രണ്ടാം ഭാഗം: ഭൗതികപ്രകരണം
71. ലക്ഷണം
ദൃഷ്ടിയും മുഖവും നോക്കി മനോഗതമറിഞ്ഞിടാൻ
പ്രാപ്തിയുടയവൻ ലോകമണിയും രത്നമായിടും .
ഉള്ളിലുള്ള വിചാരങ്ങൾ ലേശം സംശയമില്ലാതെ
ധൈര്യമായറിയുന്നോരെ ദൈവതുല്യം നിനച്ചിടും .
ലക്ഷണത്താലൽ മനസ്സുള്ളിലുള്ള ചിന്തയറിഞ്ഞിടും
വ്യക്തിക്കെന്തുകൊടുത്തിട്ടും തുണയായേറ്റുകൊള്ളണം .
ചിന്തകളുരിയാടാതെയറിയാൻ കഴിവുള്ളവൻ
ഒരുപോൽ രൂപമായാലും ജ്ഞാനത്താൽ ഭിന്നരായിടും .
ലക്ഷണം നോക്കിയന്യൻറെ ചിത്തമറിയവയ്യെങ്കിൽ
ശ്രേഷ്ഠമാമംഗമായുള്ള കണ്ണാലെന്തു പ്രയോജനം?
അടുത്ത വസ്തുക്കൾ പ്രതിബിംബിക്കുന്ന പളുങ്കുപോൽ
മുഖം മനോവികാരത്തിൻ ഭാവങ്ങൾ വ്യക്തമാക്കിടും .
ദുഃഖസന്തുഷ്ടഭാവങ്ങളുള്ളിൽ സം ജാതമാകവേ
വ്യക്തമാക്കും മുഖം പോലെ അറിവേന്തുന്നതെന്തഹോ ?
വദനം കണ്ടുകാര്യങ്ങൾ ഗ്രഹിപ്പാൻ ശക്തിയുള്ളവർ
അവരോടുരിയാടാതെ മൗനമായ് നോക്കി നിൽക്കലാം.
ദൃഷ്ടിനോക്കി മനം ചൊല്ലാൻ കഴിവുറ്റവർ വ്യക്തിയിൽ
ശത്രുമിത്രമനോഭാവം കണ്ണുനോക്കി ഗ്രഹിച്ചിടും.
സർവ്വജ്ഞാനികളാണെന്ന് സ്വയം ഭാവനയുള്ളവർ
തങ്ങൾമതിപ്പളക്കാനായ് കൺകളെ മതിയായിടും .
72. സഭാതലം
കൂട്ടത്തിൽ മനമാരാഞ്ഞു വാക്യങ്ങൾ ബുദ്ധിപൂർവ്വമായ്
തിരഞ്ഞുകാര്യമോതുന്നോൻ ഭാഷണത്തിൽ സമർത്ഥനാം.
വഴിക്ക് വഴികാര്യങ്ങൾ നല്ലവാചകഭം ഗിയിൽ
വ്യക്തമായുരചെയ്യുന്നു വാക്കിൽ സ്വാധീനമുള്ളവർ.
കയ്യാളും വിഷയം നന്നായറിയാതെ, ചിന്തിക്കാതെ
സഭയിൽ ഗതിയോരാതെ ഭാഷിക്കുന്നവരജ്ഞരാം .
വിജ്ഞരിൻ സഭയിൽ താനും വിജ്ഞനായ് നിലകൊള്ളണം
അജ്ഞരിൽ പാമരത്വം താൻ കുമ്മായം പോൽ നടിക്കണം.
പണ്ഡിതർ മദ്ധ്യേ മുമ്പായ് ഭാഷിക്കാതെയടങ്ങണം
നല്ല കാര്യങ്ങളിലേറെ നല്ലതാമുപദേശമാം .
വിജ്ഞരാം വ്യക്തികൾ മുന്നിൽ താഴ് മപേറുന്ന ദുർഗതി
ധർമ്മവീഥിയുപേക്ഷിച്ചു തിന്മയിൽ വിഹരിപ്പതാം.
പണ്ഡിതശ്രേഷ്ഠർ കൂടുന്ന സദസ്സിൽ പങ്കെടുക്കുകിൽ
പല ഗ്രന്ഥങ്ങളുൾക്കൊള്ളും വിജ്ഞാനം കൈവരിക്കലാം
വിജ്ഞന്മാരുടെ സംഘത്തിൽ വിദ്വാൻ ചെയ്യുന്ന ഭാഷണം
സ്വയം മുളക്കും തോട്ടത്തിൽ നീരോടുന്നതു പോലെയാം
സജ്ജനങ്ങൾക്ക് യോജിക്കും വിലയേറിയ വസ്തുത
അയോഗ്യരാം ജനം മുന്നിലോർമ്മ വിട്ടും കഥിക്കൊലാ.
വിജ്ഞർക്കരിയതാം വാർത്ത അജ്ഞർ മുന്നിലുരക്കുകില്
അഴുക്കിൽ ചിതറിപ്പോകുമമൃതിന്ന് സമാനമാം.
73. പ്രസംഗം
വാക്കിൽ സമർത്ഥരായുള്ളോർ സഭാമേന്മ കണക്കാക്കി
യോഗ്യർ മുന്നിലബദ്ധങ്ങളുരിയാടില്ലൊരിക്കലും .
വിജ്ഞൻതാനെന്ന് വിജ്ഞൻമാർ തോന്നുമാറ് കഥിപ്പവൻ
വിജ്ഞരിൽ വിജ്ഞനെന്നേറെ മഹത്വമായ് ചൊല്ലപ്പെടും.
ധൈര്യമായ് ശത്രുവേ നേരിട്ടായോധിപ്പവരേറെയാം
പണ്ഡിതസ്സഭയിൽ പേശാൻ പ്രാപ്തിയുള്ളവർ തുച്ഛമാം.
വിജ്ഞൻമാർ സഭയിൽ സ്വന്തം പാണ് ഡിത്യം തെളിയിച്ചപിൻ
അവരിൽ നിന്നുവിജ്ഞാനമാർജ്ജിക്കാനിടവന്നിടും .
അന്യരിൻ ഭാഷണം കേട്ടിട്ടുത്തരം നൽകുന്നതിൽ
ഉതകുന്ന പരിജ്ഞാനം സമ്പാദിക്കലവശ്യമാം.
ശൂരനല്ലാത്ത വ്യക്തിക്ക് വാളാലില്ല പ്രയോജനം;
വിജ്ഞരെ ഭയമുള്ളോർക്ക് ഗ്രന്ഥജ്ഞാനം ബലം തരാ.
സഭയെ നേരിടാൻ പേടിക്കുന്നോനാർജ്ജിച്ച വിദ്യകൾ
ഭീതനായ് മരുവും യോദ്ധാവേന്തും കൂർത്ത കൃപാണമാം.
വിദ്വൽസ്സദസ്സിൽ ഭാഷിക്കാൻ പ്രാപ് തനല്ലാത്ത പണ്ഡിതൻ
ഗ്രന്ഥമേറെപ്പഠിച്ചാലും ഫലമില്ലാതെപോയിടും .
നല്ല പണ്ഡിതനായിട്ടും വിദ്വാന്മാരെ ഭയന്നവൻ
അജ്ഞനാം വ്യക്തിയേക്കാളും തരം താഴ്ന്നവനായിടും.
സമ്പാദിച്ചുള്ള വിജ്ഞാനം വാക്കിൽ പ്രകടമാക്കുവാൻ
കഴിയാത്തോൻ ജീവിച്ചാലും മൃതനായ് താനെണ്ണപ്പെടും.
74. നാട്
സമർത്ഥരാം കൃഷിക്കാരും വിജ്ഞരാം സജ്ജനങ്ങളും
ഉദാരസമ്പന്നന്മാരും ചേരുമ്പോൾ നാടുനല്ലതാം.
എല്ലാവിധ വസ്തുക്കളും ഹിതംപോലെ യഥേഷ്ഠമായ്
കേടില്ലാതെ വിളഞ്ഞീടും നാടുതാൻ നല്ലതായിടും.
സമീപദേശത്തിൻ ഭാരം വന്നാലുമവയെത്താങ്ങി
രാജഭോഗം പിഴക്കാതെ നല്ലനാട് കൊടുത്തിടും .
കഠിനക്ഷാമവും, നീങ്ങാതെന്നും നിൽ ക്കുന്നരോഗവും
നാശമേറ്റുന്ന ശത്രുവും നാട്ടിലില്ലാതിരിക്കണം .
പലകൂട്ടങ്ങളും, നാട്ടിൽ ശല്യമാക്കുന്ന ശത്രുവും
കൊലചെയ്യും ദുഷ്ടന്മാരും നാട്ടിൽ കാണാതിരിക്കണം.
ശത്രുവാൽ കേടുപറ്റാതെ, ക്ഷീണമാം നാളിലും വളം
കുറയാതെ, നിലനിൽല്ക്കും നാടുസുന്ദരമായിടും .
ഉറവും മഴയും തക്ക മലയും നദിയും പുന
ശക്തമാം കോട്ടയും നാട്ടിലുണ്ടാവലനിവാര്യമാം .
പൊതുജനാരോഗ്യം, സമ്പൽ സമൃദ്ധി, കൃഷിവൃദ്ധിയും
ശാന്തിയും കാവലുമഞ്ചും നാട്ടിന്നഴകു നൽകിടും.
കഠിനാദ്ധ്വാനമില്ലാതെ വൃദ്ധിനൽകുന്ന നാടുകൾ
നാടാകും; കഠിനാദ്ധ്വാനം നാടിന്നശുഭമായിടും .
മേൽകുറിപ്പിട്ട ഭാഗ്യങ്ങളെല്ലാമുണ്ടായിരിക്കിലും
ഭരണം യോഗ്യമല്ലെങ്കിലവയാൽ നന്മ കൈവരാ.
75. കോട്ട
യുദ്ധത്തിലേർപ്പെടുന്നോർ ക്കും യുദ്ധം ചെയ്യാതെ ശാന്തമായ്
ആത്മരക്ഷനിനപ്പോർക്കും കോട്ടകളനിവാര്യമാം .
ജലമെന്നും നിറഞ്ഞുള്ള കിടങ്ങും പിൻമൈതാനവും
മലയും മാമരം തിങ്ങും കാടും ചേർ ന്നവകോട്ടയാം.
ഉയരം, വീതിയും, ശക്തിയുടക്കാനരുതായ് മയും
ചതുർഗ്ഗുണം തികഞ്ഞുള്ള മതിൽ കോട്ടക്ക് വേണ്ടതാം.
കാവൽ ല്‍ വേണ്ടുമിടം തുച്ഛമായും മറ്റിടമേറെയും
ശത്രുശക്തിക്ഷയിപ്പിക്കത്തക്കതാം കോട്ടയാവണം.
അജയ്യം; ഭക്ഷ്യധാന്യങ്ങൾ യഥേഷ്ടം ലഭ്യമാവണം
ഒളിഞ്ഞു നിന്നാക്രമിക്കാനായ് കോട്ടയാൽ തരമാകണം.
ആവശ്യമായ വസ്തുക്കളെല്ലാമുള്ളിൽ ലഭിക്കണം
ധീരയോദ്ധാക്കളുൾക്കൊണ്ടതാവണം നല്ല കോട്ടകൾ.
ഉപരോധത്താലും, രാജദ്രോഹിയുപജാപത്താലും
മറ്റുമാർഗ്ഗേണയും കോട്ട കീഴൊതുങ്ങാത്തതാവണം .
ഉപരോധത്തിനും, സേനാവിശ്വാസം നഷ് ടമാകാതെ
ഉപരോധകരെരോധം പെയ്‍വാൻ തക്കത് കോട്ടയാം.
ഉള്ളിൽ നിന്നാക്രമത്താലേ ശത്രുമുന്നണി സേനകൾ
തോല്ക്കുമാറ് കരുത്തുള്ള സേനയുള്ളത് കോട്ടയാം.
ശക്തിയും മേന്മയും മറ്റു മഹത്വമുള്ളതെങ്കിലും
പ്രയോഗയോഗ്യമല്ലെങ്കിൽ കോട്ടഫലമില്ലാത്തതാം .
76. ധനം
മതിപ്പില്ലാജനങ്ങൾ ക്കും മഹത്വം കൈവരുത്തുന്ന
വസ്തുക്കളല്ലാത്തവ ശ്രേഷ്ഠമാം പൊരുളായിടും.
നല്ലവൻ ധനമില്ലെങ്കിൽ നൂനം നിന്ദിതനായിടും
അധമന്‍ ധന്യനാണെങ്കിലെല്ലാർക്കും ബഹുമാന്യനാം.
ധനം കെടാവിളക്കാകുമുടമക്കേത് ദിക്കിലും
ശത്രുവാമന്ധകാരത്തെ നീക്കം ചെയ്യുന്നതായിടും .
സത്യമാർഗ്ഗത്തിലാർജ്ജിച്ച സമ്പത്തെല്ലാമൊരുത്തന്ന്
ധർമ്മമേന്മ വരുത്തീടുമിമ്പദായകമായിടും .
സ്നേഹവും ദയയും കൂടാതാർജ്ജിക്കും ധനമൊക്കെയും
തിന്മയാണെന്ന യാഥാർ ത്ഥ്യമറിഞ്ഞു കയ്യൊഴിക്കണം.
ഉടമക്കാരനില്ലാത്ത ധനവും ചുങ്കമായതും
ശത്രുമാർഗ്ഗേണയാർജ്ജിക്കും ധനവും രാജന്നുള്ളതാം.
സ്നേഹത്താൽ സ്വയമാർജ്ജിച്ച അനുഗ്രഹമാകും ശിശു
ധനമാകും പോറ്റമ്മയിൻ രക്ഷണത്തിൽ വളർന്നിടും.
സ്വന്തം സ്വത്തുപയോഗിച്ച് തൊഴിൽ ചെയ്യുന്നതാകുകിൽ
ആനപ്പോർ മലമേൽ നിന്നു നോക്കിക്കാണുന്ന പോലെയാം
ധനസമ്പാദനം വ്യക്തിക്കൊഴിയാധർമ്മമായിടും
ശത്രുവേ വെല്ലുവാൻ മൂർച്ചയേറും ഖഡ്ഗമതാണു താൻ.
ന്യായമാർഗ്ഗേണ സമ്പാദ്യം നേടിവെക്കുന്ന വ്യക്തിയിൽ
ധർമ്മകാമങ്ങളൊന്നിച്ചങ്ങെളുതായ് വന്നു ചേർന്നിടും.
77. സേന
അംഗപൂർണ്ണം, ഭയംകൂടാതടരാടി ജയിപ്പതാം
ധീരരാം ഭടരുൾക്കൊള്ളും സേനരാജന്നമൂല്യമാം .
പോരിൽ തോൽവിയടഞ്ഞാലും മരണഭീതിയില്ലാതെ
അടരാടും മനോധൈര്യം പൂർവ്വസേനക്ക് മാത്രമാം.
എലിക്കൂട്ടം സമുദ്രം പോലൊന്നിച്ചാരവമിട്ടാലും
നാഗം ചീറ്റിയടുക്കുമ്പോളെല്ലാം കെട്ടുനശിച്ചിടും.
അണിയിൽ തോൽവി പറ്റാതെ, ശത്രുവഞ്ചനയേൽ ക്കാതെ,
ശൗര്യത്തിൽ പഴകിപ്പോന്ന ധൈര്യമുള്ളത് സേനയാം.
യമൻ കോപിച്ചടുത്താലും ഭീരുവായ് പിന്നടിക്കാതെ
ഐക്യഭാവേന മുന്നേറും ശൗര്യമുള്ളത് സേനയാം.
ശാര്യവും മാനവും പാമ്പര്യജീവിത രീതിയും
രാജവിശ്വാസമീനാലും സേനക്കുള്ള ഗുണങ്ങളാം .
ശത്രുവന്നേറ്റുമുട്ടുമ്പോൾ വകുപ്പറിഞ്ഞു ശക്തമായ്
വിന്യസിച്ചടരാടാനായ് പ്രാപ്തിസേനക്ക് വേണ്ടതാം.
കയ്യേറ്റം താങ്ങുവാൻ കെൽപ്പും ശത്രുവിൻ നേരെ ശൗര്യവും
ഇല്ലേലും വിജയം കൊയ്യും സേനതന്നണിമേന്മയാൽ
അപകർഷതയും തീരാദാരിദ്യ്രവുമവജ്ഞയും
സേനാനികൾക്കില്ലായെങ്കിൽ യുദ്ധത്തിൽ വിജയിച്ചിടാം.
വീര്യവും ശൗര്യവും ചേർന്ന ധീരയോദ്ധാക്കളാകിലും
സേനാനായകനില്ലെങ്കിൽ മഹത്വം കെട്ടുപോയിടും
78. ശൗര്യം
എൻറെ നേതാവുമായ് നേരിട്ടടരാടാനൊരുങ്ങൊലാ
എതിരിട്ടുശിലാതുല്യം നിന്നുപോയവരെത്രയോ .
ഓടുന്ന മുയലിൻ നേരേ തെറ്റാതെയ് തിടുമമ്പിലും
ശ്രേഷ്ഠം മുമ്പിൽ ഗജം നേരെ തെറ്റിപ്പോയിടുമമ്പുതാൻ
ശത്രുവേ ദയ കാട്ടാതെ ജയിക്കുന്നത് ശൗര്യമാം
പകയൻ കെണിയിൽപ്പെട്ടാൽ രക്ഷ നൽകുക ശൗര്യമാം.
കൈക്കുന്തം വാരണം മേലേയെറിഞ്ഞു വേൽ തേടുന്നവൻ
മേനിയേറ്റ ശരം കണ്ടു തൃപ്തനായി ഭവിച്ചിടും.
ശത്രുവേയിമവെട്ടാതെ ശ്രദ്ധിക്കും വീരദൃഷ്ടികൾ
ശരപാതത്തിലടയൽ തോൽവിക്ക് സമമല്ലെയോ ?
യുദ്ധത്തിൽ മുറിവേൽക്കാത്ത നാളെല്ലാം വ്യർത്ഥമായതായ്
ദുഃഖത്തോടെ ഗണിച്ചിടും വീരയോദ്ധാക്കളൊക്കെയും .
ഉലകിൽ വാഴ്വതേക്കാളും പുകൾ തേടുന്ന വീരർകൾ
ഭംഗിയായ് കരുതീടുന്നു കാൽ കെട്ടാം വിജയക്കുറി.
ജീവനിൽ കൊതിയില്ലാതെ പോരാടും ധീരസൈനികർ
രാജൻ പിന്മാറിയെന്നാലുമാവേശത്താൽ തിമിർത്തിടും.
മൊഴിഞ്ഞശപഥം പോലേയുയിർവിട്ടടരാടിയ
ധീരരെപ്പഴിചൊല്ലാനായാരാലും കഴിവായിടാ .
രക്ഷകൻ നായകൻ ബാഷ്പമൂറുമാറ് മരിക്കുകിൽ
ശ്രേഷ്ഠമപ്പോൽ മരിക്കാനായ് ജീവൻ കടമെടുക്കണം
79. സ്നേഹം
സ്നേഹംപോൽ ചേർക്കുവാൻ യോഗ്യവസ് തുവേറില്ല നിശ്ചയം
ശത്രുദ്രോഹം തടുക്കാനും സ്നേഹം പോൽ കാവലില്ലകേൾ
അറിവുള്ളവരിൽ സ്നേഹം പിറപോലെ വളർന്നിടും
വിഡ്ഢിയിൽ സ്നേഹമോ പൂർണ്ണചന്ദ്രൻ പോൽ തേഞ്ഞുപോയിടും.
ഗ്രന്ഥം പഠിച്ചിടുംതോറും ബന്ധമേറിവരുന്ന പോൽ
സജ്ജനസഹവാസം നാൾ തോറുമേറെ രുചിപ്പതാം .
നർമ്മം ചൊല്ലി ഹസിക്കുന്നതല്ല സ് നേഹിതലക്ഷണം
നീതിയിൻ മുറതെറ്റുമ്പോൾ ശാസിച്ചു വഴിമാറ്റലാം.
സ്നേത്തിന്നൊഴിവാക്കീടാം സന്ധിച്ചുമൊത്തിരിക്കലും
ഏകരൂപമനോഭാവമവശ്യം വേണ്ടതായിടും .
പുഞ്ചിരിച്ചു മുഖം ശോഭിപ്പതിനാൽ സ്നേഹമായിടാ
ഉള്ളം കാഴ്ചയിലാമോദപൂർണ്ണമാകുകിൽ സ്നേഹമാം.
ദുർമാർഗ്ഗത്തെ നിരോധിച്ച് സന്മാർ ഗ്ഗത്തിൽ നയിക്കലും
ദുഃഖമേർപ്പെട്ടിടും നേരം പങ്കുചേരലും സ്നേഹമാം.
തുണിയഴിഞ്ഞു വീഴുന്പോള്‍ കൈകടന്നു പിടിച്ചിടും
ആപല്ക്കാലത്ത് പാഞ്ഞെത്തി സ്നേഹിതന് തുണ നല്കിടും.
ഉത്തമസ്നേഹിതർ തമ്മിലെപ്പോഴും വേർപെടാതെയും
സന്മാർഗ്ഗജീവിതത്തിങ്കൽ തണിയായും കഴിഞ്ഞിടും.
ഞാനിവർക്ക് സഖാവെന്നുമിവർ മിത്രമെനിക്കെന്നും
അന്യോന്യം പുകഴുന്നെങ്കിൽ മൈത്രിമഹത്വമാർ ന്നിടാ.
80. സ്നേഹാന്വേഷണം
യഥാർത്ഥസ്നേഹിതർതമ്മിൽ പിരിയുന്നതസാദ്ധ്യമാം
ആകയാൽ സ്നേഹിതന്മാരെ ബുദ്ധിപൂർവ്വം വരിക്കണം.
വേണ്ടചിന്തന ചെയ്യാതെ സ്നേഹഭാവം തൊടുത്തിടിൽ
ജീവനാശം വരാവുന്ന തുമ്പം വന്നു ഭവിച്ചിടാം.
ഗുണവും കുലവും കുറ്റഭാവങ്ങൾ ബന്ധുജാലവം
സ്നേഹബന്ധങ്ങളും നോക്കി വേണം മൈത്രി തുടങ്ങുവാൻ
കുലകൻ മിത്രനായിക്കൊണ്ടടുക്കാനാഗ്രഹിപ്പവൻ
ത്യാഗപൂർവ്വം പൊരുൾ നൽകിയാകർഷിക്കേണ്ടതായ് വരും.
വഴിതെറ്റി നടക്കുമ്പോൾ ശാസിച്ചു വഴിമാറ്റുവാൻ
പ്രാപ്തിയുള്ളവനെത്തേടിപ്പിടിച്ചു മിത്രമാക്കണം
ആപത്തൊരു നിലക്കോർത്താലൊരു സൗകര്യമുണ്ടതിൽ
ബന്ധുമിത്രാദികൾ സ്നേഹമളക്കും മാനദണ്ഡമാം.
അജ്ഞരായുള്ളവർ തമ്മിൽ സ്നേഹബന്ധം പുലർത്തുവാൻ
തുനിയാതെയൊഴിഞ്ഞെങ്കിലത്രയും ലാഭമായിടും.
മനോധൈര്യം കെടുത്തുന്ന കാര്യം ചിന്തിച്ചിടായ്ക നീ
ആപത്തിൽ തുണനൽകാത്ത മിത്രത്തേയൊഴിവാക്കുക.
കഷ്ടകാലത്ത് കൈവിട്ടു മാറിനിൽക്കുന്ന സ്നേഹിതൻ
മരണച്ചിന്തയേക്കാളും ദുരിതം നൽകിടുന്നതാം.
കുറ്റമറ്റവരായ് സ്നേഹം പുലർത്തീടണമെപ്പോഴും
ജോഡിയൊക്കാത്ത ചങ്ങാത്തം ത്യാഗം ചെയ്തും ത്യജിക്കണം.
======================================================================
No comments:
Post a Comment