Sunday, 1 July 2007

അദ്ധ്യായം 91-100

രണ്ടാം ഭാഗം: ഭൗതികപ്രകരണം

91. സ്ത്രീജിതത്വം 

പെൺചൊൽകേട്ടു നടക്കുന്നോർ ജിവിതത്തിലുയർന്നിടാ 
കടമനിർവഹിക്കാനായാഗ്രഹിപ്പോർക്ക് ദോഷമാം 

കർമ്മത്തിൽ ശ്രദ്ധയില്ലാതെ പത്നിക്ക് കീഴ് പണിഞ്ഞവൻ  
നാണക്കേടിലകപ്പെട്ടങ്ങപമാനിതനായിടും

ഭാര്യക്കടിമയാകുന്ന ദുർഗുണം ശീലമായവൻ 
പുരുഷത്വമിയന്നോരിൻ മദ്ധ്യേ ലജ്ജിതനായിടും 

കളത്രത്തേ ഭയപ്പെടും പരനന്മയില്ലാത്തവൻ 
ലൗകീകതൊഴിലൂക്കത്താലൗ ന്നത്യം സാദ്ധ്യമായിടാ 

സ്ത്രീജിതൻ തൻറെ നേട്ടത്താൽ സജ്ജനങ്ങൾക്ക് നന്മയായ് 
തോന്നുന്ന സുകൃതങ്ങളെ ചെയുവാൻ ശക്തനായിടാ 

പത്നിയിൻ ചുമലിൽ നോക്കി ഭയന്ന് ജീവിക്കുന്നവർ 
വീരരും ശൂരരായാലും പുരുഷത്വമില്ലാത്തവർ 

ഭാര്യാനിയോഗമെപ്പോഴും ശിരസാനിർവഹിച്ചിടും 
ദാസൻറെ പൗരുഷത്തേക്കാൾ പെണ്ണിൻറെ പെണ്മ വിശിഷ്ടമാം 

ഭാര്യാവിധേയനായുള്ളോൻ സ്നേഹമുള്ള ജനങ്ങൾക്ക് 
സേവനം ചെയ്തിടാ; സ്വന്തം കടപ്പാടും ത്യജിച്ചിടും 

പത്നിക്കനുസരിപ്പോരിൽ ധർമ്മവും ദ്രവ്യലാഭവും 
നന്മചെയ്യും മനോഭാവമൊന്നുമേ ദൃശ്യമായിടാ 

സ്വധർമ്മബോധവും വേണ്ടും ധനശേഷിയുമുള്ളവർ 
ഭാര്യാവാത്സല്യദോഷങ്ങൾ ബാധിക്കുന്നില്ലൊരിക്കലും 

92. കുലട 

ആളെ വിട്ടു ധനത്തിന്മേൽ കൺവെക്കും വേശ്യ തന്നുടെ 
മധുവാണിയൊരുത്തന്ന് ദുഃഖകാരണമായ് വരും 

കഴിവോളം ധനം പറ്റാൻ മധുരോക്തിയുരക്കുന്ന 
വിലാസിനികളായ് ബന്ധം തീരേ പരിത്യജിക്കണം 

ധനമോഹിക്കുലടയിനാശ്ലേഷമന്ധകാരത്തിൻറെ 
അജ്ഞാതമാം പിണത്തിൻറെ സ്പർശനത്തിന് തുല്യമാം 

സമ്പത്ത് ശ്രേഷ്ഠമായ് കാണും വേശ്യയിൻ ക്ഷണികസ്സുഖം 
പുണ്യമാം പൊരുൾ തേടുന്ന വിജ്ഞാനിയാഗ്രഹിച്ചിടാ 

പണം കൊടുപ്പോരോടൊത്തു ക്രീഡിക്കും വേശ്യയിൻ വിന 
വിവേകശീലരായുള്ള സജ്ജനങ്ങൾ വെറുത്തിടും 

കേളീമേളങ്ങളേവിറ്റു രമിക്കും വേശ്യതൻ ചുമൽ 
മാനസംരക്ഷണം ചെയ്യും നല്ലോർക്കീർഷ്യക്ക് ഹേതുവാം 

ധനമോഹം മനസ്സുള്ളിലിരിക്കും വ്യഭിചാരിയെ 
മനോസംയമനം സാദ്ധ്യമല്ലാത്തോർ ചെന്നണഞ്ഞിടും 

ബാഹ്യപ്രകടനത്താലേ വഞ്ചിക്കും വേശ്യതന്നുടെ 
ശക്തമാകർഷണം താങ്ങാൻ ചിന്താശൂന്യരശകതരാം 

സ്വഭാവശുദ്ധിയില്ലാത്ത വേശ്യതൻ മോഹനം ചുമൽ 
ബോധമില്ലാത്ത മൂഢന്മാർ പൂണ്ടുഴയ്ക്കും നരകമാം 

വഞ്ചിക്കും വേശ്യയും മദ്യപാനവും ചൂതുമാകിയ 
മൂന്നും ദാരിദ്ര്യദുഃഖത്തിൽപ്പെട്ടവർക്കിമ്പമേകിടും 

93. മദ്യവർജ്ജനം 

മദ്യപാനികളായോരേ ശത്രുപോലും ഭയപ്പെടാ 
തങ്ങൾക്കുള്ള പുകഴ്ച്ചക്കും ഭംഗമേർപ്പെട്ടിടും ദൃഢം 

എന്നുമേ മദ്യപിക്കൊല്ലാ; മാന്യരായ് കരുതപ്പെടാൻ 
മോഹമില്ലാത്തവർക്കെന്നും മദ്യപാനം നടത്തലാം 

മാതാവും മദ്യപാനത്തിലേറെ ദുഃഖിതയായിടും;
അപ്പോൾ മാന്യജനം മുന്നിലെന്തായിടുമതിൻ ഫലം?

മദ്യസേവനമാം ഹീന കൃത്യം ചെയ്തു നടന്നിടും 
നിന്ദ്യനെ ലജ്ജയാം നാരി നേരിടാതെ മറഞ്ഞിടും 

മദ്യം വിലകൊടുത്തുള്ളിലാക്കി ദേഹം മയക്കിയാൽ 
സ്വന്തം ചെയ്തികളേ തനിക്കോർക്കാൻ വയ്യാത്ത ദൈന്യമാം 

മൃത്യുവും നിദ്രയും ബോധമിന്മയാലേകരൂപമാം 
മദ്യവും വിഷവും രണ്ടാണെങ്കിലും ഫലമേകമാം 

രഹസ്യമായ് കുടിക്കുന്നോർ മയക്കം വെളിവാകവേ 
പൊതുദൃഷ്ടിയിലുൾപ്പെട്ടു പരിഹസിതരായിടും 

കുടിയില്ലാത്തവൻ ഞാനെന്നുരപ്പോരത് നിർത്തണം;
വെള്ളമുള്ളിൽ കടന്നുള്ളിലുള്ളതെല്ലാം പുറത്തിടും 

തത്വോപദേശങ്ങൾകൊണ്ടു മദ്യപന്ന് ഗുണം വരാ 
ആഴക്കയത്തിലാണ്ടോനെ ദീപമേന്തിത്തിരഞ്ഞപോൽ 

മദ്യലഹരിയിൽ കാട്ടിക്കൂട്ടും ഹീനതയൊക്കെയും 
ബോധവേളയിൽ പാനശീലർ ശ്രദ്ധിപ്പതില്ലയോ 

94. ചൂതാട്ടം 

വിജയം ബോദ്ധ്യമെന്നാലും ചൂതാട്ടമൊഴിവാക്കണം 
ചൂതിൽ ലഭിച്ച വസ്തുക്കൾ മീൻ വിഴുങ്ങിയ ചൂണ്ടയാം 

ഒരു നാൾ വിജയം കണ്ടും നൂറുനാൾ തറപറ്റിയും 
ചൂതാടീടുന്ന ദുർമോഹി മേൽഗതിക്കിരയാകുമോ?

ഉരുളും പകിട നൽകും പൊരുൾ കാട്ടിച്ചൂതാടുകിൽ 
നേടിവെച്ചുള്ള സമ്പാദ്യമന്യരിൽ ചെന്നു ചേർന്നിടും 

അഭിമാനം നശിപ്പിച്ച് ദുഃഖങ്ങൾ വിളയിക്കുന്ന 
ചൂതുപ്രേമം മനുഷ്യൻറെ ദാരിദ്ര്യത്തിന്ന് ഹേതുവാം 

ചൂതാട്ടശാലയായ് ബന്ധം നിലനിർത്തുന്നതാകുകിൽ 
എല്ലാം തികഞ്ഞവർപോലുമെല്ലാം കെട്ടു നശിച്ചിടും 

ചൂതിൻ ദേവത മൂദേവി വിഴുങ്ങാനിടയാകുകിൽ 
പശിയാറെ ഭുജിക്കാതെ കഷ്ടപ്പെട്ടു കഴിഞ്ഞിടും 

ഒരുവൻ കാലമെല്ലാം ചൂതാട്ടശാലയിലാവുകിൽ 
നഷ്ടമാം പൂർവ്വസമ്പത്തും പാരമ്പര്യ ഗുണങ്ങളും 

സ്വന്തം വിത്തം നശിക്കാനുമന്യൻറേതേറ്റെടുക്കാനും 
സ്നേഹമില്ലാതെ ദുഃഖത്തിൽ കഴിയാം ചൂതുകാരണം 

ധനമാടകളും ജ്ഞാനം പ്രസിദ്ധിയും സമൃദ്ധിയും 
ഇവയഞ്ചുമൊഴിഞ്ഞീടും ചൂതിൽ നിമഗ്നരാകുകിൽ 

ധനനഷ്ടം വരുംതോറും ചൂതിലാശ പെരുത്തിടും 
രോഗം മൂർച്ഛിക്കവേ ലോകവാഴ്വിലാശ മുഴുത്തിടും 

95. മരുന്ന് 

ഏറ്റക്കുറച്ചിലുണ്ടാകിൽ വാതപിത്തകഫങ്ങളിൽ 
രോഗം പ്രത്യക്ഷമാമെന്ന് ചൊല്ലീടുന്നു ഭിഷഗ്വരർ 

അന്നമുണ്ടത് നിശ്ശേഷം ദഹിച്ചുപശി തോന്നവേ 
മിതമായി ഭുജിച്ചീടിലൗഷധം വേണ്ടതായ് വരാ

ഉണ്ടതെല്ലാം ദഹിച്ചെന്ന് ബോദ്ധ്യമായാലശിക്കുക 
അളവിന്ന് ഭുജിച്ചെന്നാലായുർദൈർഘ്യം ലഭിച്ചിടും 

ദഹനമായതിൽ പിന്നേ പശിനന്നായെടുക്കവേ
പത്യമാം ഭക്ഷ്യവസ്തുക്കൾ മാത്രം നോക്കിയശിക്കണം 

ശരീരപ്രകൃതിക്കേറ്റ ഭോജ്യങ്ങൾ പരിധിക്കകം 
അശിച്ചാലുയിരേറെനാൾ ദേഹത്തിൽ നിലനിന്നിടും 

മിതഭോജിസുഖത്തോടെ ജീവകാലം കഴിക്കവേ 
അമിതാഹാരിയെപ്പോഴും രോഗിയായ് നിലകൊണ്ടിടും 

ജഠരാഗ്നി ഗണിക്കാതെയളവറ്റു ഭുജിക്കുകിൽ 
അളവില്ലാതെ രോഗങ്ങളേറിയേറി വളർന്നിടും 

രോഗവും കാരണത്തേയും കൃത്യമായ് നിർണ്ണയിച്ച പിൻ 
രോഗിയിൽ സ്ഥിതി നോക്കിക്കൊണ്ടൗഷധം ചെയ്യണം ക്രമാൽ 

രോഗിയിൻ പ്രായവും രോഗശക്തിയും കാലഭേദവും 
എല്ലാവശങ്ങളും നൽപോലറിഞ്ഞൗഷധമേകണം 

രോഗിയും വൈദ്യരും പിന്നെ മരുന്നും കൂടെ ഭൃത്യനും 
ഇവയെല്ലാം ചികിത്സാർത്ഥം ചതുരംഗങ്ങളായിടും

96. കുലം 

ചൊല്ലിലും ചേലിലും മദ്ധ്യ നിലയും, മാനഹാനിയിൽ 
ലജ്ജയും നൽകുഡുംബത്തിൽ പിറന്നവരിലുള്ളതാം 

സത്യത്തിൽ നിഷ്ഠയും, സത്സ്വഭാവവും, പാതകങ്ങളിൽ 
ഭയവും- മൂഗുണങ്ങളും സൽകുഡുംബസ്വഭാവമാം 

മുഖപ്രസാദവും, ദാനം കൂടേ മധുരഭാഷണം 
അന്യരേ പഴിചൊല്ലായ്ക- നാലും സൽക്കുല ലക്ഷണം 

ധനസമ്പാദനത്തിന്നായുതകും മാർഗ്ഗമാകിലും 
കുലത്തിൻ ശ്രേഷ്ഠതക്കൂനമേറ്റും തൊഴിലെടുത്തിടാ 

ദാനശീലം വളർന്നുള്ള ശ്രേഷ്ഠമാം കുഡുംബങ്ങളിൽ 
കാലദോഷത്തിനാൽ ശീലം വിട്ടുപോകില്ലൊരിക്കലും 

കുഡുംബത്തിൻ മഹത്വങ്ങൾ വളർത്താനാഗ്രഹിപ്പവർ 
കഷ്ടകാലത്തിലും തീയ കർമ്മം ചെയ്യാനൊരുമ്പെടാ 

കുലജാതർ ചെയ്യും കുറ്റമേറെ നിസ്സാരമാകിലും 
ചന്ദ്രൻറെ കലകൾ പോലെ ലോകശ്രദ്ധ പതിഞ്ഞിടും 

സൽക്കുലത്തിൽ പിറന്നോരിൽ ദുഷ്കർമ്മം സംഭവിക്കുകിൽ 
കുഡുംബശുദ്ധിയെപ്പറ്റി സന്ദേഹിപ്പാനിടം വരും 

മുളക്കും സസ്യജാലത്താലറിയാം ഭൂമിയിൻ ഗുണം 
ഭാഷണത്തിലറിഞ്ഞീടാം പിറവിക്കുല മേന്മയും 

നന്മമോഹിപ്പവൻ ലജ്ജാശീലമുള്ളവനാകണം 
കുലമേന്മ, നിനക്കുന്നോൻ നന്മയായ് പെരുമാറണം

97. അഭിമാനം 

ശ്രേഷ്ഠമാം കാര്യമായാലും അപരിഹാര്യമായാലും 
കുലമേന്മക്ക് ചേരാത്ത കർമ്മങ്ങളൊഴിവാക്കണം 

കീർത്തിയോടഭിമാനങ്ങൾ നേടും വഴിയിലാകിലും 
കുലത്തിന്നിഴിവേകുന്ന കാര്യം പരിത്യജിക്കണം 

സമ്പൽ സമൃദ്ധിയുള്ളപ്പോൾ വിനയാന്വിതനാവണം 
ക്ഷാമകാലം ഭവിച്ചെന്നാൽ മാന്യത നിലനിർത്തണം 

മാന്യരായുള്ളവർ സ്ഥാനം വിട്ടുതാഴെപ്പതിക്കുകിൽ 
തലയിൽ നിന്നുതിർന്നുള്ള രോമം പോൽ കരുതപ്പെടും 

പർവ്വതം പോലുയരത്തിൽ മഹത്വമുണ്ടെന്നാകിലും 
കുന്നിയോളം പിഴച്ചെന്നാൽ പതനം സംഭവിച്ചിടും 

മതിക്കാത്തവർ പിമ്പേ പോയാശ്രയിച്ചാൽ പുകഴ് വരാ;
പരത്തിൻ പുണ്യവും ലഭ്യമല്ലാ, ജീവിപ്പതെന്തിനായ്?

പെരും ഭാവനയുള്ളോരെയാശ്രയിക്കാൻ മടിക്കയാൽ 
മാനിനായ് സ്വതന്ത്രനായന്തരിക്കുന്നതുത്തമം 

മാനഹാനി സഹിച്ചും  കൊണ്ടുടലിൻ രക്ഷചെയ്യുകിൽ 
ഫലമറ്റ ശരീരത്താൽ മൃത്യു രക്ഷ ലഭിക്കുമോ?

രോമം പോയാല മരിക്കുന്ന ഗൗരിമാൻ പോലെയുള്ളവർ 
മാനഹാനി ഭവിക്കുമ്പോൾ മരണം പുൽകിടുന്നതാം 

അഭിമാന ക്ഷയത്തിങ്കൽ മരണം സ്വീകരിപ്പവർ 
കാണിക്കും പുരുഷത്വത്തെ ലോകമെന്നും പുകഴ്ത്തിടും 


98. മഹത്വം 

മനക്കരുത്തോടെ വാഴും ജീവിതം താൻ മഹത്വമാം 
ജീവിച്ചാൽ മതിയെന്നായാൽ മാന്യതക്കത് ചേർന്നിടാ 

സമത്വമുള്ളതായ്ക്കാണാം ജനനത്താലെല്ലാവരും 
മേന്മയും താഴ്മയും ചെയ്യും തൊഴിലാലേർപ്പെടുന്നതാം 

അധമാനുന്നതസ്ഥാനത്തിരുന്നാലുമുയർന്നിടാ;
ഉത്തമൻ കീഴിലായാലുമൗന്നത്യം കൈവെടിഞ്ഞിടാ 

പാതിവ്രത്യം മതിക്കുന്ന സ്ത്രീ രത്നം പോൽ മഹത്വവും 
മനം വെച്ചുനടന്നപ്പോരിൻ ഗുണമായ് നിലനിൽപ്പതാം 

മേന്മയേറും മഹൽക്കർമ്മം വേണ്ടപോൽ നിർവ്വഹിക്കുവാൻ 
കെൽപ്പുകാണിച്ചിടും ശക്തമനമുള്ള മഹത്തുകൾ 

ശ്രേഷ്ഠകർമ്മങ്ങളാൽ കീർത്തി വായ്ക്കും നേതൃജനങ്ങളെ 
പിൻ പറ്റാൻ ത്വരകാണിക്കാനെളിയോർക്ക് കഴിഞ്ഞിടാ 

മഹത്വഹേതുവാകുന്ന ഗുണങ്ങൾ കീഴ് ജനങ്ങളിൽ 
ഉണ്ടാകിലളവില്ലാതെയഹങ്കാരം വെളിപ്പെടും 

മഹാന്മാരേതുകാലത്തും വിനയം കൈവെടിഞ്ഞിടാ;
അധമൻ ഹേതുവില്ലാതെ ദുരഹന്തനടിച്ചിടും 

സ്വയമേ ചെറുതാക്കുന്ന സ്വഭാവം ശ്രഷ്ഠലക്ഷണം 
ഹീനരോ ന്യായമില്ലാതെ തന്നെത്താൻ വലുതാക്കിടും 

മാന്യന്മാരന്യരിൻ കുറ്റമങ്ങേയറ്റം മറച്ചിടും 
പരദോഷം പുലമ്പീടലപകർഷൻറെ രീതിയാം 

99. കുലീനത 

ഉത്തമഗുണ \സാന്നിദ്ധ്യം മാന്യമെന്നറിയുന്നോരിൽ 
പ്രക്രുതാ വന്നു ചേരുന്നു സത്സ്വഭാവവിശേഷത 

സജ്ജനം നന്മയായ് കാണും സത്സ്വഭാവഗുണങ്ങളെ;
ഊനമേൽക്കും സ്വഭാവത്തെ നന്മയായ് കാണുകില്ലവർ 

സ്നേഹം, ലജ്ജ, സഹായങ്ങൾ, ദാക്ഷിണ്യം, സത്യമെന്നിവ 
അഞ്ചാകുന്നു കുലീനത്വം താങ്ങിനിൽക്കുന്ന തൂണുകൾ 

തപമെന്നാൽ ജിവനാശം ചെയ്യാത്ത ധർമ്മരീതിയാം;
അന്യരിൻ കുറ്റമോതാതെ മൗനിപ്പതു കുലീനത 

ശക്തൻ വിനയരൂപേണ സാമർത്ഥ്യം വ്യക്തമാക്കിടും;
സജ്ജനം വിനയത്താലേ ശത്രുവേ മിത്രമാക്കിടും 

തന്നിലും താഴ്ന്നവർ മുന്നിൽ മാനമായ് തോൽവിയേൽക്കുകിൽ 
കുഡുംബമേന്മ മാപിക്കുമുരക്കല്ലായിടുന്നതാം 

തിന്മകൾ ചെയ്ത ദുഷ്ടർക്കും നന്മ ചെയ്യാതിരിക്കുകിൽ 
അഭിജാതത്തന്മയെക്കൊണ്ടെന്താകുന്നു പ്രയോജനം?

കുലീനവംശത്തിൽ ജന്മം കൊണ്ടെന്നഭിമാനിപ്പവൻ 
ദാരിദ്ര്യമേർപ്പെടുംകാലം ക്ഷീണമാനസനായിടാ 

ആഴിയും കരയും കാലമാറ്റത്താൽ മാറിടുന്നതാം;
അഭിജാതകുഡുംബത്തിൻ മഹത്വം സ്ഥിരമായിടും 

കുഡുംബത്തിൽ പിറന്നോരിൻ പെരുമക്കീഴ്ച പറ്റുകിൽ 
പെരുതാം ഭൂമിയും സ്വന്തം ഭാരം താങ്ങാനശക്തമാം 

100. സംസ്ക്കാരം 

ഔഡത്യദോഷമില്ലാതെ വിനയം സ്പഷ്ടമാകുകിൽ 
സംസ്ക്കാരസമ്പത്തുള്ളോനായ് ലോകരാൽ കരുതപ്പെടും 

ജനനം സൽകുലത്തിങ്കൽ, സ്നേഹമായുള്ള നീക്കവും 
രണ്ടും സംസ്ക്കാരപൂർണ്ണൻറെ ഗുണമായറിയപ്പെടും 

ശാരീരികയോജിപ്പിനാൽ ബന്ധം നിൽക്കാജനങ്ങളിൽ;
നിലനിൽക്കുന്നതാം ബന്ധം സംസ്ക്കാരത്തിൻറെ സാമ്യമാം 

നീതിയും നന്മയും കാത്ത് ജനങ്ങൾക്കുപകാരിയായ് 
വാഴും സംസ്കൃതരായോരെ ലോകമെന്നും പുകഴ്ത്തിടും 

കേളിയായുമികഴ്ത്തീടിൽ വേദനക്കിടയായിടും 
സംസ്കൃതൻ ശത്രുവായാലുമൊഴിക്കും പരനിന്ദകൾ 

ഉലകം നിലനിൽക്കുന്നു സജ്ജനങ്ങളിരിക്കയാൽ;
അവർകൾതന്നഭാവത്തിൽ ലൗകീകം മണ്ണടിഞ്ഞിടും 

സജ്ജനോചിതമായുള്ള ഗുണപുഷ്ടിയിരാതവർ 
അരംപോലറിവായാലും മരംപോൽ ഗണനീയരാം 

സഹവാസത്തിനാകാത്ത ദുർജജനങ്ങളോടാകിലും 
മാന്യമായ് പഴകീടാഞ്ഞാൽ സജ്ജനം വേദനിച്ചിടും 

സജ്ജനസഹവാസത്താലാനന്ദം തോന്നിടായ്കിലോ 
ഒളിയേറും പകൽ ലോകമിരുളേന്തുന്ന പോലെയാം 

ദുർജ്ജനത്തിൻ ധനം ലോകർക്കൊരുനാളും ഗുണം തരാ 
ഭാജനം ശുദ്ധമല്ലാഞ്ഞാൽ നല്ലപാൽ കെട്ടുപോയിടും 


No comments:

Post a Comment