 
ശ്വാസോച്ഛാസമിയന്നാലും ജീവനില്ലാത്ത പോലെയാം  

89. ഉൾപ്പക 

സുഖദം നിഴലും തണ്ണീർ ചിലകാൽ ദ്രോഹമേകിടും 
അത് പോലെ കുഡുംബക്കാർ ദ്രോഹകാരണമായിടാം 

വാളേന്തും ശത്രുവിൻ നേരേ ഭയമില്ലാതിരുന്നിടാം 
ഉള്ളിൽ പകയിരിപ്പുള്ള മിത്രമേറെ ഭയാനകം 

ഉള്ളിൽ പകയിരിപ്പോരെ കാത്തുകൊൾ; വീഴ്ച പറ്റിയാൽ 
കുശവൻ മൺകലം പോലേ അടിചെത്തിയടർന്നിടും 

മനസ്സിലമരാതുള്ള പകയോടെയിരിക്കുകിൽ 
സ്വന്തക്കാരകലാനുള്ള കുറ്റങ്ങൾ നേരിടുന്നതാം 

ഒരുത്തൻ സ്നേഹഭാവത്തിലുള്ളിൽ പകയൊതുക്കുകിൽ 
മൃതിവന്നുഭവിപ്പോളം പാപങ്ങൾക്കിടയാക്കിടും 

ഉറ്റവനോടൊരുത്തന്ന് പക തോന്നുന്നതാകുകിൽ 
അതിനാൽ മരണം ശീഘ്രമടയാനിടയായിടും 

ഗൃഹത്തിൽ പകയുണ്ടെങ്കിൽ മൂടിയുള്ളൊരളക്കുപോൽ 
ബാഹ്യം ശാന്തതയാർന്നാലുമന്തരംഗം വിവിഗ്നമാം 

പകയുൾക്കൊണ്ട ഗേഹത്തിൽ പഴകിയ പ്രതാപങ്ങൾ 
തേഞ്ഞുനിഷ്പ്രഭമായിടുമയസ്സിന്നരമേറ്റപോൽ 

എള്ളളവോളമായാലുമുള്ളിൽ പകയിരിക്കുകിൽ 
കുഡുംബത്തെ നശിപ്പിക്കാനതിന്ന് കഴിവായിടും 

മനപ്പൊരുത്തമില്ലാത്തോരൊന്നിച്ചുള്ളൊരു ജീവിതം 
വിഷം ചീറ്റുന്ന മൂർക്കനൊത്തൊരു കൂട്ടിൽ വസിപ്പതാം 


90. മഹാന്മാർ 

മുൻകടന്ന മഹാന്മാരെയികഴ്ത്താതെയിരിക്കുകിൽ 
ഭാവിയിൽ പഴിയേൽക്കാതെ കഴിക്കാനുള്ള കാവലാം 

വമ്പന്മാരാം മഹാന്മാരെ മതിക്കാതെയിരിക്കുകിൽ 
അവരാലെന്നുമേയേറെ തുമ്പത്തിന്നിടയായിടും 

നിനച്ച പോൽ നാശം ചെയ്യാൻ വല്ലിതമുടയോർകളെ 
നേരിട്ടെതിരിടുന്നവൻ കാലദോഷമിയന്നവൻ 

ശക്തരായ ജനത്തോടങ്ങെതിരായ് തിന്മചെയ്യുകിൽ 
യമനെത്തന്നിലേക്കായി ക്ഷനിക്കുന്നത് പോലെയാം 

വമ്പുറ്റ മന്നനോടേറ്റു കോപത്തിന്നിരയാകുകിൽ 
ഏത് ദിക്കിലൊളിച്ചാലും രക്ഷനേടലസാദ്ധ്യമാം 

അഗ്നിയാൽ വെന്തുപോയാലുമൊരുകാലുയിർ വാഴലാം 
പെരിയോർക്കെതിർ ചെയ്താകിലസാദ്ധ്യം ലോകജീവിതം 

ആത്മപ്രതാപമുള്ളോരിൻ കോപം വന്നു ഭവിക്കുകിൽ 
ധനമാനങ്ങളുണ്ടെന്നിരുന്നാലും ഫലമില്ലകേൾ 

മലപോൽ പെരുതാം ശക്തിയുടയോരെതിർ നിൽക്കുകിൽ 
അഴിയില്ലെന്നുറച്ചോരും കുടിയോടെ നശിച്ചിടും 

ദിവ്യശക്തിയെഴുന്നോരിൻ കോപത്തിന്നിരയാകുകിൽ 
ഭരിക്കും മന്നനായാലും കെട്ടടങ്ങി നശിച്ചിടും 

ശ്രേഷ്ഠമായ മനോവീര്യമുൾക്കൊണ്ടോരെപ്പിണക്കുകിൽ 
അനേകമേന്മയുള്ളോരും തൽക്കോപത്തിലമർന്നിടും 


No comments:

Post a Comment