Sunday 1 July 2007

അദ്ധ്യായം 61-70

രണ്ടാം ഭാഗം: ഭൗതികപ്രകരണം

61. ഉത്സാഹം 

മടിയാകും തമസ്സിൻറെ നുറുങ്ങുകൾ കേറിക്കേറി 
പരമ്പര സ്വഭാവത്തിൻ പ്രകാശം കെട്ടു മങ്ങിടും 

ജന്മം കൊണ്ട കുഡുംബത്തിൻ  ശ്രേയസ്സുന്നതമാക്കുവാൻ 
മടിയേ മടിയായ് കണ്ടു യത്നശീലം വരിക്കണം 

നാശഹേതുകമായുള്ള മടിയേന്തുന്ന പാമരൻ 
പിറന്ന കുഡുംബം തന്നേയവൻ മുന്നേ നശിച്ചു പോം 

മടിയാകുന്ന രോഗത്താലുത്സാഹം നഷ്ടമായവർ 
കുഡുംബശ്രുതിയും കെട്ടു കുറ്റം പേറേണ്ടതായ് വരും 

മടിയും വിസ്മൃതി നിദ്രാ വിളംബമിവനാലുമേ 
നാശത്തിലാപതിക്കുന്നോർ യാത്ര ചെയ്യുന്ന വഞ്ചിയാം 

നേതാവിന്നുള്ള സമ്പത്ത് താനേ വർദ്ധിപ്പതാകിലും 
മടിയാലാധനം നന്നായ് പ്രയോഗിപ്പതസാദ്ധ്യമാം 

മടിയാൽ വേല ചെയ്യാതെ ആലസ്യത്തിൽ കഴിപ്പവർ 
ഉപദേശങ്ങളേൽക്കാതെ നിശ്ചയം വഴികെട്ടിടും 

സൽകുലത്തിൽ പിറന്നാലും മടിവന്നാക്രമിക്കുകിൽ 
പകയുള്ള ജനങ്ങൾക്ക് ദാസനായ് ഭവിച്ചിടും 

മടിയാകുന്ന ദുർദോഷമൊഴിക്കാൻ കഴിവാകുകിൽ 
തന്നിലും കുഡുംബത്തിലുമുള്ള ദോഷങ്ങൾ നീക്കലാം 

അടിയാൽ ദേവനാർജ്ജിച്ച മൂന്നുലോകം മുഴുക്കെയും 
മടിയില്ലാത്ത രാജാവിന്നൊരു പക്ഷേയൊതുങ്ങിടും 

62. അദ്ധ്വാനം 

മഹത്വമാം സംരംഭമെന്നുറച്ചു വേല ചെയ്യണം 
അദ്ധ്വാനമളവിൻ തോതിൽ മഹത്വമത് നൽകിടും 

തൊഴിലിൽ താഴ്മ കണ്ടോരെ ലോകവും കയ്യൊഴിച്ചിടും 
ചെയ്യുന്ന തൊഴിലിൽ യത്നം ചെലുത്താൻ മടികാട്ടൊലാ 

പ്രയത്നിക്കുകയെന്നുള്ള ശ്രേഷ്ഠമാം ശീലമുള്ളവർ 
അന്യർക്ക് സേവനം ചെയ്യും തോഷമനുഭവിച്ചിടും 

അദ്ധ്വാനശീലമില്ലാത്തോൻ പരോപകാരിയായിടാ 
ഭീരു തന്നുടെ കയ്യാലേ  വാളേന്തിപ്പടവെട്ടുമോ?

ആത്മസൗഖ്യം ഗണിക്കാതെ യത്നത്തിൽ മുഴുകുന്നവൻ 
സ്വജനദുഃഖങ്ങൾ നീക്കി രക്ഷിക്കും സ്തൂപമായിടും 

പ്രയത്നശാലിയായെന്നാലൈശ്വര്യം പെരുതായിടും 
യത്നമില്ലാത്തവൻ ചുറ്റും ദാരിദ്ര്യം സ്ഥിരവാഴ്ചയാം 

ഉദാസീനൻറെ മടിയിൽ മൂതേവിമരുവീടവേ 
ഭാഗ്യലക്ഷ്മി രമിക്കുന്നുയത്നശീലൻ പുരോഭുവി 

നന്മയുൽപ്പാദനം ചെയ്യാനാവാഞ്ഞാൽ വീഴ്ചയായിടാ 
പഠിച്ചദ്ധ്വാനവും ചെയ്യാൻ മടിച്ചാൽ വീഴ്ച തന്നെയാം 

വിധിയാൽ ലക്ഷ്യമാം കാര്യം നേടാനായിക്കെങ്കിലും 
ദേഹാദ്ധ്വാനഫലത്താലേ മേന്മവർദ്ധിച്ചിടും ദൃഢം 

പരിശ്രമശ്രാന്തമായ് നിർവഹിക്കുകയെങ്കിലോ 
വിധിയിൻ തീർപ്പുതന്നേയും ഗതിമാറ്റി മറിച്ചിടാം 

63. സഹനം 

ആപത്തു നേരിടും നേരം മനശ്ചാഞ്ചല്യമാകൊലാ 
സ്മേരനായതിനെ നേരിട്ടകറ്റേണമതേ വഴി 

നീർച്ചാൽ പോലളവില്ലാതെ ദുഃഖങ്ങൾ വന്നു ചേരിലും 
വിജ്ഞാരായവരുള്ളത്താൽ ചിന്തിച്ചു നിലമാറ്റിടും 

ദുഃഖം വന്നു ഭവിക്കുമ്പോൾ മനം നീറാതിരിപ്പവർ 
ദുഃഖത്തിന്ന് കൊടുക്കുന്നു ദുഃഖിക്കാനൊരു കാരണം  

അദ്ധ്വാനശീലനായുള്ളോൻ കാളവണ്ടി വലിക്കുംപോൽ 
തടസ്സമെന്തേർപ്പെട്ടാലും തടുക്കാൻ കഴിവായിടും 

വഴിക്കുവഴി ദുഃഖ ങ്ങൾ താങ്ങിടും ധൈര്യശാലിയെ 
ബാധിച്ചീടുന്ന ദുഃഖങ്ങൾ സ്വയം ദുഃഖിച്ചു മാഞ്ഞിടും 

ഐശ്വര്യം വന്നുചേരുമ്പോളാഹ്ളാദമിയലാത്തവർ 
കാലദോഷം ഭവിക്കുമ്പോൾ ദുഃഖത്തിലാണ്ടു പോകുമോ?

ആപത്തെന്നത് ദേഹത്തിൻ പ്രകൃതിയെന്നറിയുന്ന 
വിജ്ഞർകൾ ദുഃഖമേൽക്കുമ്പോൾ മനശ്ശാന്തി വെടിഞ്ഞിടാ 

ദുഃഖം പ്രകൃതിജന്യമെന്നറിയും ബുദ്ധിശാലികൾ 
ദേഹത്തിന്നിമ്പമോരാതെ ദുഃഖത്തിൽ വേദനപ്പെടാ 

സമ്പത്തിൽ മനമൂന്നാതെ നിസ്സംഗനായിരിപ്പവൻ  
ആപത്തണഞ്ഞിടും നേരം തപിക്കാതെ കഴിഞ്ഞിടും 

ആപത്തുകളെല്ലാം തനിക്കിമ്പമായ് കാണ്മതാകുകിൽ 
പകയുള്ള ജനം പോലുമാഢ്യനായി ഗണിച്ചിടും 

64. മന്ത്രി 

ജോലിക്ക് വേണ്ട സാമഗ്രി, കാലം, വൈദഗ്ദ്ധ്യമാം ബലം 
നിർണ്ണയിച്ചു സ്വരുക്കൂട്ടാൻ പ്രാപ്തൻ മന്ത്രിക്ക് യോഗ്യനാം 

പ്രജാരക്ഷ, മനോദാർഢ്യം വിജ്ഞാനം നീതിനിഷ്ഠയും 
കർമ്മവ്യഗ്രതയോടഞ്ചും ചേർന്നാൽ മന്ത്രിക്ക് യോഗ്യനാം 

ദ്രോഹം ചെയ്തവരെത്തള്ളി, സ്വപക്ഷം ഭദ്രമാക്കിയും 
ഭ്രഷ്ടരെ വീണ്ടെടുക്കാനും വല്ലോൻ മന്ത്രിക്ക് യോഗ്യനാം 

ആരാഞ്ഞു കാര്യമറിവും പ്രയോപ്പത്തിൽ വരുത്തലും 
തീർപ്പുറപ്പായുരക്കലും മന്ത്രിതൻ രീതിയാവണം 

വിജ്ഞഭാഷണവും, ധർമ്മബോധവും, നാൾമുഴുക്കെയും 
വേലയിൽ തൃഷ്ണയും ചേർന്നാലുപദേശകനായിടും 

ബുദ്ധികൂർമ്മതയോടൊപ്പം വിജ്ഞാനശക്തിയുണ്ടെങ്കിൽ 
മറികടക്കാനാവാത്ത പരിതസ്ഥിതിയെന്തുവാൻ?

ചെയ്യും കാര്യങ്ങളെപ്പറ്റി വിജ്ഞാനാണെന്നിരിക്കിലും 
ലോകനീതിക്ക് യോജിക്കും രീതിയിൽ നിർവഹിക്കണം 

ഉപദേശം ശ്രവിക്കാതെ മൂഢനായി രമിച്ചിടും 
രാജനോടുപദേശങ്ങൾ മൊഴിയും നല്ല മന്ത്രിമാർ 

രാജദ്രോഹം മനസ്സുള്ളിൽ കരുതും മന്ത്രിപുംഗവൻ 
അനേകകോടി ശത്രുക്കൾ നേരിടുന്നത് പോലെയാം 

നിർമ്മാണ പരിപാടികൾ മുന്നേ ചിന്തിച്ചുവെങ്കിലും 
ക്രിയാവൈഭവമില്ലാത്തോർ ചെയ്താൽ വികലമായിടും 

65. വാചാലത 

വാഗ്സാമർത്ഥ്യഗുണം പാർത്താൽ ഏറെ ശ്രേഷ്ഠതമം ഗുണം 
അതിനു കിടയാവില്ല മറ്റു മേന്മകളൊന്നുമേ 

നന്മയും തിന്മയും ചൊല്ലാൽ സംഭവിക്കുക നിശ്ചയം 
ഏവനും ശ്രദ്ധവെക്കേണം സംസാരിക്കുന്ന വേളയിൽ 

യോജിച്ചവർക്കുറപ്പായും വിമതർക്കു രസിപ്പായും 
തോന്നുമാറുരിയാടുന്ന രീതിയാണ് സുഭാഷണം 

കേൾപ്പോരിൻ ത്രാണിയേ നോക്കി സംസാരം രൂപമാക്കണം 
വാര് നിയന്ത്രിതനെന്തിന്നാണന്യധർമ്മധനാദികൾ 

ഉദ്ദേശിക്കുന്ന കാര്യത്തെ വെല്ലാൻ സാദ്ധ്യതയില്ലെന്ന 
ദൃഢബോദ്ധ്യതയുണ്ടാകും വണ്ണം വാക്കുരിയാടണം 

കേൾക്കുന്നോർക്കു രുചിക്കുംമട്ടുരത്തു, മവർ ചൊൽവതും 
സശ്രദ്ധം കേട്ടറിഞ്ഞീടൽ യോഗ്യമാം നയമായിടും 

ശക്തമാം ഭാഷണം, ധീരഭാവം, സ്മരണ ശക്തിയും 
ചേർന്ന വാശിയെവെല്ലാനായാരാലും കഴിയാത്തതാം 

കാര്യങ്ങൾ ശരിയാം വണ്ണം നിരത്തി രുചിതോന്നുമാർ 
ഭാഷണം ചെയ്തിടിൽ ലോകമവർ ചൊല്ലിൽ വഴങ്ങിടും 

കുറ്റമറ്റവിധം സത്യം ബോദ്ധ്യമാക്കി വചിക്കുവാൻ 
പ്രാപ്തരല്ലാത്തവർ വീണായ് മുഴുകും ഭാഷണങ്ങളിൽ 

ഭാഷണത്രാണിയില്ലാത്ത പണ്ഢിതശ്രേഷ്ഠരൊക്കെയും 
സുഗന്ധധാരയില്ലാതെ വിലസീടുന്ന പൂക്കളാം 

66. കർമ്മശുദ്ധി 

തുണയാലൊരുവൻ നേടും പ്രതാപം സമുദായത്തിൽ 
കർമ്മശുദ്ധിയിനാലാശിക്കുന്നതെല്ലാം ലഭിച്ചിടും 

ലോകപ്രസിദ്ധിയോടൊപ്പം ധാർമ്മികഗുണമേന്മയും 
നേടിത്തരുന്നതല്ലാത്ത കർമ്മങ്ങളൊഴിവാക്കണം 

ജനമദ്ധ്യേ പ്രഭാവത്തിൽ ജീവിക്കാനാഗ്രഹിപ്പവൻ 
മേന്മക്ക് ഹാനിയേൽപ്പിക്കും വിനചെയ്യാതിരിക്കണം 

മാന്യരായുള്ളവർ തങ്ങൾക്കേർപ്പെട്ട ദുരിതങ്ങളെ 
നിർമാർജ്ജനം ചെയ്വാനായി ഹീനകൃത്യങ്ങൾ ചെയ്തിടാ 

പിമ്പേ ഖേദിക്കുമാറുള്ള തിന്മകളൊഴിവാക്കണം 
അഥവാ ചെയ്തു പോയെങ്കിലാവർത്തിക്കാതിരിക്കണം 

മാതാവിൻ പശിതാങ്ങാതെ ദുഃഖിക്കുന്നവനാകിലും 
ലോകം പഴിക്കും ദുർവൃത്തി ചെയ്യാതൊഴിഞ്ഞു മാറണം 

ഇഴിവാം പാപകർമ്മത്താൽ ലബ്ധദ്രവ്യം നിഷിദ്ധമാം 
ധർമ്മകർമ്മികൾ താങ്ങുന്ന ദാരിദ്ര്യം തന്നെ കാര്യമാം 

തീയ കർമ്മങ്ങൾ ചെയ്വോർക്ക് വിജയം കൈവരിക്കിലും 
പിന്നീടവകളെച്ചൊല്ലി നിശ്ചയം ദുഃഖമേർപ്പെടും 

നീചമാർഗ്ഗേണ സമ്പാദ്യം വേദനിപ്പിച്ചൊഴിഞ്ഞുപോം 
ശുദ്ധമായവ പോയാലും പിറകേ വന്നു ചേർന്നിടും 

ന്യായമല്ലാത്ത സമ്പാദ്യം സംരക്ഷിക്കാനൊരുമ്പെടൽ 
വേവാത്ത മൺകലത്തിൽ നീർ സൂക്ഷിക്കുന്നതു പോലെയാം

67. കാര്യക്ഷമത 

പണിപൂർത്തീകരിക്കാനായ് മുഖ്യമായ് വേണ്ട യോഗ്യത 
മനക്കരുത്താകും, മറ്റു ഗുണങ്ങൾ വേണ്ടതാകിലും 

ആവാത്തത് തുടങ്ങൊല്ല; വിഘ്നം കണ്ടു ഭയക്കൊലാ 
ദ്വിഗുണം വേണമെന്നല്ലോ പൂർവ്വ സൂരികൾ നിർണ്ണയം 

പണി പൂർത്തിക്ക് മുൻലോക ശ്രദ്ധ പറ്റാതെ നോക്കണം 
മദ്ധ്യേ ശ്രദ്ധ പതിഞ്ഞീടിൽ വിഘ്നം പലതുനേരിടാം 

എങ്ങിനെ ചെയ്തു തീർക്കുമെന്നാരാലും ചൊല്ലസാദ്ധ്യമാം 
ഏളുതല്ലധികം പേർക്കും ചൊന്നപോൽ പണിതീർക്കുവാൻ 

കർമ്മസാമർത്ഥ്യമൊന്നാലേ മേന്മലക്ഷ്യമിടുന്നവർ 
രാജശ്രദ്ധ പതിഞ്ഞീടാനുള്ളിലാശ വഹിച്ചിടും 

കർമ്മധീരതയുണ്ടായാലുദ്ദിഷ്ട വിഷയങ്ങളിൽ 
ഉദ്ദേശിച്ചത് പോൽത്തന്നെ കാര്യപ്രാപ്തിയെളുപ്പമാം 

ലളിതവേഷത്താലാരും ചെറുതെന്ന് നിനക്കൊലാ 
പെരുതാം രഥചക്രത്തിലച്ചാണി ലഘുവല്ലയോ?

മനോസ്ഥൈര്യത്തൊടും, ധൈര്യത്തൊടും വേലക്കൊരുങ്ങണം 
കാലവിളംഭം കൂടാതെ ശിഘ്രമായ് ചെയ്തു തീർക്കണം 

ഭാവി സംതൃപ്തി മോഹിച്ച് പ്രാരംഭവിഷമങ്ങളെ 
തൃണവൽ, ഗണ്യമാക്കാതെ ധൈര്യമായ് ചെയ്തു കൊള്ളണം 

തൊഴിൽ മഹത്വമോർക്കാതെ മരുവുന്ന ജനങ്ങളെ 
മറ്റുമേന്മയിരുന്നാലും ലോകം മാനിപ്പതില്ല കേൾ 

68. ആക്രമണം 

തീരുമാനം എടുക്കും മുൻ ഗാഢമായ് ചിന്ത ചെയ്യണം 
തീരുമാനം  നടപ്പാക്കാൻ വൈകിക്കുന്നത് ദോഷമാം 

ധൃതിയില്ലാത്ത കാര്യങ്ങൾ സാവകാശം നടത്തലാം 
അതിവേഗം നടത്തേണമടിയന്തിരമായവ 

മുന്നേറ്റത്തിന് കൈയ്യേറ്റമവശ്യമെങ്കിൽ ചെയ്യലാം 
സന്ദർഭോചിതമായ് മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കലാം 

കെട്ടടങ്ങാത്ത ശത്രുത്വമാക്രമണപൂർണ്ണവും;
അഗ്നിപുഞ്ജസമം രണ്ടും ഭാവിയിൽ നാശഹേതുവാം 

ശക്തിയും, ധനവും, കാലം, ലക്ഷ്യം നേടേണ്ട രീതിയും,
സ്ഥലത്തോടഞ്ചു കാര്യങ്ങൾ കണിശം നിർണ്ണയിക്കണം 

കാര്യത്തിൻ കഴിവും, വന്നു ചേരും പ്രതിബന്ധങ്ങളും,
അന്ത്യത്തിലുണ്ടാവും നേട്ടമെല്ലാം ചിന്തിച്ചു ചെയ്യണം 

തൽക്കർമ്മം മുമ്പേ ചെയ്തു ശീലമുള്ള ജനങ്ങളെ 
ബന്ധിച്ചനുഭവം പങ്കിട്ടറിയൽ ജയഹേതുവാം 

കർമ്മപരിചയത്താലേ മറ്റുകർമ്മങ്ങൾ ചെയ്യലാം 
ഗജത്തെപ്പിടികൂടാനായ് ഗജങ്ങളുപയുക്തമാം 

നന്മകൾ സ്വജനത്തിനായ് ചെയ്യും മുന്നാലെ മുഖ്യമായ് 
നയത്താൽ പകയുള്ളോരെ മിത്രമാക്കിയെടുക്കണം 

ബലഹീനൻ സ്വന്തം കക്ഷിക്കൂനം തട്ടാതിരിക്കുവാൻ
വല്ലവന്നടിമപ്പെട്ടു ശാന്തിനേടിയെടുക്കണം 

69. ദൂത് 

പദവിക്കൊത്ത സംസാരം സൗശീല്യം കുലകത്വവും 
സന്ദേശങ്ങൾ വഹിക്കുന്നോർക്കത്യന്താപേക്ഷിതം ഗുണം 

ബോദ്ധ്യം തോന്നുന്ന വാഗ്മിത്വം സ്നേഹവും ജ്ഞാനശക്തിയും 
ത്രിഗുണം ദൂത് കയ്യാളും വ്യക്തികൾക്കനുപേക്ഷ്യമാം 

സ്വരാജന്നന്യരാജങ്കൽ സന്ദേശങ്ങൾ വഹിപ്പവൻ 
വിജയം കൈവരിച്ചീടാൻ വിജ്ഞരിൽ വിജ്ഞനാവണം 

പോതുവിജ്ഞാനവും ബുദ്ധിശക്തിവ്യക്തിമഹത്വവും 
ഗുണം മൂന്നും തികഞ്ഞുള്ളോർ ദൂതനായ് തൊഴിൽ ചെയ്തിടാം 

കാര്യപ്രസക്തമാം  വണ്ണമനിഷ്ടധ്വനിയെന്നിയേ 
മധുരഭാഷണത്താലേ ദൂതൻ ലക്ഷ്യങ്ങൾ നേടണം 

വിജ്ഞനും വാഗ്മിയും സ്നേഹവാണിയും ദയശൂന്യനും 
സന്ദർഭം നോക്കിസ്വാധീനം ചെലുത്തും ദൂതുവാഹകൻ 

കാലം നോക്കി, യിടം നോക്കി ലക്ഷ്യബോധമുറപ്പാക്കി 
ബുദ്ധിപൂർവ്വം വചിക്കുന്നോൻ ശ്രേഷ്ഠനാം ദൂതനായിടും 

സത്സ്വഭാവം, ജനം മദ്ധ്യേ സ്വാധീനം, ധീരഭാവവും 
ഇവ മൂന്നും വചസ്സത്യം ചേർന്നവൻ ദൂതുവാഹകൻ 

രാജദൂത് വഹിക്കുന്നോൻ ധീരനും സത്യഭാഷിയും 
രാജാവിൻ മേന്മ വർദ്ധിക്കാൻ തൽപ്പരൻ കൂടിയാവണം 

ആത്മനാശം ഭയന്നാലും ധീരമായ് രാജവാർത്തകൾ 
സത്യമായുരിയാടുന്നോൻ ശ്രേഷ്ഠനാം ദൂതനായിടും 

70. കൊട്ടാരജീവിതം 

രാജനോടൊത്തു വാഴുന്നോർ കുളിരിൽ തീക്കായുന്നപോൽ 
അകലാതെയുമപ്പോലെ അണയാതെയിരിക്കണം 

രാജനാശിച്ച ദ്രവ്യത്തിലാശ വെക്കാതിരിക്കണം 
എങ്കിലോ രാജനിൽ നിന്നും ലഭ്യമാം ഗുണമേറിടും 

ആത്മരക്ഷകൊതിക്കുന്നോർ തെറ്റുപറ്റാതെ കാക്കണം 
രാജനിൽ സംശയം വന്നാൽ നീക്കം ചെയ്യാനസാദ്ധ്യമാം 

രാജസന്നിധിയിൽ വെച്ചു രഹസ്യമായ് ഭാഷിക്കലും 
അന്യവദനങ്ങൾ നോക്കി പുഞ്ചിരിക്കലുമാകൊലാ 

അജരഹസ്യങ്ങൾക്കായി ജിജ്ഞാസയൊഴിവാക്കണം,
രാജൻ താനേ വചിക്കുമ്പോൾ ശ്രദ്ധാപൂർവ്വം ശ്രവിക്കണം 

രാജന്നുള്ളം കണക്കാക്കിയനിഷ്ടമൊഴിവാക്കിയും 
പ്രീതി തോന്നുന്ന കാര്യങ്ങൾ നേരം നോക്കി കഥിക്കണം 

രാജൻ തൽപ്പരനായാലുമപ്രധാനങ്ങളായവ 
വിട്ടുഗൗരവമോലുന്ന വിഷയങ്ങൾ വചിക്കണം 

കുഡുംബബന്ധവും പ്രായക്കുറവും ഗണ്യമാക്കാതെ 
രാജത്വത്തിൻ മഹത്വം കണ്ടതുപോൽ പെരുമാറണം 

രാജൻറെ പ്രീതിയുണ്ടെന്ന് ധരിച്ചഹിതമായവ 
ഒരു നാളും പ്രവർത്തിക്കാൻ തുനിയാവിജ്ഞരായവർ 

രാജൻസ്നേഹിതനാണെന്ന ഭാവത്തിൽ ഗുണശൂന്യമാം 
കാര്യങ്ങൾ നിർവ്വഹിച്ചീടിൽ നാശത്തിന്നതു ഹേതുവാം 


No comments:

Post a Comment